
എം. സ്വരാജിന്റെ വിജയം കാംക്ഷിക്കാന്‍ ഇടതുപക്ഷത്തിന് പുറത്തുള്ളവര്‍ക്കും കാരണങ്ങളുണ്ടെന്നും അത് എന്താണെന്നും വ്യക്തമാക്കി അധ്യാപകന്‍ റഫീഖ് ഇബ്രാഹിം. സ്വപക്ഷത്തിന്റെ മെറിറ്റുകളിലൂന്നി വോട്ട് ചോദിക്കാനുള്ള ജാഗ്രത എം സ്വരാജിനുണ്ടെന്നും അധ്യാപകന്‍ റഫീഖ് ഇബ്രാഹിം പറയുന്നു. ദൃശ്യമാധ്യമങ്ങളും സമൂഹമാധ്യമങ്ങളും മേല്‍ക്കൈ നേടിയശേഷം നമ്മുടെ രാഷ്ട്രീയ സംസ്‌കാരത്തില്‍ നിന്നു കൈമോശം വന്നുകൊണ്ടിരിക്കുന്ന, എന്നാല്‍ അവശ്യം വേണ്ട ചില അടിസ്ഥാനമൂല്യങ്ങളില്‍ സ്വരാജ് ഉറച്ചുനില്‍ക്കുന്നുണ്ട്.
ഒരര്‍ഥത്തില്‍, ഇതൊരു ഉപതെരഞ്ഞെടുപ്പ് സന്ദര്‍ഭമായത് എന്തുകൊണ്ടും നന്നായി. സ്വരാജിന്റെയും നിലമ്പൂരിലെ ഇടതുപക്ഷമുന്നണിയുടെയും ഈ നില്പ് വിജയിക്കുകയാണെങ്കില്‍ ഉറപ്പായും നമ്മുടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് അതുവലിയ ഗുണം ചെയ്യുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കപ്പെട്ടശേഷമുള്ള എം. സ്വരാജിന്റെ വീഡിയോ ക്ലിപ്പുകളില്‍ ചിലത് ശ്രദ്ധിക്കുകയായിരുന്നു. ദൃശ്യമാധ്യമങ്ങളും സമൂഹമാധ്യമങ്ങളും മേല്‍ക്കൈ നേടിയശേഷം നമ്മുടെ രാഷ്ട്രീയ സംസ്‌കാരത്തില്‍ നിന്നു കൈമോശം വന്നുകൊണ്ടിരിക്കുന്ന, എന്നാല്‍ അവശ്യം വേണ്ട ചില അടിസ്ഥാനമൂല്യങ്ങളില്‍ സ്വരാജ് ഉറച്ചുനില്‍ക്കുന്നുണ്ട്. ഒരര്‍ഥത്തില്‍, ഇതൊരു ഉപതിരഞ്ഞെടുപ്പ് സന്ദര്‍ഭമായത് എന്തുകൊണ്ടും നന്നായി. സ്വരാജിന്റെയും നിലമ്പൂരിലെ ഇടതുപക്ഷമുന്നണിയുടെയും ഈ നില്പ് വിജയിക്കുകയാണെങ്കില്‍ ഉറപ്പായും നമ്മുടെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് അതുവലിയ ഗുണം ചെയ്യും.
അതിലാദ്യത്തേത്, സ്വപക്ഷത്തിന്റെ മെറിറ്റുകളിലൂന്നി വോട്ട് ചോദിക്കാനുള്ള ജാഗ്രതയാണ്. എതിര്‍പാളയത്തിലെ സ്വരച്ചേര്‍ച്ചയില്ലായ്മയെക്കുറിച്ചുള്ള ചോദ്യത്തിന് അയാള്‍ നല്‍കിയ മറുപടി ശ്രദ്ധിച്ചാലറിയാം. അത്തരമൊന്ന് തന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നും അഥവാ അങ്ങനൊന്നുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് അവരത് പരിഹരിച്ച് ശരിയായ രാഷ്ട്രീയസംവാദത്തിലേക്ക് വരട്ടെ എന്നുമദ്ദേഹം ആശിക്കുന്നു. സാധാരണ പ്രതീക്ഷിച്ചുകൂടാത്ത ഒന്നാണീ നിലപാട്. ഏതു യുദ്ധത്തിന്റെയും ആരംഭപൂര്‍വ്വതന്ത്രങ്ങളിലൊന്ന് സ്വന്തം ശക്തിയും എതിരാളിയുടെ ദൗര്‍ബല്യവും കഴിയുന്നത്ര ഉച്ചത്തില്‍ വിളിച്ചുപറയുക എന്നതുതന്നെയാണ്. മാനസികമായി അതു നല്‍കുന്ന മേല്‌ക്കോയ്മ വിജയത്തിലേക്കു പരാവര്‍ത്തനം ചെയ്യപ്പെട്ടേക്കാം എന്നു കരുതാറുമുണ്ട്. സ്വരാജ് പക്ഷേ അതിനായി ശ്രമിക്കുന്നില്ല എന്നു മാത്രമല്ല, അത്തരം സാധ്യതകളെ കൈയിലെടുക്കാനേ തുനിയുന്നില്ല. താന്‍ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ മുന്നണിയുടെ മെറിറ്റുകളെക്കുറിച്ച് സംസാരിക്കാന്‍ മാത്രം അയാള്‍ ശ്രദ്ധിക്കുന്നു.
മറ്റൊന്ന്, പ്രകോപനങ്ങളില്‍ വീണുപോവാതെ, അതുവഴി ഫ്രെയിം ഓഫ് റഫറന്‍സിനു പുറത്തേക്കു പോവാതിരിക്കാനുള്ള ശ്രദ്ധയാണ്. പലസ്തീന്‍ പ്രശ്‌നത്തിലെ നിലപാടുമായി ബന്ധപ്പെട്ട് എം.എസ്.എഫ്. നേതാവിന്റെ ‘ഇക്കിളി’ പ്രസ്താവനയോട് സ്വരാജ് പ്രതികരിച്ച രീതി ക്ലാസിക് ആണെന്നാണ് തോന്നുന്നത്. താനെടുത്ത നിലപാടിന്റെ രാഷ്ട്രീയം ഉറപ്പിച്ചു പറഞ്ഞു എന്നു മാത്രമല്ല; പ്രകോപനാര്‍ഹമായ കമന്റുകളെ ശരിയാം നിലയില്‍ കൈകാര്യവും ചെയ്തു.
വലിയ വാര്‍ത്താപ്രാധാന്യം നേടാന്‍ തനിക്കു കഴിയുമായിരുന്ന അല്പം പരിഹാസദ്യോതകമായ ഭാഷയില്‍ ‘ആക്കി’ സംസാരിക്കാന്‍ സംശയരഹിതമായും തെളിവുകളുള്ള ‘കവളപ്പാറയിലെ സ്വരാജിന്റെ അഭാവം’ എന്ന പി.വി. അന്‍വറിന്റെ ആഖ്യാനത്തോട് സ്വരാജ് പ്രതികരിച്ച രീതിയും ശ്രദ്ധാര്‍ഹമാണ്. ഒരുപക്ഷേ അന്‍വര്‍ കാര്യങ്ങള്‍ മറന്നുപോയതുകൊണ്ടാവാമെന്ന് ഒട്ടുമേ പരിഹാസമില്ലാതെയാണ് സ്വരാജ് പ്രതിവചിച്ചു കണ്ടത്. എതിര്‍പാളയത്തിലെ വ്യക്തികളിലൊരാളെ, ശരിയായ ഡാറ്റ കൈയിലുണ്ടായിട്ടും, പരിഹസിക്കാതിരിക്കാനും കളിയാക്കാതിരിക്കാനും പുലര്‍ത്തിയ ശ്രദ്ധയാണ് മൂന്നാമത്തേത്.
അവസാനമായി, കെ.എം. ഷാജി നടത്തിയ പ്രസ്താവനയോടുള്ള സ്വരാജിന്റെ മറുപടിയാണ്. ഷാജി ഒരുപക്ഷേ തിരക്കുകാരണം താനെഴുതിയതു വായിച്ചിട്ടുണ്ടാവാന്‍ സാധ്യതയില്ലെന്നും തേര്‍ഡ് പാര്‍ട്ടി ഇന്‍ഫര്‍മേഷനില്‍ നിന്ന് അഭിപ്രായം രൂപീകരിക്കുകയായിരിക്കാം ഷാജി ചെയ്തതത് എന്നും പറഞ്ഞ്; (ഷാജിയെ വ്യക്തിപരമായി ആക്രമിച്ചില്ല എന്നുമാത്രമല്ല) ഷാജി തന്റെ സുഹൃത്താണെന്നും അയാള്‍ ഒരു മോശം മനുഷ്യനല്ല എന്നു കയറ്റിപ്പറയുക കൂടി ചെയ്തു സ്വരാജ്.
ഈ മൂന്ന് ക്ലിപ്പുകളിലൂടെ കടന്നുപോയാലറിയാം സ്വരാജ് സ്വീകരിക്കുന്ന മെത്തഡോളജിയും മെത്തേഡും.
റിസ്‌കിയായ ഒരു രീതിപദ്ധതിയാണ് സ്വരാജ് അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത്. വിശിഷ്യാ, ഏത് തരം അധാര്‍മ്മിക ‘കൊടുക്കല്‍ വാങ്ങലുകളും’ നടക്കാമെന്ന് ചില ‘പാതിരാചര്‍ച്ചകളിലൂടെ’ ഇതിനകം വ്യക്തമാക്കപ്പെട്ട ഒരു ഇലക്ഷന്‍ സന്ദര്‍ഭത്തില്‍. എങ്കിലും ആ റിസ്‌കിന് അതീവസൗന്ദര്യമുണ്ട്. ഐഡിയല്‍ എന്നു പോലും വിളിക്കാന്‍ പറ്റുന്ന ഒരു പ്രചരണശൈലിയുടെ ഗുരുത്വവുമുണ്ട്. ആ ശൈലി വിജയിക്കുകയാണെങ്കില്‍ നമ്മുടെ ദൈനംദിന രാഷ്ട്രീയസംസ്‌കാരത്തിലൊരു ‘തിരുത്ത്’ വീഴുമെന്നതുറപ്പാണ്.
എം. സ്വരാജിന്റെ വിജയം കാംക്ഷിക്കാന്‍ ഇടതുപക്ഷത്തിനു പുറത്തുള്ളവര്‍ക്കും കാരണങ്ങളുണ്ടെന്നു സാരം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

