സ്‌കൂളിലെ പരിപാടിയില്‍ നിറഞ്ഞ് നിഹാല്‍; നൊമ്പരമായി വീഡിയോ

തെരുവ് നായയുടെ ആക്രമണത്തില്‍ മരിച്ച പതിനൊന്ന് വയസുകാരന്‍ നിഹാല്‍ നാടിന് നൊമ്പരമാകുകയാണ്. വീടിനും നാടിനും പഠിച്ച സ്‌കൂളിനും പ്രിയങ്കരനായിരുന്നു നിഹാല്‍. പ്രത്യേക വാത്സല്യത്തോടെയാണ് സമീപവാസികളും നിഹാലിനെ ചേര്‍ത്തുപിടിച്ചിരുന്നത്. നിഹാലിന്റേതായി പുറത്തുവന്ന ഒരു വീഡിയോ നോവ് പകരുന്നതാണ്. സ്‌കൂളിലെ പരിപാടികളില്‍ പങ്കെടുക്കുന്ന നിഹാലാണ് വീഡിയോയില്‍. ധര്‍മടം സ്വാമിക്കുന്ന് ജേസീസ് സ്‌പെഷല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിയായിരുന്നു നിഹാല്‍.

Also Read- കണ്ണൂരില്‍ വിദ്യാര്‍ത്ഥിയെ തെരുവുനായ കടിച്ചു കൊന്നു

ഇന്നലെയാണ് കണ്ണൂര്‍ മുഴുപ്പിലങ്ങാടില്‍ നിഹാലിനെ തെരുവ് നായ കടിച്ചുകൊന്നത്. മുഴപ്പിലങ്ങാട് കെട്ടിനകം പള്ളിക്കടുത്ത് ദാറുല്‍ റഹ്മാനില്‍ നൗഷാദിന്റെ മകനാണ് നിഹാല്‍. ഓട്ടിസം ബാധിച്ച് സംസാരശേഷിയില്ലാത്തതിനാല്‍ തെരുവുനായ് ആക്രമണത്തില്‍ കുട്ടിക്ക് നിലവിളിക്കാനുമായില്ല. ഞായറാഴ്ച വൈകീട്ട് അഞ്ചോടെ കുട്ടിയെ വീട്ടില്‍നിന്ന് കാണാതായിരുന്നു. വീട്ടുകാരും ബന്ധുക്കളും തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിച്ചു. ബന്ധുക്കളും നാട്ടുകാരും പൊലീസും നടത്തിയ തിരച്ചിലിനിടെയാണ് രാത്രി ഒമ്പതോടെ കുട്ടിയെ സമീപത്തെ ആളൊഴിഞ്ഞ വീട്ടുപറമ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Also Read- കണ്ണൂരില്‍ വിദ്യാര്‍ത്ഥിയെ തെരുവുനായ കടിച്ചുകൊന്ന സംഭവം വേദനാജനകം; തെരുവുനായ്ക്കള്‍ പെറ്റുപെരുകുന്നത് തടയുകയാണ് പോംവഴിയെന്ന് മന്ത്രി എം.ബി രാജേഷ്

കുട്ടിയുടെ മുഖവും വയറും നായ് കടിച്ചുകീറിയിരുന്നു. ആളൊഴിഞ്ഞ വീട്ടുപറമ്പില്‍നിന്ന് വൈകീട്ട് തെരുവുനായ്ക്കളുടെ ബഹളം ഏറെനേരം കേട്ടതായി തിരച്ചിലിനിടെ സമീപവാസികള്‍ പറഞ്ഞതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ ആളൊഴിഞ്ഞ പറമ്പ് പരിശോധിച്ചത്. വീടിനോട് ചേര്‍ന്ന തൊടിയില്‍ ചെടികള്‍ക്കിടയില്‍ ചോരയില്‍ കുളിച്ചായിരുന്നു മൃതദേഹം. എടക്കാട് പൊലീസ് സ്ഥലത്തെത്തി നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തലശ്ശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News