
നിറത്തിൻ്റെ പേരിൽ അവഹേളിച്ചും സ്ത്രീധനം പോരായെന്ന് പറഞ്ഞും ഭർത്താവും ഭർതൃവീട്ടുകാരും പീഡിപ്പിച്ചതിനെ തുടർന്ന് ഈയടുത്ത് മലപ്പുറത്ത് ജീവനൊടുക്കിയത് രണ്ട് നവവധുക്കൾ. ആഴ്ചകൾക്ക് മുമ്പ് കൊണ്ടോട്ടിയിൽ നവവധു ഷഹാന മുംതാസ് ജീവനൊടുക്കിയിരുന്നു. ഇന്ന് മലപ്പുറം എളങ്കൂരിലെ ഭർതൃവീട്ടിൽ വിഷ്ണുജ എന്ന യുവതിയെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. പൂക്കോട്ടുംപാടം സ്വദേശിനിയാണ് വിഷ്ണുജ. രണ്ട് സംഭവങ്ങളിലും ഭർത്താക്കന്മാർ അറസ്റ്റിലായിട്ടുണ്ട്.
2024 മെയ് 27ന് ആണ് ഷഹാന മുംതാസും മൊറയൂര്‍ സ്വദേശി അബ്ദുല്‍ വാഹിദും വിവാഹിതരായത്. വിവാഹത്തിന് ശേഷം ഷഹാന നേരിട്ടത് വലിയ രീതിയിലുള്ള മാനസിക പീഡനങ്ങളും അധിക്ഷേപങ്ങളുമായിരുന്നു. നിറത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും പേരിൽ ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും ഷഹാനയെ നിരന്തരം പീഡിപ്പിച്ചിരുന്നു. നിറം കുറവാണെന്നും കറുപ്പാണെന്നും ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയില്ലെന്നും പറഞ്ഞ് വാഹിദിന്റെ അധിക്ഷേപം തുടര്‍ന്നു. വിവാഹം കഴിഞ്ഞ് ഒരു മാസം പിന്നിട്ടപ്പോഴേക്കും ഗള്‍ഫിലേക്ക് പോയ ഭര്‍ത്താവ് വാഹിദ് ഫോൺ വിളിക്കുമ്പോഴെല്ലാം അധിക്ഷേപം ചൊരിഞ്ഞു. ഒടുവിൽ ഷഹാനയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ഷഹാന കേസിലെ സമാനത വിഷ്ണുജയുടെ കാര്യത്തിലുമുണ്ട്. വിഷ്ണുജയ്ക്ക് സൗന്ദര്യം കുറവാണെന്നും കൂടുതല്‍ സ്ത്രീധനം വേണമെന്നും ഭർത്താവ് പ്രബിന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു. ജോലിയില്ലെന്നു പറഞ്ഞും ഭര്‍ത്താവും ബന്ധുക്കളും ദ്രോഹിച്ചിരുന്നു. ഇത്തരം അപരിഷ്കൃത സംസ്കാരം പുതുതലമുറയിലും കാണപ്പെടുന്നത് വലിയ ആശങ്കക്കാണ് ഇടനൽകുന്നത്. വിദ്യാഭ്യാസമുള്ളവരിലും ഇങ്ങനെയുള്ള സമീപനം കാണുന്നത് ഒട്ടും ആശ്വാസ്യമല്ല.
(ഓർക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. വിളിക്കൂ 1056)

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here