49 പന്തില്‍ സെഞ്ച്വറി, കൊല്‍ക്കത്തക്ക് പൊരുതാനുള്ള സ്‌കോര്‍ സമ്മാനിച്ച് വെങ്കിടേഷ് അയ്യര്‍

മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ തകര്‍പ്പന്‍ ബാറ്റിംഗുമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം വെങ്കിടേഷ് അയ്യര്‍. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ നിറം മങ്ങിയ വെങ്കിടേഷ് 49 പന്തുകളില്‍ സെഞ്ച്വറി നേടി വന്‍ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. മത്സരത്തില്‍ 51 പന്തുകള്‍ നേരിട്ട അയ്യര്‍ 104 റണ്‍സ് ആണ് ആകെ നേടിയത്. ഐപിഎല്ലിലെ തന്റെ ആദ്യ സെഞ്ച്വറിയാണ് വെങ്കിടേഷ് അയ്യര്‍ സ്വന്തമാക്കിയത്. നിലവിലെ ഐപിഎല്‍ സീസണില്‍ രണ്ടാമത്തെ സെഞ്ച്വറിയാണ് അയ്യരുടെ പേരില്‍ കുറിക്കപ്പെട്ടത്. കഴിഞ്ഞദിവസം സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ താരം ഹാരി ബ്രുക്ക് ഐപിഎല്ലില്‍ സെഞ്ച്വറി നേടിയിരുന്നു.

മുംബൈ ബോളിംഗ് നിരയെ നിലംപരിശാക്കിയ വെങ്കിടേഷ് അയ്യര്‍ നാല് ഫോറുകളും 9 പടുകൂറ്റന്‍ സിക്‌സറുകളും നേടിയാണ് സെഞ്ച്വറി പ്രകടനം മികച്ചതാക്കി മാറ്റിയത്. മുന്‍നിര ബാറ്റ്‌സ്മാന്‍മാരെല്ലാം പരാജയപ്പെട്ട മത്സരത്തില്‍ കൊല്‍ക്കത്തയെ വലിയ ബാറ്റിംഗ് തകര്‍ച്ചയില്‍ കരകയറാനും വെങ്കിടേഷ് അയ്യര്‍ക്ക് സാധിച്ചു. ഒടുവില്‍ റൈലി മെറിഡിത്തായിരുന്നു വെങ്കിടേഷ് അയ്യരെ പുറത്താക്കിയത്. 203 ആയിരുന്നു വെങ്കിടേഷിന്റെ ഇന്നിംഗ്‌സിലെ സ്‌ട്രൈക്ക് റേറ്റ്.

ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത ആറ് വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സ് നേടി. മുംബൈക്കായി ഹൃത്വിക് ഷൊക്കീന്‍ രണ്ട് വിക്കറ്റും പിയൂഷ് ചൗള, റൈലി മെറിഡിത്ത്, കാമറൂണ്‍ ഗ്രീന്‍, ജന്‍സെന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. അര്‍ജുന്‍ തെണ്ടുല്‍ക്കറിന്റെ അരങ്ങേറ്റ മത്സരം കൂടിയായിരുന്നു ഇത്. രണ്ട് ഓവര്‍ എറിഞ്ഞ അര്‍ജുന്‍ 17 റണ്‍സാണ് വിട്ടുകൊടുത്തത്. ടോസ് നേടിയ മുംബൈ ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here