‘കലയുടെ പുഴയെ കൈതോടുകളാക്കി നമ്മിലേക്ക് ഒഴുക്കിവിട്ട ദൃശ്യഭാവുകത്വത്തിന്റെ സ്വര്‍ഗീയ സൃഷ്ടാവായിരുന്നു പത്മരാജന്‍, അങ്ങനെ വേണം ചരിത്രം അടയാളപ്പെടുത്താന്‍’ : വൈറലായി ശ്യാം ശങ്കരന്റെ കുറിപ്പ്!

തൂവാനത്തുമ്പികള്‍ എന്നൊരൊറ്റ ചിത്രം മാത്രം കൊണ്ട് ലോക സിനിമ അറിയേണ്ട ആളാണോ മലയാളത്തിന്റെ പ്രിയ സംവിധായകന്‍ പി. പത്മരാജന്‍. അല്ലയെന്ന് വിശദമായി തന്നെ നമ്മെ പറഞ്ഞ് മനസിലാക്കുകയാണ് ശ്യാം ശങ്കരന്‍ എന്ന എഴുത്തുകാരന്‍. ഒരു തൂവാനത്തുമ്പിയും മണ്ണാര്‍ത്തുടിയും ക്ലാരയും കൊണ്ട് മാത്രം അടയാളപ്പെടുത്തേണ്ട ഒരു കലാകാരനല്ല പത്മരാജന്‍. ഒരു കാലവര്‍ഷം തന്നെ നമുക്കായി ബാക്കിവച്ച് പോയ ഒരു കലാകാരന്റെ ജീവിതത്തില്‍ അയാള്‍ പോലും അറിയാതെ പെയ്ത ഒരു ചാറ്റല്‍മഴ മാത്രമായിരിക്കാം തൂവാനത്തുമ്പികളെന്ന് അദ്ദേഹം പറയുന്നു.

ALSO READ: കോട്ടയം മെഡിക്കല്‍ കോളേജില്‍ പഞ്ഞി പോലുമില്ലെന്ന് തിരുവഞ്ചൂര്‍; കുറിക്ക്‌കൊള്ളുന്ന മറുപടിയുമായി മന്ത്രി വീണാ ജോര്‍ജ്

മാത്രമല്ല തൂവാനത്തുമ്പികളിലെ പ്രധാന കഥാപാത്രങ്ങളായ ജയകൃഷ്ണനെയും ക്ലാരയെയും രാധയെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ ചിന്തകളും വായനക്കാരുമായി പങ്കുവയ്ക്കുന്നു. കുറിപ്പിന് മറുപടിയുമായി പത്മരാജന്റെ മകന്‍ അനന്ദ പത്മനാഭന്റെ കമന്റിലും തൂവാനത്തുമ്പികളെ സംവിധായകന്‍ എങ്ങനെയാണ് കണ്ടിരുന്നതെന്ന കാര്യവും ചൂണ്ടിക്കാട്ടുന്നുണ്ട്.

ALSO READ: കെ എസ് ആര്‍ ടി സി ഡ്രൈവിങ് സ്‌കൂളുകള്‍ ലാഭത്തില്‍; ഓട്ടോകളില്‍ സ്റ്റിക്കര്‍ വേണ്ട, ഫെയര്‍ സ്റ്റേജ് പ്രദര്‍ശിപ്പിക്കണമെന്നും മന്ത്രി ഗണേഷ് കുമാര്‍

എഴുത്തുകാരന്റെ അഭിപ്രായത്തോടെ വളരെ വളരെ യോജിക്കുന്നുവെന്നാണ് അനന്ദ പത്മനാഭന്‍ പ്രതികരിച്ചത്. പ്രിയപ്പെട്ട സ്വന്തം ചിത്രങ്ങളുടെ പേരുകളില്‍ ഒരിക്കല്‍ പോലും തൂവാനത്തുമ്പികളുടെ പേര് പത്മരാജന്‍ പരമാര്‍ശിച്ച് കേട്ടിട്ടില്ലെന്നും അദ്ദേഹം പറയുന്നു. ഭൂരിപക്ഷം പേര്‍ക്കും തൂവാനത്തുമ്പികള്‍ പ്രിയപ്പെട്ടതാകുന്നതിന് താന്‍ കാണുന്ന ഒരേയൊരു കാരണം അതിന്റെ അവര്‍ പ്രതീക്ഷിച്ച ശുഭാന്ത്യമാണെന്നും അദ്ദേഹം പറയുന്നുണ്ട്.

പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം!

ക്ലാരയുടെ ഇനിയുള്ള വർഷങ്ങൾ (ക്ലാരയുടെ 35 വർഷങ്ങളുടെ തുടർച്ച)

ജി. അരവിന്ദൻ്റെ ചിദംബരം എന്നെ ആവേശിച്ച, ബാധിച്ച ഒരു കാലമുണ്ടായിരുന്നു. ആ സിനിമയുടെ ഒടുക്കം എന്നെ വല്ലാതെ ഉലച്ചിരുന്നു. പക്ഷെ പിന്നീടൊരിക്കൽ അരവിന്ദൻ്റെ അഭിമുഖം വായിക്കാനിടയായി. അതിൽ ചിദംബരം താൻ ചെയ്യ്ത ഒരബദ്ധ സിനിമയാണ് എന്നോ മറ്റോ അരവിന്ദൻ പറഞ്ഞത് വായിച്ച് ഞാൻ ആകെ സങ്കടപ്പെട്ടു. ആ സിനിമയുടെ സൃഷ്ടാവിന് പോലും സംതൃപ്തി നൽകാത്ത ഒരു സിനിമയാണല്ലോ ഞാൻ ഒരു ഭൂതാവിഷ്ടനെപ്പോലെ ഉള്ളിൽ കൊണ്ടു നടന്നിരുന്നത് എന്നോർത്ത് പരിതപിച്ചു. ഏതാണ്ട് അതു പോലെയാകും പത്മരാജന് തൂവാനത്തുമ്പികൾ എന്ന സിനിമയെന്ന് ഈയടുത്തകാലത്തായി എനിക്ക് തോന്നി തുടങ്ങിയിരിക്കുന്നു. ഒരുപാട് ക്രിയേറ്റിവ് കോമ്രമൈസുകളിലൂടെയാണ് തൂവാനത്തുമ്പികളും ഞാൻ ഗന്ധർവ്വനും കടന്നു പോയിട്ടുണ്ടാവുക എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. എങ്കിലും എന്തുകൊണ്ടാണ് തൂവാനത്തുമ്പികൾ ഇഷ്ട്ടപ്പെട്ട ഒരു കൂട്ടം ആളുകൾ പത്മരാജൻ എന്ന ചലച്ചിത്രകാരൻ്റെ മറ്റ് സിനിമകളെ അധികം പുകഴ്താത്തത്? അരപ്പെട്ട കെട്ടിയ ഗ്രാമം പോലെ ഒരു സിനിമ ഇന്ത്യയിൽ ഒരുപക്ഷെ ചെയ്യാൻ സാധിച്ചത് പത്മരാജന് മാത്രമായിരിക്കും. എഴുത്തിൽ, മേക്കിംഗിൽ തൂവാനത്തുമ്പികളേക്കാൾ എത്ര മേലേയാണ് അരപ്പെട്ട കെട്ടിയ ഗ്രാമത്തിൽ… പെരുവഴിയമ്പലത്തിലെ ആ ബാലൻ്റെ കണ്ണിലെ തീ എൻ്റെ ഉള്ള് ഇപ്പോഴും പൊള്ളിക്കാറുണ്ട്. തൻ്റെ സിനിമകൾ പ്രേക്ഷകനെ ഏൽപ്പിക്കുന്ന മുറിവാണ് എന്ന് പത്മരാജൻ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. ഒരു സർജിക്കൽ സൂക്ഷ്മതയോടെ നെഞ്ചിലേക്ക് നമ്മൾ അറിയാതെ കുത്തി കയറുന്ന നോവ്… ആ ആകസ്മികമായ പിടച്ചിൽ മൂന്നാം പക്കത്തിലുണ്ട്, അപരനിലും, ഇന്നലെയിലുമുണ്ട്. തൂവാനത്തുമ്പികൾ കണ്ട് സുഖപനി പിടിച്ച് കമ്പിളിയിൽ ചുരണ്ടു കൂടിയ സമൂഹം ഉദകപ്പോള വായിച്ചാൽ വിളറി പിടിക്കും എന്നതിൽ സംശയമില്ല. സത്യത്തിന് അങ്ങനെ ഒരു മുഖമുണ്ട്, അത് പലപ്പോഴും നമ്മെ വിളറി പിടിപ്പിക്കും, അലോസരപ്പെടുത്തും. നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകളിൽ സോളമൻ സോഫിയയുടെ കൈ പിടിച്ച് നമ്മുടെ മുന്നിലൂടെ ഒടുവിൽ നടക്കുമ്പോൾ, തകർന്ന് വീണത് അതുവരെ നമ്മൾ അഭിരമിച്ചിരുന്ന ‘കുടുംബം സുരക്ഷയുടെ കൂടാരം’ എന്ന മിഥ്യാ സങ്കല്പപ്പമായിരുന്നു. റേപ്പ് ഒരു ലൈറ്റ് ചായ കുടിക്കുന്ന ലാഘവത്തോടെ ദിനവും റിപ്പോർട്ട് ചെയ്യപ്പെടുന്ന മാധ്യമങ്ങളുടെ ലോകത്ത്, റേപ്പ് ഗ്ലോറിഫൈ ചെയ്യപ്പെടുന്ന സിനിമകൾ തീയേറ്ററുകൾ നിറഞ്ഞോടുന്ന ഒരു കെട്ട കാലത്ത് നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ എന്ന സിനിമയും, അത് കൈകാര്യം ചെയ്യ്ത വിഷയവും ഇന്നും പ്രസക്തമാണ്. ആ സിനിമ ഒരിക്കലും തൂവാനത്തുമ്പികൾ പോലെ സുഖ ശീതളമായ ഒരു കരിമ്പടം ആയിരുന്നില്ല. ദേശാടന കിളികൾ ഇന്നും നമ്മളെ കരയിച്ചു കൊണ്ടിരിക്കുന്നു, അവർ ഉയർത്തിയ ചോദ്യങ്ങൾ ഇപ്പോഴും നമ്മളെ വേട്ടയാടികൊണ്ടിരിക്കുന്നു. പിന്നെ എന്തുകൊണ്ടാണ് ഇന്നും തൂവാനത്തുമ്പികൾ മാത്രം കൂടുതലായി ചർച്ച ചെയ്യപ്പെടുന്നത്? സോളമനിൽ നിന്നോ സക്കറിയയിൽ നിന്നോ ഡോക്ടർ നരേന്ദ്രനിൽ നിന്നോ ഏറെ വ്യത്യസ്തനാണ് ജയകൃഷ്ണൻ. അയാൾ ദുർബലനാണ്. ശക്തമായ ഒരു തീരുമാനവും എടുക്കാൻ പ്രാപ്തിയില്ലാത്തവൻ. അയാളുടെ പണം പറ്റി അയാളുടെ ചെലവിൽ മദ്യപിച്ച് അയാൾക്ക് വേണ്ടി സ്തുതിപാഠകം ചെയ്യുന്ന ആൾക്കൂട്ടം മാത്രമാണ് അയാൾക്ക് ചുറ്റുമുള്ളവർ. ക്ലാരയുടെ തീരുമാനങ്ങളാണ് അയാളെ നയിച്ചത്. ക്ലാരയെ നയിച്ചതോ പണവും അത് നൽകുന്ന അധികാരവും, സുരക്ഷയും. അത് ഒരർത്ഥത്തിൽ അവളുടെ ഗതികേട് കൂടിയാണ്, അല്ലെങ്കിൽ അവളുടെ പോരാട്ടം. ഏറ്റവും സമർത്ഥമായ തീരുമാനമെടുത്തത് രാധയാണ്. ഒരു രാത്രി കൊണ്ട് ക്ലാരയ്ക്ക് അടിമയായ ജയകൃഷ്ണൻ തിരികെ വന്നാൽ ഇനി എല്ലാ കാലത്തും തനിക്ക് അടിമയാവും എന്ന് രാധ കരുതിയിരിക്കാം. ഒന്ന് ചെറുതായി അലോസരപ്പെടുത്തിയപ്പോൾ തന്നെ അപമാനിക്കാൻ വേണ്ടി മാത്രം തൻ്റെ കോളേജ് വരെ വന്ന ജയകൃഷ്ണൻ രാധയ്ക്ക് തട്ടി കളിക്കാനുള്ള ഒരു കളിപ്പാട്ടം മാത്രമാണ്. നാട്ടിൻ പുറത്ത് നിന്ന് പഠിക്കാനായി നഗരത്തിലെ കോളേജിലെത്തിയ ജയകൃഷ്ണൻ ഒരു അന്തർമുഖൻ ആയിരുന്നിരിക്കാം, അതുകൊണ്ട് മാത്രമാകാം അയാൾ അക്കാലത്ത് പെൺകുട്ടികളുമായി അധികം ഇടപഴകാത്തിരുന്നത്. എന്നാൽ അതും പിന്നീട് അയാളുടെ വീരഗാഥകളിൽ ഒന്നായി മാറി. കടുത്ത തീരുമാനങ്ങളിൽ നിന്നും ഒളിച്ചോടാൻ വെമ്പുന്ന, നഗരത്തിലെത്തി മദ്യത്തിൻ്റെയും സൗഹൃദത്തിൻ്റേയും ലഹരിയിൽ മതിമറന്ന് താൻ ഒന്നുമല്ല എന്ന സത്യം തന്നിൽ നിന്നും മറച്ച് വെച്ച് ആ കുമിളയിൽ ജീവിച്ചു മരിക്കുന്ന നമ്മളിലെ ഭീരുവാണ് ജയകൃഷ്ണൻ. ഒന്നും നേടാതെ എല്ലാം നേടി എന്ന് നിരന്തരമായി സ്വയം ബോധ്യപ്പെടുത്തി കൊണ്ടിരിക്കുന്ന നമ്മുടെ ഉള്ളിലെ ആ ഭീരു. ക്ലാര ഒരുപക്ഷെ മാത്യുവിനെ മടുത്തേക്കാം, അല്ലെങ്കിൽ മാത്യുവിൻ്റെ മരണം അവളെ വീണ്ടും നിരാശ്രയത്തിലേക്ക് തള്ളി വിട്ടേക്കാം. അപ്പോൾ അവൾ ജയകൃഷ്ണൻ്റെ അടുത്തേക്ക് മടങ്ങി വരാൻ ശ്രമിച്ചേക്കാം. ജയകൃഷ്ണൻ്റെ തണൽ അവൾ എക്കാലത്തും കൊതിച്ചിരുന്നു. അങ്ങനെയെങ്കിൽ രാധയും, ക്ലാരയും ജയകൃഷ്ണന് വേണ്ടി വീണ്ടും തീരുമാനം എടുത്തുവെന്ന് വരില്ല. അന്നത്തെ മഴ ജയകൃഷ്ണന് പാതി തുറന്ന തൻ്റെ ജനൽപാളിയിലൂടെ ആസ്വദിക്കാൻ കഴിഞ്ഞുവെന്നും വരില്ല. ജയകൃഷ്ണൻ എന്ന ഭീരു അന്ന് പൂർണ്ണമായും അനാവരണം ചെയ്യപ്പെടും. അന്ന്, മുമ്പേങ്ങോ ആ ഭ്രാന്തൻ്റെ ശരീരത്തിൽ കൂടി ഉഴറിയ ചങ്ങല തൻ്റെ പ്രക്ഷുബ്ദമായ മനസ്സിന് മുകളിലുടെ ഉഴറുന്ന പോലെ ജയകൃഷ്ണന് ഒരുപക്ഷെ തോന്നാം. ആ വേദന താങ്ങാൻ അയാൾക്ക് അന്ന് കഴിഞ്ഞുവെന്ന് വരില്ല. അയാളുടെ ചേതനയറ്റ ശരീരമാവും പ്രേക്ഷകർ അടുത്ത സീനിൽ കാണുക. പ്രേക്ഷകരെ നിങ്ങൾ പ്രതീക്ഷിക്കുന്ന ഒരു ഹാപ്പി എൻഡിംങ്ങ് ആവില്ല അത്. പ്യാസക്ക് ശേഷം ഗുരുദത്തിനെ കല്ലെറിഞ്ഞപ്പോലെ നിങ്ങൾ പത്മരാജനെയും കല്ലെറിയും. “ലാഗ്ഗാണ് ബ്രോ ഫുൾ ലാഗ്ഗാണ്” എന്ന് അലറും. സീനുകൾ മുറിക്കപ്പെടും… മുറിച്ച് മാറ്റപ്പെട്ട സീനുകൾ ഇല്ലാത്ത സിനിമ ഇരുപത്തഞ്ച് വർഷങ്ങൾക്ക് ശേഷം കണ്ട് നിങ്ങൾ വീണ്ടും വിധിയെഴുത്തും “ഹോ വാട്ട് എ ക്ലാസ്സിക്ക്”… “പത്മരാജൻ വാസ് എ റിയൽ ജീനിയസ്സ്”

തൻ്റെ സമശീർഷരിൽ എഴുത്ത് കൊണ്ട് തനിക്കായി മാത്രം ഒരിടം അടയാളപ്പെട്ടു ത്തിയ ഒരു കഥാകൃത്തിൻ്റെ എഴുത്തുകൾ, എഴുത്തിൻ്റെ ചൂട് ചോരാതെ അത് സിനിമയിലേക്ക് ആവാഹിച്ച ഒരു ചലച്ചിത്രകാരൻ്റെ സിനിമകൾ ഇതിലും ഏറെ അർഹിക്കുന്നുണ്ട്.

ഒരു തൂവാനത്തുമ്പിയും, മണ്ണാർത്തുടിയും, ക്ലാരയും കൊണ്ട് മാത്രം അടയാളപ്പെടുത്തേണ്ട ഒരു കലാകാരനല്ല പത്മരാജൻ. ഒരു കാലവർഷം തന്നെ നമുക്കായി ബാക്കി വെച്ച് പോയ ഒരു കലാകരൻ്റെ ജീവിതത്തിൽ അയാൾ പോലും അറിയാതെ പെയ്യ്ത്ത ഒരു ചാറ്റൽ മഴ മാത്രമാകാം തൂവാനത്തുമ്പികൾ.

ഈ നൂറ്റാണ്ടിൻ്റെ കലയുടെ ദൃശ്യഭാഷ വരും തലമുറകൾക്കായി മെരുക്കിയെടുത്ത ഈ നൂറ്റാണ്ടിൻ്റെ എഴുത്തുകാരിൽ ഒരാളായിരുന്നു പത്മരാജൻ. എങ്ങോ പിറന്ന ഒരു കലയുടെ പുഴയെ നമ്മുടെ കൈതോടുകളാക്കി മാറ്റി നമ്മളിലേക്ക് ഒഴുക്കി വിട്ട ദൃശ്യഭാവുകത്വത്തിൻ്റെ സ്വർഗ്ഗീയ സൃഷ്ടാവായിരുന്നു പി. പത്മരാജൻ. അങ്ങനെ തന്നെ വേണം ചരിത്രം പി.പത്മരാജനെ അടയാളപ്പെടുത്താൻ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
stdy-uk
stdy-uk

Latest News