ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്കടക്കം അധികാരത്തിലിരിക്കുന്നവര്‍ക്കെതിരെ എഴുന്നേറ്റു നില്‍ക്കാനുള്ള ധൈര്യമില്ല, വിനേഷ് ഫോഗട്ട്

ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ സിംഗിനെതിരെ വനിതാ ഗുസ്തി താരങ്ങള്‍ നടത്തുന്ന പ്രതിഷേധം കണ്ടില്ലെന്ന് നടിക്കുന്ന രാജ്യത്തെ അറിയപ്പെടുന്ന ക്രിക്കറ്റ് താരങ്ങളുടെയും കായിക പ്രമുഖരുടെയും മൗനത്തെ ചോദ്യം ചെയ്ത് ഗുസ്തി താരം വിനേഷ് ഫോഗട്ട്. അമേരിക്കയില്‍ ‘ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍’ മൂവ്‌മെന്റ് സമയത്ത് ലോകമെമ്പാടുമുള്ള കായിക താരങ്ങള്‍ വംശീയതക്കും വിവേചനത്തിനുമെതിരെ ഒറ്റക്കെട്ടായി രംഗത്തുവരുന്നത് നാം കണ്ടു. നമ്മുടെ രാജ്യത്ത് അത്രയേറെ ലോകപ്രസിദ്ധരായ അത്‌ലറ്റുകളൊന്നുമില്ലല്ലോ. ഉള്ളത് ക്രിക്കറ്റര്‍മാരാണ്. ‘ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍’ നടന്നപ്പോള്‍ അവര്‍ പിന്തുണയറിയിച്ചിരുന്നു. അത്രയൊന്നും നമ്മള്‍ അര്‍ഹിക്കുന്നില്ലേ എന്നാണ് വിനേഷ് ഫോഗട്ടിന്റെ ചോദ്യം.ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് വിമര്‍ശനം. അധികാരത്തിലിരിക്കുന്നവര്‍ക്കെതിരെ എഴുന്നേറ്റു നില്‍ക്കാനുള്ള ധൈര്യം അവര്‍ക്കില്ല എന്നത് തന്നെ വേദനിപ്പിക്കുന്നുവെന്നും ഫോഗട്ട് പറഞ്ഞു.

രാജ്യം മുഴുവന്‍ ക്രിക്കറ്റിനെ ആരാധിക്കുന്നവരാണ്. എന്നാല്‍, ഒരു ക്രിക്കറ്റ് താരം പോലും തുറന്നു പറയാന്‍ ധൈര്യമുള്ളവരല്ല. ക്രിക്കറ്റ് താരങ്ങള്‍ തങ്ങളുടെ പക്ഷം ചേര്‍ന്ന് സംസാരിക്കണമെന്നല്ല പറയുന്നത്. ചുരുങ്ങിയപക്ഷം ആരെയും ‘വേദനിപ്പിക്കാ’തെ, നീതിക്ക് വേണ്ടിയെന്ന രീതിയില്‍ നിഷ്പക്ഷമായൊരു സന്ദേശമെങ്കിലും നല്‍കിക്കൂടേ? അതുപോലും ഇല്ലെന്നതാണ് തന്നെ സങ്കടപ്പെടുത്തുന്നത്. ക്രിക്കറ്റര്‍മാരായാലും ബാഡ്മിന്റണ്‍ കളിക്കാരായാലും അത്‌ലറ്റിക്‌സ്, ബോക്‌സിംഗ് രംഗത്തുള്ളവരൊക്കെയാണെങ്കിലും ഇതുതന്നെയാണ് അവസ്ഥയെന്നും നല്‍കിയ അഭിമുഖത്തില്‍ വിനേഷ് ഫോഗട്ട് പറഞ്ഞു.

ഗുസ്തി താരങ്ങള്‍ എന്തെങ്കിലും മത്സരം ജയിക്കുമ്പോള്‍ അഭിനന്ദിക്കാന്‍ എല്ലാവരും മുന്നോട്ടുവരും. ക്രിക്കറ്റര്‍മാര്‍ വരെ അപ്പോള്‍ ട്വീറ്റുകളുമായെത്തും. ഇപ്പോള്‍ എന്തുപറ്റി? നിങ്ങള്‍ വ്യവസ്ഥിതിയെ പേടിക്കുന്നവരാണോ?’ അടുത്ത തലമുറക്കുവേണ്ടിയെങ്കിലും ഈ വ്യവസ്ഥിതിയെ മാറ്റിയെടുക്കണം. രാജ്യത്തെ മുന്‍നിര അത്‌ലറ്റുകളാണ് അതിന് മുന്നിട്ടിറങ്ങേണ്ടത്. എല്ലാ അത്‌ലറ്റുകളും പ്രതിഷേധവുമായി രംഗത്ത് വന്നാല്‍ എല്ലാ വ്യവസ്ഥിതിയും നിലംപൊത്തും. അപ്പോള്‍ അത്തരം വ്യവസ്ഥിതിക്കാര്‍ക്ക് സമാധാനപരമായി ഉറങ്ങാന്‍ കഴിയാത്ത നാളുകളായിരിക്കും ഉണ്ടായിരിക്കുക എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

വനിതാ ഗുസ്തി താരങ്ങള്‍ നേരിടുന്ന ദുരവസ്ഥക്കെതിരെ കായിക രംഗത്തെ പ്രമുഖര്‍ തുറന്ന അഭിപ്രായപ്രകടനം നടത്തണമെന്നാവശ്യപ്പെട്ട് താനും ബജ്‌റംഗ് പൂനിയയും കത്തുകളും വിഡീയോകളുമൊക്കെ പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ എന്തിനെയാണ് അവര്‍ ഭയപ്പെടുന്നതെന്ന് അറിയില്ല. തങ്ങളുടെ സ്‌പോണ്‍സര്‍ഷിപ്പിനെയും പരസ്യക്കരാറുകളെയുമൊക്കെ ബാധിക്കുമെന്ന ഭീതിയായിരിക്കും അവര്‍ക്കെന്ന് ഞാന്‍ മനസ്സിലാക്കുന്നു. അതുകൊണ്ടായിരിക്കാം, പ്രതിഷേധിക്കുന്ന കായിക താരങ്ങളുമായി സഹകരിക്കാന്‍ അവര്‍ ഭയപ്പെടുന്നത്. ഇത് വേദനാജകമാണെന്നും ഫോഗട്ട് പറഞ്ഞു.

ചില ആളുകള്‍ പറയുന്നത് ഗുസ്തിക്കാരുടെ മനസ്സ് ശരിയായ സ്ഥലത്തല്ലെന്നാണ്. എന്നാല്‍ തങ്ങളുടെ ഹൃദയവും മനസ്സും എല്ലാം ശരിയായ സ്ഥാനത്തുതന്നെയാണ്. മറ്റ് അത്‌ലറ്റുകള്‍ അവരുടെ മനസ്സ് എവിടെയാണെന്ന് പരിശോധിക്കട്ടെ.അവരുടെ ഹൃദയം അവരുടെ അടുക്കലല്ല എന്നും വിനേഷ് ഫോഗട്ട് പറഞ്ഞു.

വലിയ അത്‌ലറ്റുകളൊക്കെ നിശബ്ദരാകുകയാണ് എങ്കില്‍ പിന്നെന്തു കാര്യം. പല അത്‌ലറ്റുകളും തന്റെ സുഹൃത്തുക്കളാണ്. എല്ലാ സ്‌പോര്‍ട്‌സ് ഫെഡറേഷനുകളിലും പ്രശ്‌നങ്ങളുണ്ടെന്നും അറിയാം. താന്‍ അവരുടെ മത്സരങ്ങള്‍ക്ക് പോകാറുണ്ട്. അവര്‍ തങ്ങളുടെ മത്സരത്തിന് വരാറുമുണ്ട്. ഒന്നിച്ച് നിന്ന് ഫോട്ടോയെടുക്കാറുണ്ട്. മെഡല്‍ നേടിയാല്‍ പരസ്പരം അഭിനന്ദിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ മനോഹര സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്യുന്നു. എന്നാല്‍, ഇത്തരം ഘട്ടങ്ങളില്‍ സമൂഹ മാധ്യമങ്ങളില്‍നിന്ന് പുറത്തുകടന്ന് യഥാര്‍ഥ വികാരങ്ങള്‍ പ്രകടിപ്പിക്കണം. വ്യക്തിപരമായ നേട്ടങ്ങള്‍ക്കപ്പുറത്തേക്ക് നോക്കണം. സ്വന്തം മനസ്സാക്ഷിയോട് കാര്യങ്ങള്‍ ചോദിക്കണം എന്നും ഫോഗട്ട് പറഞ്ഞു

ലൈംഗിക പീഡനാരോപണ വിധേയനായ ബിജെപി എംപിയും ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റുമായ ബ്രിജ്ഭൂഷന്‍ സിംഗിനെതിരെ ആറാം ദിവസവും ദില്ലിയിലെ ജന്തര്‍മന്തറില്‍ പ്രതിഷേധം തുടരുകയാണ്. ബ്രിജ് ഭൂഷണെതിരെ വെള്ളിയാഴ്ച കേസെടുക്കുമെന്ന് ദില്ലി പൊലീസ് സുപ്രീം കോടതിയെ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel