
മലയാള സിനിമയിലെ ഗാനരചയിതാക്കളുടെ കൂട്ടത്തിൽ ചുരുങ്ങിയ കാലംകൊണ്ട് തന്റേതായ ഇടം കണ്ടെത്തിയയാളാണ് വിനായക് ശശികുമാർ. സംഗീതാസ്വാദകർ ഏറ്റെടുത്ത പല ഹിറ്റ് ഗാനങ്ങൾക്കും തൂലിക ചലിപ്പിച്ചത് വിനായക് ശശികുമാറാണ്. ഇപ്പോഴിതാ തന്നെ ഒരുപോലെ ത്രില്ലടിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്ത മോഹൻലാൽ സിനിമയെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് അദ്ദേഹം.
ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സിനിമ കണ്ട് ഞെട്ടിയതിന്റെ അനുഭവം വിനായക് പങ്കുവെച്ചത്. മോഹൻലാൽ – ജീത്തു ജോസഫ് കൂട്ടുകെട്ടിന്റെ ദൃശ്യം ആണ് ഈ സിനിമ. മലയാളത്തിൽ ആദ്യം പുറത്തിറങ്ങി പിന്നീട് നിരവധി ഭാഷകളിലേക്ക് റീമേക്ക് ചെയ്ത ദൃശ്യം മോഹൻലാലിന്റെ ബെഞ്ച് മാർക്ക് സിനിമകളിൽ ഒന്നാണ്. റെക്കോർഡുകൾ തിരുത്തിക്കുറിച്ച ഈ സിനിമ തന്ന അനുഭവം പിന്നീട് മറ്റൊരു ചിത്രത്തിനും നൽകാനായില്ലെന്ന് വിനായക് പറയുന്നു.
ALSO READ: ‘ആ സിനിമയുടെ പരാജയം വേദനിപ്പിച്ചു’; മലയാളത്തിൽ സിനിമ ചെയ്യാത്തതിന്റെ കാരണംപറഞ്ഞ് സംവിധായകൻ
തനിക്ക് ത്രില്ലർ സിനിമകൾ കണ്ട് ത്രില്ലടിക്കാനും മോഷണൽ സിനിമകൾ കണ്ട് കരയാനും ഇഷ്ടമാണെന്ന് പറഞ്ഞ വിനായക് ശശികുമാർ ഇത് രണ്ടും കൂടെ ഒരുമിച്ച് സംഭവിച്ച ഒറ്റ സിനിമയെ താൻ കണ്ടിട്ടുള്ളൂ എന്നും അത് ദൃശ്യം ആണെന്നും പറഞ്ഞു. ‘ആ സിനിമയുടെ അവസാനത്തെ മോഹൻലാലിന്റെ മോണോലോഗ് കണ്ട് തിയേറ്ററിൽ ഞാൻ കരഞ്ഞു. ഒരേ പോലെ ത്രില്ലടിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്ത സിനിമ പിന്നീട് വേറെ ഉണ്ടായിട്ടില്ല’, വിനായകിന്റെ വാക്കുകൾ ഇങ്ങനെ.
അതേസമയം ദൃശ്യം ടീം മൂന്നാമതും പ്രേക്ഷകരെ ഞെട്ടിക്കാൻ എത്തുകയാണ്. അടുത്ത മാസം ദൃശ്യം 3 തിയേറ്ററുകളിൽ എത്തും. നാല് വർഷത്തിന് ശേഷം ജോർജ്കുട്ടി എന്ന കഥാപാത്രത്തിന് ഉണ്ടാകുന്ന മാറ്റങ്ങളാണ് പുതിയ ചിത്രം പറയുന്നത്. ആദ്യ രണ്ട് ഭാഗങ്ങളെപ്പോലെ ഒരു ഹെവി ഇന്റലിജെന്റ് സിനിമയായിരിക്കില്ല ദൃശ്യം 3 എന്ന് സംവിധായകൻ ജീത്തു ജോസഫ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഏതായാലും മോഹൻലാൽ – ജീത്തു ജോസഫ് കൂട്ടുകെട്ട് ഒരിക്കൽക്കൂടി തിയേറ്ററുകളെ ഇളക്കിമറിക്കും എന്നുതന്നെയാണ് ആരാധകരുടെ പ്രതീക്ഷ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

