ഇനിയും വിരിയട്ടെ മതേതരത്വത്തിന്റെ കണിക്കൊന്നപ്പൂക്കള്‍ ! ഓര്‍മകളുടെ മണം പേറി മലയാളികള്‍ക്ക് ഒരു വിഷുദിനം കൂടി

കാര്‍ഷിക സമൃദ്ധിയുടെ ഗതകാല സ്മരണകളുണര്‍ത്തി മലയാളിക്കള്‍ക്ക് ഒരു വിഷുദിനം കൂടി. കണിക്കൊന്നയും കണിവെളളരിയും കൈനീട്ടവുമൊക്കെ പുതിയ കാലത്തിന് കേവലം യാന്ത്രികമായ ആചാരനിഷ്ഠകള്‍ മാത്രമാകുമ്പോഴും, മലയാളി ഇന്നും വിഷുപ്പുലരിയുടെ തിരുമുല്‍ക്കാഴ്ചയ്ക്കായി കാത്തിരിക്കുന്നു.

ഏത് ധൂസര സങ്കല്‍പ്പങ്ങളില്‍ വളര്‍ന്നാലും ഏത് യന്ത്രവല്‍കൃത ലോകത്തില്‍ പുലര്‍ന്നാലും മനസ്സിലുണ്ടാകട്ടെ ഗ്രാമത്തിന്‍ വെളിച്ചവും മണവും മമതയും ഇത്തിരിക്കൊന്നപ്പൂവും……

മേടമാസപ്പുലരിയില്‍ ഐശ്വര്യത്തിന്റെയും സമ്പല്‍സമൃദ്ധിയുടേയും കണി കണ്ടുണരുന്ന മലയാളിക്ക് വിഷു അചാരങ്ങളും ആഘോഷങ്ങളും ഇഴപിരിഞ്ഞു കിടക്കുന്ന ഉത്സവമാണ്. പ്രകൃതിയുമായും മാനവികതയുമായും ഇത്രകണ്ട് ഇഴുകിച്ചേര്‍ന്ന മറ്റൊരു ആഘോഷം മലയാളിക്കുണ്ടാവില്ല. കണിക്കൊന്നയും നാളികേരവും ചക്കയും, മാങ്ങയും, കണിവെള്ളരിയും, ഓട്ടുരളിയില്‍ നിറയുമ്പോള്‍ അത് വരുംകാലത്തേക്കുള്ള പ്രതീക്ഷയാകുന്നു.

എനിക്കാവതില്ലേ പൂക്കാതിരിക്കാന്‍
എനിക്കാവതില്ലേ കണിക്കൊന്നയല്ലേ
വിഷുക്കാലമല്ലേ പൂക്കാതിരിക്കാന്‍
കാലം തെറ്റിയെത്തുന്ന ഋതുഭേദങ്ങളില്‍ കാലിടറി പോയിട്ടുണ്ടെങ്കിലും വിഷുവിന് പൂക്കാതിരിക്കാന്‍ കണിക്കൊന്നക്കാവില്ല. പൊന്‍കണിയുടെ പ്രഭ കണികാണുന്നവരിലേക്ക് പകരാന്‍ പൂത്തുലഞ്ഞു നില്‍ക്കുന്ന കണിക്കൊന്നയും മുതിര്‍ന്നവരില്‍ നിന്ന് ലഭിക്കുന്ന കൈനീട്ടവും മാമ്പഴ പുളിശ്ശേരിയുടെ സ്വാദില്‍ തൂശനിലയില്‍ വിളമ്പുന്ന വിഷുസദ്യയും മലയാളിക്ക് മറക്കാനുമാവില്ല.

കേരളത്തിലെ കര്‍ഷകര്‍ക്ക് അടുത്ത വാര്‍ഷിക വിളകള്‍ക്കുള്ള തയാറെടുപ്പിന്റെ കാലം കൂടിയാണ് വിഷു. വേനലില്‍ വെന്തുരുകിയ മണ്ണില്‍ പെയ്തിറങ്ങുന്ന വേനല്‍മഴയില്‍ വിതയ്ക്കാന്‍ മണ്ണൊരുങ്ങുമ്പോള്‍ ആദ്യ വിത്തിനെ മണ്ണിലേക്ക് പകരാന്‍ തിരഞ്ഞെടുത്ത ദിനം.വിഷു എന്നാല്‍ തുല്യമായത് എന്നാണ് അര്‍ത്ഥം.

നിലത്തിനും വിത്തിനും വിതയ്ക്കാനൊരുങ്ങുന്ന കര്‍ഷകനും നേട്ടം തുല്യമാണെന്ന തിരിച്ചറിവില്‍ പൊലിക പൊലിക എന്ന് ഉച്ചത്തില്‍ പാടി നിലമുഴുന്ന കര്‍ഷകന്‍ പോയകാലത്തിന്റെ ഓര്‍മയായെങ്കിലും തുല്യത ഉറപ്പാക്കാന്‍ പോരാടേണ്ട രാഷ്ട്രീയസാഹചര്യത്തിലാണ് ഇന്ന് വിഷു ആഘോഷിക്കപ്പെടുന്നത്.

അധാര്‍മികതയുടെ അസുരശക്തിയെ അവസാനിപ്പിച്ചതിന്റെ ഐതീഹ്യവുമുണ്ട് വിഷുവിന് പിന്നില്‍. ഇത്തവണ രാജ്യം വര്‍ഗീയതയിലൂടെ മാനവികത തച്ചുടയ്ക്കാന്‍ ശ്രമിക്കുന്ന അസുരശക്തികളെ ജനാധിപത്യത്തിലൂടെ അവസാനിപ്പിക്കാനുള്ള പോരാട്ടത്തിലാണ് രാജ്യം ഇന്ന്. ഒരുമയില്‍ ഊറ്റം കൊള്ളുന്ന മലയാളക്കരയെ തച്ചുടയ്ക്കാന്‍ ഇറങ്ങിത്തിരിച്ചവരെ തകര്‍ത്തെറിയുന്ന നല്ല നാളെയിലേക്കുള്ള പ്രതീക്ഷയാവട്ടേ ഈ വിഷുപ്പുലരി. കൈരളി ന്യൂസിന്റെ എല്ലാ പ്രേക്ഷകര്‍ക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here