
ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖറിനെതിരായ കോടതിയലക്ഷ്യ ഹര്‍ജി സുപ്രീം കോടതി തള്ളി. കോടതി രജിസ്ട്രാറിന്റേതാണ് നടപടി. കേസെടുക്കുന്നതില്‍ നിന്നും ഉപരാഷ്ട്രപതിക്ക് സംരക്ഷണമുണ്ടെന്ന് വ്യക്തമാക്കിയാണ് രജിസ്ട്രാര്‍ ഹര്‍ജി തള്ളിയത്. സുപ്രീംകോടതി അഭിഭാഷകനായ സുഭാഷ് തീക്കാടനാണ് ഹര്‍ജി സമര്‍പ്പിച്ചത്.
ജുഡീഷ്യറിക്കെതിരായ പരാമര്‍ശത്തില്‍ നടപടി വേണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ രാഷ്ട്രപതിക്കടക്കം സമയപരിധി നിശ്ചയിച്ചതിന് പിന്നാലെയാണ് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍ സുപ്രീം കോടതിക്കെതിരെ വിമര്‍ശനം കടുപ്പിച്ച് രംഗത്തെത്തിയത്.
അതേസമയം, പരമാധികാരം പാര്‍ലമെന്റിനാണെന്ന ഉപരാഷ്ട്രപതിയുടെ വാദത്തെ ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ് തള്ളി. പരമാധികാരം ഭരണഘടനക്കാണെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. ബില്ലുകളില്‍ മേല്‍ ഗവര്‍ണര്‍മാര്‍ക്ക് സുപ്രീം കോടതി സമയപരിധി നിശ്ചയിച്ചതിന് പിന്നാലെയാണ് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍ പരമാധികാരം പാര്‍ലമെന്റിന് ആണെന്ന് വാദമുയര്‍ത്തിയത്. പരമാധികാരം ഭരണഘടനക്കാണെന്നും നീതിന്യായ വ്യവസ്ഥയോ ഭരണനിര്‍വഹണമോ പാര്‍ലമെന്റിനോ അല്ല അധികാരമെന്നും ഗവായ് ചൂണ്ടികാട്ടി. രാജ്യത്തെ മൂന്ന് ഘടകങ്ങളും ഭരണഘടന അനുസരിക്കണമെന്നും ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here