
‘ചതിയൻ, ഒറ്റുകാരൻ, രാജ്യദ്രോഹി, പിന്നിൽ നിന്ന് കുത്തുന്നവൻ’ – ഒരു പ്രധാനപ്പെട്ട ഉദ്യോഗസ്ഥനെതിരെ സംഘപരിവാർ നടത്തുന്ന അധിക്ഷേപ പ്രയോഗങ്ങളാണിത്. അതിന് ഇരയായ ആൾ മറ്റാരുമല്ല, നമ്മുടെ രാജ്യത്തിന്‍റെ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി. ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട വാർത്താസമ്മേളനങ്ങളിൽ സംസാരിക്കാൻ കേന്ദ്ര സർക്കാർ നിയോഗിച്ച ഉദ്യോഗസ്ഥൻ. ഇക്കഴിഞ്ഞ മെയ് 10ന് നടന്ന വാർത്താസമ്മേളനത്തില്‍ വിക്രം മിസ്രിയാണ് ഇന്ത്യ – പാക് വെടിനിർത്തൽ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇതിനു പിന്നാലെയാണ് അദ്ദേഹത്തിനെതിരായ സംഘപരിവാറിന്‍റെ സൈബര്‍ ആക്രമണം.
ഡയറക്ടർ ജനറൽ ഓഫ് മിലിറ്ററി ഓപ്പറേഷൻസ് എന്ന ചുമതലയിലുള്ള, ഇന്ത്യയുടെയും പാകിസ്ഥാന്റെയും മുതിർന്ന സൈനിക ഉദ്യോഗസ്ഥർ തമ്മിൽ നടന്ന ചർച്ചയ്ക്കൊടുവിലാണ് വെടിനിർത്തൽ തീരുമാനമായത്. വിക്രം മിസ്രി ചെയ്തതാവട്ടെ ഈ വിവരം വാർത്താസമ്മേളനത്തിലൂടെ ലോകത്തെ അറിയിച്ചു. ഇതേവിവരം പാകിസ്ഥാന്‍റെ വിദേശകാര്യ സെക്രട്ടറി ഇഷാഖ് ദറും എക്സ് കുറിപ്പിലൂടെ പ്രഖ്യാപിച്ചു.
എന്നാൽ, വിക്രം മിസ്രിക്കും കുടുംബത്തിനുമെതിരെ കടുത്ത സൈബറാക്രമണമാണ് സംഘപരിവാര്‍ അടക്കമുള്ള യുദ്ധക്കൊതിയന്മാർ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. സംഘപരിവാറിന്റെ സൈബറാക്രമണം രൂക്ഷമായതോടെ എക്‌സ് അക്കൗണ്ട് ലോക്ക് ചെയ്യേണ്ട ഗതികേടും ഈ മുതിർന്ന ഉദ്യോഗസ്ഥനുണ്ടായി.
പഹൽഗാമിൽ 26 പേരെ കൊലപ്പെടുത്തിയ സംഭവത്തിൽ, ജെയ്‌ഷെ മുഹമ്മദ്, ലഷ്‌കര്‍ ഇ ത്വയ്‌ബ എന്നിവയുടെ ഭീകരകേന്ദ്രങ്ങള്‍ തകര്‍ക്കുകയും തീവ്രവാദികളെ കൊലപ്പെടുത്തുകയും ചെയ്‌ത സൈനിക നടപടിയാണ് ഇന്ത്യൻ സൈന്യം സ്വീകരിച്ചത്. ഒരു യുദ്ധത്തിലേക്ക് കാര്യങ്ങൾ എത്തിക്കുക എന്ന നിലപാട് തുടക്കം തൊട്ടേ ഇന്ത്യൻ സൈന്യം സ്വീകരിച്ചില്ലെന്നത് വ്യക്തം. എന്നാൽ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ സമാധാനമല്ല, യുദ്ധമാണ് വേണ്ടതെന്ന നിലപാടാണ് സംഘപരിവാറുകാർക്ക്. യുദ്ധം സാധ്യമാക്കാത്തതിലുള്ള വിദ്വേഷം തീർക്കുന്നതോ കേന്ദ്ര സർക്കാറിന്‍റെ നിലപാട് പരസ്യമാക്കാന്‍ നിയോഗിച്ച ഒരു ഉദ്യോഗസ്ഥനുമേല്‍.
വിക്രം മിസ്രിയയുടെ മകളുടെ പൗരത്വം വരെ ചോദ്യം ചെയ്തു. അവരുടെ പേഴ്സണൽ മൊബൈൽ നമ്പർ, ഇൻസ്റ്റഗ്രാം, ലിങ്ക്ഡ്‌ഇന്‍ അക്കൗണ്ടുകള്‍ ഉൾപ്പെടെയുള്ള വ്യക്തിഗത വിവരങ്ങള്‍ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു. അഭിഭാഷകയെന്ന നിലയിൽ രോഹിന്‍ഗ്യക്കാര്‍ക്കു വേണ്ടിയുള്ള മിസ്രിയുടെ മകളുടെ നിയമപരമായ ഇടപെടലുകളും അവർ ചോദ്യം ചെയ്തു, ആയുധമാക്കി. പ്രമുഖ മാധ്യമപ്രവർത്തകൻ സിദ്ധാർത്ഥ് വരദരാജന്‍റെ ദ വയർ ഓൺലൈൻ പോർട്ടലിൽ ഒരു ലേഖനം എഴുതി എന്ന കാരണവും സംഘപരിവാറിന്റെ ആക്രമണത്തിന് കാരണങ്ങളിൽ ഒന്നായി.
പ്രധാനമന്ത്രിക്കും കേന്ദ്ര സർക്കാരിനുമെതിരെ തിരിഞ്ഞാൽ അഴിയെണ്ണേണ്ടിവരും എന്ന ഭയത്താലാവാം ഈ ഉദ്യോഗസ്ഥനെതിരെ സംഘപരിവാര്‍ തിരിഞ്ഞതെന്ന വിമര്‍ശനം ശക്തമാണ്. പഹല്‍ഗാമിനെ ചോരക്കളമാക്കിയ ഭീകരന്മാരെ കണ്ടെത്താനോ നിയമനടപടി സ്വീകരിക്കാനോ ഇതുവരെ കേന്ദ്രത്തിനു സാധിച്ചിട്ടില്ല. പുറമെ, അതിര്‍ത്തിയിലെ പാക് പ്രകോപനത്തില്‍ സലാമാബാദ്, പൂഞ്ച് അടക്കമുള്ള ഇടങ്ങളില്‍ നിരവധി സാധാരണക്കാര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. കൊല്ലപ്പെട്ടവരുടെ കണക്ക് എത്രയെന്ന് ഇതുവരെ കേന്ദ്രം പുറത്തുവിട്ടിട്ടില്ല. പാകിസ്ഥാനെതിരായ സൈനിക നടപടിക്കിടെ ഇന്ത്യയ്‌ക്ക് എന്തൊക്കെ നാശനഷ്‌ടങ്ങള്‍ ഉണ്ടായെന്ന ചോദ്യവും ഉയരുന്നു. ഇക്കാര്യങ്ങളിലെ ചോദ്യങ്ങളും വിമര്‍ശനങ്ങളും നിലവില്‍ കേന്ദ്രത്തിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഇതില്‍ നിന്ന് ശ്രദ്ധ തിരിക്കാനും കേന്ദ്രത്തിനെതിരെയുള്ള വിമർശനങ്ങളെ ചെറുക്കാനും വേണ്ടിയാണ് വിക്രം മിസ്രിയെ ആക്രമിക്കുന്നതിലൂടെ സംഘപരിവാര്‍ ലക്ഷ്യമിടുന്നതെന്ന വാദവും ശക്തമാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here