
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കമ്പനിയിലെ തങ്ങളുടെ കൈവശമുള്ള 49 ശതമാനം ഓഹരി അദാനി ഗ്രൂപ്പ് ആഗോള ഷിപ്പിങ് കുത്തക കമ്പനിയായ എം.എസ്.സിയ്ക്ക് മറിച്ചുനൽകിയിരിക്കുകയാണ്. കേരളത്തിൻറെ വികസനകുതിപ്പിന് ഊർജമാകുമെന്ന കരുതിയിരുന്ന ഒരു പദ്ധതി തകർക്കപ്പെടുമെന്ന ആശങ്ക പൊതുസമൂഹത്തിൽ ശക്തമാകുകയാണ്. എന്നാൽ അദാനിയുടെ ഓഹരിവിൽപനയ്ക്ക് ചൂട്ടുകത്തിച്ചതിൽ സംസ്ഥാന സർക്കാരിന്, പ്രത്യേകിച്ച് മുഖ്യമന്ത്രി വി ഡി സതീശന് എത്രത്തോളം പങ്കുണ്ടെന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.
ധനകാര്യം, നിയമം, തുറമുഖം എന്നിങ്ങനെ സുപ്രധാനമായ മൂന്ന് വകുപ്പുകളാണ് മുഖ്യമന്ത്രി കൈപ്പിടിയിലാക്കിയത്. കോൺഗ്രസ് ഹൈക്കമാൻഡ് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും തുറമുഖം, നിയമം തുടങ്ങിയ വകുപ്പുകൾ വിട്ടുനൽകാൻ സതീശൻ തയ്യാറായില്ല. വകുപ്പ് വിഭജനം സംബന്ധിച്ച തർക്കം നീളാൻ കാരണമായത് സതീശൻറെ വാശിയായിരുന്നു. എന്തിനാണ് സതീശൻ ഇത്രയ്ക്കും കടുംപിടിത്തം പിടിച്ചത്.
അദാനിയുമായി സതീശൻ ഡീൽ ഉണ്ടാക്കിയോ? മില്യൻ ഡോളർ ചോദ്യമാണിത്. അതിന് ബലം പകരുന്ന ചില ഘടകങ്ങൾ കൂടിയുണ്ട്. അതിൽ ഏറ്റവും പ്രധാനം തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പ് ചാർട്ടേർഡ് വിമാനത്തിൽ മംഗളുരുവിലേക്ക് സതീശൻ നടത്തിയ ദുരൂഹമായ രഹസ്യ യാത്രയാണ്. മണിക്കൂറിന് മൂന്നും നാലും ലക്ഷം ചെലവ് വരുന്ന ചാർട്ടേഡ് വിമാനത്തിനായി 40 ലക്ഷത്തിലേറെ മുടക്കിയതാര്? മംഗലാപുരത്തുവെച്ച് അദാനി ഗ്രൂപ്പ് പ്രതിനിധികളുമായും എൻഡിഎ ഘടകകക്ഷി നേതാക്കളുമായും സതീശൻ നടത്തിയ കൂടിക്കാഴ്ച എന്തിനുവേണ്ടിയായിരുന്നു? ഈ ചോദ്യങ്ങൾക്കൊന്നും നാളിതുവരെ കൃത്യമായ ഒരു ഉത്തരം പറയാൻ സതീശന് സാധിച്ചിട്ടില്ല.
അടുത്തതായി ഉദ്യോഗസ്ഥതലത്തിൽ സതീശൻ നടത്തിയ ചില മാറ്റങ്ങളാണ് സംശയമുനയിൽ നിൽക്കുന്നത്. അതിൽ ഏറ്റവും പ്രധാനം സെക്രട്ടറിയായും തുറമുഖവകുപ്പ് സെക്രട്ടറിയായും രത്തൻ ഖേൽക്കറുടെ നിയമനമാണ്. തെരഞ്ഞെടുപ്പ് ഓഫീസറായിരുന്ന ഖേൽക്കറുടെ നിയമനം ഇതിനോടകം വിവാദമായിരുന്നു. എന്നാൽ അദാനി ഗ്രൂപ്പിൻറെ ഓഹരികച്ചവടത്തോടെ, തുറമുഖവകുപ്പ് സെക്രട്ടറിയായുള്ള നിയമനവും ചർച്ചയാകുകയാണ്. മറ്റൊന്ന് വിഴിഞ്ഞം പദ്ധതി യാഥാർഥ്യമാക്കാൻ അഹോരാത്രം പ്രവർത്തിക്കുകയും, അതിന് ചുക്കാൻ പിടിക്കുകയും ചെയ്ത ദിവ്യ എസ് അയ്യരെ തുറമുഖത്തിൻറെ സിഎംഡി സ്ഥാനത്തുനിന്ന് മാറ്റുകയും താരതമ്യേനെ ജൂനിയറായ മറ്റൊരാളെ പ്രതിഷ്ഠിക്കുകയും ചെയ്തു. പാർട്ടിയിലും മുന്നണിയിലും മന്ത്രിസഭയിലും ആലോചിക്കാതെ മുഖ്യമന്ത്രി സതീശൻ തന്നെ മുൻകൈയെടുത്ത് നടത്തിയ ഈ നീക്കങ്ങൾ എന്തിനുവേണ്ടി ആയിരുന്നു, ആർക്ക് വേണ്ടി ആയിരുന്നു?
തുറമുഖവും നിയമവും കൈപ്പിടിയിലാക്കിയതോടെ, ഓഹരിക്കൈമാറ്റം സംബന്ധിച്ച അദാനി ഗ്രൂപ്പിൻറെ എല്ലാ അപേക്ഷയിലും തീരുമാനമെടുക്കേണ്ടയാൾ സതീശൻ മാത്രമാകുന്നു. അദാനി ഗ്രൂപ്പ് നൽകിയ കത്ത് പരിഗണിക്കേണ്ടത് ചീഫ് സെക്രട്ടറി അധ്യക്ഷനായ എംപവേഡ് കമ്മിറ്റിയാണ്. ഈ കമ്മിറ്റിയിലെ അംഗങ്ങൾ തുറമുഖത്തിൻറെ സിഎംഡിയും ധനം, നിയമ, തുറമുഖ വകുപ്പ് സെക്രട്ടറിമാരുമാണ്. ഇവരെല്ലാം സതീശൻറെ കീഴിൽ വരുന്ന ഉദ്യോഗസ്ഥരാണ്. ഈ അപേക്ഷ തുറമുഖ, ധന, നിയമവകുപ്പുകളിലൂടെ കടന്നുപോകുമ്പോഴും അവസാന വാക്ക് സതീശൻറേതായി മാറും.
വിഴിഞ്ഞം തുറമുഖ കമ്പനിയിൽ അദാനിയുടെ ഓഹരിക്കൈമാറ്റത്തിൽ ദുരൂഹതകൾ ഉയരുമ്പോൾ സതീശൻറെ മംഗലാപുരം യാത്രയും സുപ്രധാന വകുപ്പുകൾക്കായി വാശിപിടിച്ചതും ഉദ്യോഗസ്ഥതലത്തിലെ മാറ്റങ്ങളുമാണ് ഇപ്പോൾ കൂടുതൽ ചർച്ചയാകുന്നത്. ഇക്കാര്യങ്ങളിലൊക്കെ കൃത്യമായ വിശദീകരണം നൽകാൻ സതീശന് കഴിയുമോ? അതോ ഒളിച്ചുകളി തുടരുമോ? അങ്ങനെയെങ്കിൽ എത്രകാലം സതീശന് ഒളിച്ചുകളിക്കാൻ കഴിയും?

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

