
കോഴിക്കോട് വിലങ്ങാട് പുനരധിവാസം, അവശിഷ്ടങ്ങള്‍ നീക്കൽ തുടങ്ങിയവക്ക് ആറ് കോടി രൂപ കൂടി അനുവദിച്ചതായി മന്ത്രി കെ രാജന്‍. പ്രദേശത്തെ അവശിഷ്ടങ്ങള്‍ മേയ് മാസത്തോടെ പൂര്‍ണമായി നീക്കുമെന്നും മന്ത്രി പറഞ്ഞു. വിലങ്ങാട് പുനരധിവാസം സംബന്ധിച്ച പുരോഗതി വിലയിരുത്താന്‍ കോഴിക്കോട് ചേര്‍ന്ന അവലോകന യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
ഉരുള്‍പൊട്ടല്‍ നാശം വിതച്ച വിലങ്ങാട് പ്രദേശത്തെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ അനുവദിച്ച 2.49 കോടി രൂപ ഉപയോഗിച്ച്
നടന്നുവരികയാണ്. ഈ തുക അപര്യാപ്തമാണെന്ന് കണ്ടെത്തുകയും ചെളിയും എക്കലും പാറക്കെട്ടുകളുമെല്ലാം നീക്കാന്‍ കൂടുതല്‍ തുക അനുവദിക്കുകയുമായിരുന്നു. മേയ് മാസത്തോടെ അവശിഷ്ടങ്ങള്‍ പൂര്‍ണമായി നീക്കുമെന്നും അതിനായി ആറ് കോടി രൂപ കൂടി അനുവദിച്ചതായും റവന്യൂ മന്ത്രി കെ രാജന്‍ അറിയിച്ചു.
ഉരുള്‍പ്പൊട്ടല്‍ നാശനഷ്ടമുണ്ടാക്കിയ നാല് വാര്‍ഡുകളിലെ റോഡുകളുടെയും പാലങ്ങളുടെയും പ്രവൃത്തി വേഗത്തിലാക്കുമെന്നും മന്ത്രി പറഞ്ഞു. വീട് പൂര്‍ണമായി നഷ്ടപ്പെട്ട 29 കുടുംബങ്ങള്‍ക്ക് 15 ലക്ഷം രൂപ വീതം നല്‍കി. ദുരന്തത്തിനിരയായ കുടുംബങ്ങളിലെ രണ്ട് പേര്‍ക്ക് വീതം ദിവസം 300 രൂപ വീതം ധനസഹായം നല്‍കുന്നത് ഒരു മാസം കൂടി ദീര്‍ഘിപ്പിക്കും. ദുരന്തബാധിതരുടെ വൈദ്യുതി ചാര്‍ജ് ഒഴിവാക്കും.
പൂര്‍ത്തീകരിക്കേണ്ട പ്രവൃത്തികള്‍ വിലയിരുത്താന്‍ ഈ മാസം തന്നെ ജില്ലാ കളക്ടര്‍, സ്ഥലം എം എല്‍ എ എന്നിവരുടെ നേതൃത്വത്തില്‍ പ്രദേശം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെയും ജില്ലയിലെ മന്ത്രിമാരുടേയും സാന്നിധ്യത്തില്‍ ഉന്നതതല യോഗം ചേര്‍ന്ന് തുടര്‍പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുമെനും മന്ത്രി അറിയിച്ചു. വിലങ്ങാട് പുനരധിവാസ പുരോഗതി വിലയിരുത്താന്‍ കോഴിക്കോട് കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ഇ കെ വിജയന്‍ എം എല്‍ എ, ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


