
12 വര്‍ഷത്തിനിടെ ആദ്യമായി ആഭ്യന്തര ക്രിക്കറ്റ് കളിക്കുന്ന വിരാട് കോലിയെ കാണാൻ കൂട്ടത്തോടെയെത്തി ഫാൻസ്. ദില്ലി- റെയിൽവേയ്സ് രഞ്ജി മത്സരം വീക്ഷിക്കാൻ ആയിരക്കണക്കിന് ഫാൻസാണ് സ്റ്റേഡിയത്തിലെത്തിയത്. ഇതോടെ, പതിവിൽ നിന്ന് വിപരീതമായി നിറഞ്ഞുകവിഞ്ഞ സ്റ്റേഡിയത്തെ സാക്ഷിയാക്കി രഞ്ജി മത്സരം നടന്നു.
അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തിൽ റെയില്‍വേയ്സിനെതിരെ മികച്ച പ്രകടനമാണ് 36കാരനായ സീനിയർ താരം കാഴ്ചവെച്ചത്. ടെസ്റ്റ് ക്രിക്കറ്റിൽ അടക്കമുള്ള മോശം പ്രകടനത്തെ തുടർന്നാണ് സീനിയർ താരങ്ങൾ നിർബന്ധമായും ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്ന് ബിസിസിഐ കർശന നിർദേശം നൽകിയത്.
എല്ലാ ഫോര്‍മാറ്റുകളിലുമായി 27,000-ത്തിലധികം അന്താരാഷ്ട്ര റണ്‍സ് നേടിയ കോലി ഒരു ദശാബ്ദത്തിലേറെയായി ഇന്ത്യൻ മധ്യനിരയുടെ നട്ടെല്ലാണ്. എന്നാല്‍ സമീപ വര്‍ഷങ്ങളില്‍ അദ്ദേഹത്തിന്റെ ടെസ്റ്റ് ഫോം മങ്ങി. 2019 വരെ ടെസ്റ്റ് ക്രിക്കറ്റില്‍ കോലിയുടെ ശരാശരി 54.97 ആയിരുന്നു, എന്നാല്‍ 2020 മുതല്‍ അത് 30.72 ആയി കുറഞ്ഞു. അവസാന 10 ടെസ്റ്റുകളില്‍ ഇത് വെറും 22.47 ആണ്.
അതേസമയം, രഞ്ജി മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ റെയില്‍വേയ്‌സ് 241 റണ്‍സിന് ആള്‍ ഔട്ടായി. ഡല്‍ഹി ഒരു വിക്കറ്റ് നഷ്ടത്തില്‍ 41 റണ്‍സെടുത്തു. റെയില്‍വേയ്‌സിനായി ഉപേന്ദ്ര യാദവ് 95 റണ്‍സെടുത്ത് ചെറുത്തുനില്‍പ്പ് നടത്തി. കരണ്‍ ശര്‍മ അര്‍ധ സെഞ്ചുറി നേടി. ദില്ലിയുടെ നവദീപ് സെയ്‌നി മൂന്ന് വിക്കറ്റ് വീഴ്ത്തി. ദില്ലിയുടെ അര്‍പിത് റാണയാണ് പുറത്തായത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

