മറഞ്ഞിട്ടും മായാതെ ബാലഭാസ്‌കര്‍; ബാലുവിന്റെ ഓര്‍മകള്‍ക്ക് ഇന്ന് 5 വയസ്…

വരികളിലെ പ്രണയത്തെ,സ്‌നേഹത്തെ മുഴുവന്‍ ഈണത്തിലേക്കെടുത്ത വയലിനിസ്റ്റ് ബാലഭാസ്‌കര്‍ വിടപറഞ്ഞിട്ട് ഇന്ന് 5 വര്‍ഷം. ഇമ്പമേറിയ ഈണങ്ങളിലൂടെ മലയാളികളുടെ ഇഷ്ടം പിടിച്ച്പറ്റിയ പ്രതിഭയായിരുന്നു ബാലഭാസ്‌കര്‍. ബാലഭാസ്‌കര്‍ എന്ന ആ പേര് അന്വര്‍ഥമാക്കും വിധം സംഗീതത്തില്‍ ഉദിച്ചുയര്‍ന്ന സൂര്യനായിരുന്നു അദ്ദേഹം.

വയലിന്റെ വലിച്ചുകെട്ടിയ തന്ത്രികളില്‍ മാസ്മരികതയോടെ ബാലസ്ഭാസ്‌കര്‍ വിരലോടിച്ചപ്പോഴൊക്കെയും മലയാളി മനസ്സറിഞ്ഞ് ആസ്വാദിക്കുകയായിരുന്നു. എഴുത്തിനും വായനയ്ക്കുമൊപ്പം വയലിനെ നെഞ്ചോട് ചേര്‍ത്ത് ചെറുപ്രായത്തില്‍ തന്നെ വേദികള്‍ കീഴടക്കിയ അതുല്യ പ്രതിഭയാണ് ബാലഭാസ്‌കര്‍. ബാലഭാസ്‌കര്‍ വയലിന്‍ തൊട്ടപ്പോഴൊക്കെയും അവിടെ വിസ്മയം പിറന്നിട്ടുണ്ട്.

Also Read : പതിനേ‍ഴാം വയസ്സില്‍ സംഗീത സംവിധായകന്‍; തുടക്കം ഗാനഗന്ധര്‍വനെ ഗായകനാക്കി; ജെബി ജംഗ്ഷനില്‍ ബാലഭാസ്കര്‍ പങ്കുവച്ച വിശേഷങ്ങള്‍

എണ്ണിയാലൊടുങ്ങാത്ത വേദികള്‍… രാജ്യാന്തര ശ്രദ്ധ പിടിച്ചുപറ്റിയ എണ്ണമറ്ര പ്രകടനങ്ങള്‍… പതിനേഴാമത്തെ വയസില്‍ മംഗല്ല്യപ്പല്ലക്ക് എന്ന സിനിമയുടെ സംഗീത സംവിധാനത്തിലൂടെ സിനിമാ രംഗത്തേക്ക്. ഇലക്ട്രിക് വയലിനിലൂടെ യുവതലമുറയെ ഉന്മത്തരാക്കുക മാത്രമല്ല ശാസ്ത്രീയ സംഗീതക്കച്ചേരികളില്‍ ചിട്ടയായ ശുദ്ധസംഗീതത്തിനൊപ്പം ചമ്രംപടിഞ്ഞിരിക്കാനും തനിക്ക് കഴിയുമെന്ന് ബാലഭാസ്‌കര്‍ തെളിയിച്ചിട്ടുണ്ട്.

മാന്ത്രിക സംഗീതമൊഴുക്കിയ പ്രതിഭ മലയാള സിനിമാ ഗാനങ്ങള്‍ വയലിന്‍ തന്ത്രികളിലൂടെ പകര്‍ന്ന് ആസ്വാദകരെ കൈയിലെടുത്തു. ബാലഭാസ്‌കര്‍ എന്ന സൗമ്യനായ കലാകാരന്റെ പ്രണയവും മകള്‍ക്കുവേണ്ടിയുള്ള ഒന്നര പതിറ്റാണ്ടിലധികം നീണ്ട കാത്തിരിപ്പും ഒക്കെ ആ സ്‌നേഹത്തെ അടയാളപ്പെടുത്തുന്നു.

Also Read : ആ തന്ത്രികളില്‍ ബോ തൊട്ടാല്‍ വിരിയുമായിരുന്ന വിസ്മയങ്ങളിലാണിനി അയാള്‍ ജീവിക്കുക; കാണാം വിസ്മയം വിരിഞ്ഞ വേദികള്‍

2018 സെപ്റ്റംബര്‍ 25നാണ് ബാലഭാസ്‌കറും കുടുംബവും തിരുവനന്തപുരം പള്ളിപ്പുറത്ത് വാഹനാപകടത്തില്‍പ്പെട്ടത്. ഈണവും താളവും മുറിയാതെ ബാലു തിരിച്ചെത്തുമെന്ന പ്രതീക്ഷയില്‍ കേരളം കാത്തിരുന്നെങ്കിലും പ്രാര്‍ഥനകള്‍ വിഫലമാക്കി ഒക്ടോബര്‍ രണ്ടിന് നാടിനെ കണ്ണീരണിയിച്ചുകൊണ്ട് ബാലഭാസ്‌കര്‍ വിടവാങ്ങുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here