കൈനീട്ടം നൽകാൻ ഇത്തവണ പുത്തൻ കറൻസി നോട്ടുകളില്ല; ബാങ്കുകളിലെത്തിയവർക്ക് നിരാശ

Vishu Currency Shortage

വിഷു എന്നാൽ പലർക്കും വിഷുക്കൈനീട്ടവും വിഷുക്കണിയുമാണ്. എന്നാൽ കൈനീട്ടം നൽകാനും വിഷുക്കണി ഒരുക്കാനും ഇക്കുറി പുത്തൻ കറൻസി നോട്ടുകൾ ലഭിക്കില്ല. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ കറൻസി നോട്ടുകൾ ബാങ്കുകൾക്ക് വിതരണം ചെയ്യാത്തതാണ് പ്രതിസന്ധി ആയിരിക്കുന്നത്. പുതിയ നോട്ടുകൾ നൽകാത്തത് സംബന്ധിച്ച് ആർബിഐ വ്യക്തത വരുത്തുന്നില്ലെന്നാണ് ബാങ്കുകളുടെ വിശദീകരണം.

കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും വിഷുവിന് ലഭിക്കുന്ന കൈനീട്ടം ഏറെ പ്രത്യേകതകളുള്ളതാണ്. പളപളപ്പു മാറാതെ വടിവൊത്ത പുത്തൻ നോട്ടുകൾ വർഷങ്ങളോളം കാത്തുസൂക്ഷിക്കുന്നവരും ഉണ്ട്. എന്നാൽ ഇക്കുറി കൈനീട്ടം കൊടുക്കാനുള്ള പുത്തൻ കറൻസി നോട്ടുകൾ വാങ്ങാൻ ബാങ്കുകളിൽ എത്തുന്നവരെല്ലാം നിരാശരായി മടങ്ങുകയാണ്. വിഷുക്കാലത്ത് ഉൾപ്പെടെ ബാങ്കുകളിൽ സുലഭമായി ലഭിച്ചിരുന്ന പുത്തൻ കറൻസി നോട്ടുകൾ ഇക്കുറി ലഭിക്കുന്നില്ല.‌

ALSO READ: പുത്തൻ പ്രതീക്ഷകളുമായി ഇന്ന് വിഷു; സമൃദ്ധിയുടെ കണികണ്ട് മലയാളികൾ

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ബാങ്കുകൾക്ക് പുതിയ നോട്ടുകൾ വിതരണം ചെയ്യുന്നില്ല എന്നതാണ് പ്രതിസന്ധിക്ക് കാരണമായിരിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ ബാങ്കുകൾക്ക് എന്തെങ്കിലും വിശദീകരണം നൽകാനോ വ്യക്തത വരുത്താനോ ആർബിഐ തയ്യാറായിട്ടില്ലെന്ന് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ സംസ്ഥാന വൈസ് പ്രസിഡന്റ് കെ ഹരികുമാർ പറഞ്ഞു.

പുതിയ നോട്ടുകൾക്ക് പുറമെ ചെറിയ മൂല്യമുള്ള നോട്ടുകൾക്കും വലിയ ക്ഷാമമാണ് അനുഭവപ്പെടുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി നേരത്തെ തന്നെ ബാങ്ക് എംപ്ലോയിസ് ഫെഡറേഷൻ ഓഫ് ഇന്ത്യ ആർബിഐക്ക് കത്ത് നൽകിയിരുന്നു. എന്നാൽ അനുകൂലമായ നിലപാട് ആർബിഐ സ്വീകരിച്ചിട്ടില്ല. ചെറിയ മൂല്യമുള്ള കറൻസി നോട്ടുകൾ പിൻവലിച്ച് പകരം നാണയങ്ങൾ പുറത്തിറക്കാനാണ് ആർബിഐയുടെ ആലോചന. എന്നാൽ അതിനാവശ്യമായ ലോഹ ശേഖരം ഇല്ല എന്ന വിമർശനവും ഉയരുന്നുണ്ട്. ഇതിന് പിന്നാലെയാണ് കറൻസി നോട്ടുകൾ ബാങ്കുകൾക്ക് നൽകാതെ ആർബിഐ ഒരു വിഷുക്കാലത്തെ കൂടി പ്രതിസന്ധിയിലാക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News