
സിനിമാപ്രേമികൾക്ക് ആഘോഷമാക്കാവുന്ന ഒരു പിടി ചിത്രങ്ങളാണ് വിഷുക്കാലത്ത് റിലീസ് ചെയ്യുന്നത്. ഇത്തവണത്തെ വിഷു അവധിക്ക് ഒരു കിടിലൻ സിനിമ കാണണം എന്ന് കരുതുകയാണെങ്കിൽ നിരവധി സിനിമകളാണ് നിങ്ങൾക്ക് മുന്നിലുള്ളത്. ഇത്തവണത്തെ വിഷു ചിത്രങ്ങൾ ഏതൊക്കെയെന്ന് നോക്കാം.
പള്ളിച്ചട്ടമ്പി
ടൊവിനോ തോമസ് നായകനായി എത്തുന്ന മാസ് ആക്‌ഷൻ ചിത്രം ‘പള്ളിച്ചട്ടമ്പി’ ഏപ്രിൽ 15നാണ് തിയേറ്ററുകളിലെത്തുന്നത്. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ടൊവിനോയെ കൂടാതെ കയാദു ലോഹർ, വിജയരാഘവൻ, സുധീർ കരമന, ബാബുരാജ്, വിനോദ് കേദാമംഗലം, പ്രശാന്ത് അലക്സ് തുടങ്ങിയ പ്രമുഖ അഭിനേതാക്കളും അണിനിരക്കുന്നു. ബിഗ് ബജറ്റിലൊരുക്കിയിരിക്കുന്നപ്രണയവും ആക്ഷനും കോർത്തിണക്കിയ ചിത്രമാണ് പള്ളിച്ചട്ടമ്പി.

ഒരു ദുരൂഹ സാഹചര്യത്തിൽ
ഏപ്രിൽ 15ന് തിയേറ്ററിലെത്തുന്ന കുഞ്ചാക്കോ ബോബൻ ചിത്രമാണ് ഒരു ദുരൂഹ സാഹചര്യത്തിൽ. രതീഷ് ബാലകൃഷ്ണൻ പൊതുവാൾ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ ദിലീഷ് പോത്തൻ, സജിൻ ഗോപു, ചിദംബരം, ജാഫർ ഇടുക്കി, സുധീഷ്, ശരണ്യ രാമചന്ദ്രൻ, പൂജ മോഹൻരാജ് എന്നിവരും അഭിനയിക്കുന്നുണ്ട്. പ്രണയവും ആക്ഷനുമൊക്കെ കോർത്തിണക്കിയ ഒരു ത്രില്ലർ ചിത്രമായിരിക്കും ഒരു ദുരൂഹ സാഹചര്യത്തിൽ എന്നാണ് ട്രെയിലർ നൽകുന്ന സൂചന.

ഭരതനാട്യം 2 മോഹിനിയാട്ടം
2024 ൽ പുറത്തിറങ്ങിയ ഭരതനാട്യം എന്ന ചിത്രം തിയേറ്ററിൽ പരാജയപ്പെട്ടുവെങ്കിലും ഓടിടി റിലീസിനു ശേഷം ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗമായ മോഹിനിയാട്ടവും ഈ വർഷം വിഷു റിലീസായി തിയേറ്ററിലേക്കെത്തുന്നുണ്ട്. ആദ്യഭാഗത്തിന്റെ തുടർച്ചയായി എത്തുന്ന ചിത്രം ഏപ്രിൽ 10 നാണ് റിലീസ് ചെയ്യുന്നത്.

മധുവിധു
ഷറഫുദീനൊപ്പം ബിന്ദു പണിക്കരുടെ മകൾ കല്യാണിയും പ്രധാനവേഷത്തിലെത്തുന്ന ചിത്രമായ മധുവിധുവും ഈ വർഷം വിഷുവിന് തിയേറ്ററിലെത്തുന്നുണ്ട്. ഫാമിലി റൊമാന്റിക് കോമഡി ഴോണറിൽ ഒരുക്കിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വിഷ്ണു അരവിന്ദാണ്. ഏപ്രിൽ 17നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

ഈ വിഷുക്കാലത്ത് പ്രേക്ഷകർ കാത്തിരുന്ന ചിത്രമായ പേട്രിയറ്റ് മെയ് 01-ാം തീയതിയിലേക്ക് റിലീസ് നീട്ടിയെങ്കിലും സിനിമാ പ്രേമികളെ അലോസരപ്പെടുത്താത്ത മികച്ച ചിത്രങ്ങളാണ് ഇത്തവണ തിയേറ്ററുകളിലെത്തുന്നത്. കൂടാതെ ആട് 3, വാഴ 2 എന്നീ ചിത്രങ്ങളും മികച്ച പ്രതികരണങ്ങളോടെ തിയേറ്ററിൽ ഓടുന്നുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

