മകളെ ഫോണില്‍ ലഭിച്ചില്ല, അമ്മ രക്തത്തില്‍ കിടക്കുന്നുവെന്ന് ചെറുമകന്‍: അച്ഛന്‍ കണ്ടത് ചേതനയറ്റ ശരീരം

തിരുവനന്തപുരത്ത് വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്നും കൃത്യം നടത്തിയ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തതും ക‍ഴിഞ്ഞ ദിവസം വാര്‍ത്തയായിരുന്നു. കരുമം കിഴക്കേതില്‍ വീട്ടില്‍ വിദ്യ (30) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് കാരയ്ക്കാമണ്ഡപം മേലാംകോട് നടുവത്ത് പ്രശാന്ത് ഭവനില്‍ പ്രശാന്ത് ആണ് പിടിയിലായത്. ഇരുവരും താമസിച്ചിരുന്നത് മങ്കാട്ടുകടവിലെ വാടക വീട്ടിലായിരുന്നു.

മകളും മരുമകനും തമ്മിള്‍ ഇടയ്ക്കിടെ പ്രശ്നങ്ങള്‍ ഉണ്ടാകാറുണ്ടെന്ന് വിദ്യയുടെ അച്ഛന്‍ കരുമം അന്തിവിളക്ക് കിഴക്കതിൽവീട്ടിൽ ഗോപകുമാറിന് അറിയാമായിരുന്നു. സംഭവം ദിവസം ഗോപകുമാര്‍ വിദ്യയെ ഫോണില്‍ വിളിച്ചപ്പോള്‍ ലഭിച്ചില്ല. നിരന്തരം വിളിച്ചപ്പോ‍ഴും ലഭിക്കാതെ വന്നതോടെ പന്തികേട് തോന്നിയ ഗോപകുമാര്‍ മരുമകനെ വിളിച്ചപ്പോള്‍ കേട്ടത് വിദ്യയുടെ മൂത്തമകന്‍ ഒമ്പതുവയസുകാരന്‍ ദക്ഷകിന്‍റെ ശബ്ദം. അമ്മ എവിടെ എന്ന് ചോദിച്ച ഗോപകുമാറിനോട് ചെറുമകന്‍ പറഞ്ഞ മറുപടി അമ്മ രക്തത്തില്‍ കിടക്കുന്നു എന്നതായിരുന്നു.

ഉടനെ ഗോപകുമാർ വിദ്യ താമസിക്കുന്ന വീട്ടിലെത്തിയപ്പോൾ മരുമകന്‍ പ്രശാന്ത്, ബോധരഹിതയായിക്കിടക്കുന്ന വിദ്യക്കു സമീപം ഇരിക്കുന്നതാണ് കണ്ടത്. വിദ്യ കുളിമുറിയിൽ വീണതാണെന്നും പറഞ്ഞു. ഉടനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മകളെ ഗോപകുമാറിന് രക്ഷിക്കാനായില്ല.

ALSO READ: കെപിസിസി അധ്യക്ഷസ്ഥാനം ഒ‍ഴിയാന്‍ തയ്യാര്‍; കെ സുധാകരന്‍

പ്രശാന്ത് മകളെ നിരന്തരം ഉപദ്രവിക്കാറുണ്ടെന്ന് ഗോപകുമാര്‍ പറഞ്ഞു. പ്രശാന്ത് സ്ഥിരം മദ്യപാനിയും ലഹരിക്കടിമ ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിദ്യയും പ്രശാന്തുമായുള്ള വിവാഹം കഴിഞ്ഞിട്ട് പത്തുവർഷമായി. മുമ്പ് പൂജപ്പുര മുടവൻമുകളിൽ വീട് ഒറ്റിക്കെടുത്ത് താമസിച്ചിരുന്ന ഇവർ അടുത്തിടെയാണ് മങ്കാട്ടുകടവിൽ വീട് വാടകയ്ക്കെടുത്തത്. ആഴ്ചയിലൊരിക്കൽ വിദ്യയുടെ മൂത്തമകൻ ദക്ഷകിനെ ഗോപകുമാർ വീട്ടിൽ വിളിച്ചുകൊണ്ടുവരാറുണ്ട്. ഞായറാഴ്ച തിരികെ എത്തിക്കും.

കഴിഞ്ഞതവണ പോയപ്പോൾ വിദ്യയുടെ ഇളയ കുട്ടി ദീക്ഷയും അപ്പൂപ്പനോടൊപ്പം വീട്ടിലേക്കു വന്നു. ഇതിനിടയിൽ വിദ്യയുടെ അമ്മയ്ക്ക് പനിയായതിനാൽ ദീക്ഷയെ തിരികെ വീട്ടിലാക്കാൻ ഗോപകുമാർ വ്യാഴാഴ്ച രാത്രി വിദ്യയെ വിളിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.

വിദ്യയെ ഭര്‍ത്താവ് പ്രശാന്ത് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വ്യാഴാഴ്ച രാത്രി ഏഴരയോടെയായിരുന്നു സംഭവം.  കഴിഞ്ഞ ഒരു മാസമായി കുണ്ടമണ്‍കടവ് വട്ടവിള എന്ന സ്ഥലത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്ന ഇവര്‍ പരസ്പരമുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു.

കുളിമുറിയില്‍ തലയിടിച്ചു വീണാണ് വിദ്യ മരണപ്പെട്ടതെന്നാണ് ഭര്‍ത്താവ് പ്രശാന്ത് പൊലീസിനോട് പറഞ്ഞിരുന്നത്. റൂറല്‍ ജില്ലാ പൊലീസ് മേധാവി ഡി.ശില്‍പ ഐപിഎസ്, തിരുവനന്തപുരം റൂറല്‍ ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്.പി ശ്രീകാന്ത്, കാട്ടാക്കട ഡിവൈഎസ്പി ഷിബു എന്‍, എന്നിവര്‍ പ്രതിയെ വിശദമായി ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് സംഭവത്തിന്‍റെ ചുരുളഴിഞ്ഞത്. വിദ്യയുമായി ഉണ്ടായ വഴക്കിനെ തുടര്‍ന്ന് വയറ്റില്‍ ചവിട്ടിയതായും തലപിടിച്ച് ഇടിച്ചെന്നും പ്രതി പൊലീസിനോട് സമ്മതിച്ചു.

ALSO READ: കെ.സുധാകരന്‍റെ അറസ്റ്റ്; വി.ഡി സതീശന്‍റെ കാര്‍ തടഞ്ഞ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍, അമളി

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടന്ന പോസ്റ്റുമോര്‍ട്ടം പരിശോധനയില്‍ വയറിലും തലയ്ക്കുമേറ്റ മാരകമായ മുറിവുകളാണ് മരണകാരണമെന്ന് വ്യക്തമായിട്ടുണ്ട്. വിദ്യയുടെ സഹോദരൻ വിഷ്ണു മാലിയിൽനിന്നുമെത്തിയിട്ട് ശനിയാഴ്ച വിദ്യയുടെ സംസ്കാരം നടക്കും. തിരുവനന്തപുരം മലയിന്‍കീഴ് പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ഷിബു ടി.വി, സബ് ഇന്‍സ്പെക്ടര്‍ രാഹുല്‍ പി.ആര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. സംഭവസ്ഥലത്ത് ഫോറന്‍സിക് വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദ്ധരും ഹാജരായി തെളിവുകള്‍ ശേഖരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here