
രാജ്യത്തിന് മാതൃകയായി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. തുടർച്ചയായി നാലാം മാസമാണ് ചരക്ക് കൈകാര്യത്തിൽ വിഴിഞ്ഞം തുറമുഖം ഒന്നാം സ്ഥാനത്തെത്തുന്നത്. ദക്ഷിണ, കിഴക്കൻ തുറമുഖങ്ങളിൽവച്ച് ഏറ്റവും കൂടുതൽ ചരക്ക് കൈകാര്യം ചെയ്‌തത് വിഴിഞ്ഞത്തു നിന്നാണ്.
മെയ് മാസത്തിൽ 1.04 ലക്ഷം കണ്ടെയ്‌നറാണ് വിഴിഞ്ഞത്ത് കൈകാര്യം ചെയ്‌തത്. ഏപ്രിലിൽ 1,04,413 ടിഇയു കണ്ടെയ്‌നറുകളും മാർച്ചിൽ 1,08,770 ടിഇയുവും ഫെബ്രുവരിയിൽ 78,833 ടിഇയുവും എന്നനിലയിലായിരുന്നു വിഴിഞ്ഞത്തെ ചരക്ക് നീക്കം. കഴിഞ്ഞ വർഷം ജൂലൈ 11 മുതൽ ഇതുവരെ 7.33 ലക്ഷം കണ്ടെയ്‌നർ ആണ് വിഴിഞ്ഞത്ത് കൈകാര്യം ചെയ്തത്. 50 കപ്പൽ പ്രതിമാസം ശരാശരി വിഴിഞ്ഞത്ത് എത്തുന്നുണ്ട്. എംഎസ് സി മിഷേൽ കപ്പെല്ലിനി, തുർക്കി എന്നിവ അവയിൽ പ്രധാനപ്പെട്ടവയാണ്. എംഎസ് സിയുടെ ആഫ്രിക്ക എക്സ്പ്രസ് സർവീസിന്റെ ഭാഗമായിരുന്നു കപ്പെല്ലിനി. തുർക്കി ജേഡ് സർവീസിന്റെ ഭാഗവും. ഏഷ്യയെയും യൂറോപ്പിനെയും ബന്ധിപ്പിച്ചുള്ള എംഎസ്‌സിയുടെ ജേഡ് സർവീസുപോലെ ആഫ്രിക്കയുടെ കിഴക്കൻ രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന ആഫ്രിക്കൻ സർവീസും തുറമുഖത്ത് സ്ഥിരമായി എത്തുന്നുണ്ട്.
ALSO READ: നടുക്കടലിലെ അപകടത്തിനും കുറ്റം മുഖ്യമന്ത്രിക്ക്; വിചിത്ര പ്രതിഷേധവുമായി യുഡിഎഫ്
ആഗോള ചരക്കുനീക്കത്തിന്റെ സുപ്രധാന കേന്ദ്രമായി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മാറിയിരിക്കുന്നുവെന്നതിന്റെ മറ്റൊരു തെളിവാണ് ലോകത്തെ ഏറ്റവും വലിയ ചരക്കുകപ്പലായ എംഎസ്‌സി ഐറിന വിഴിഞ്ഞത്ത് നങ്കൂരമിട്ടത്. നാല് ഫുട്ബോൾ സ്റ്റേഡിയത്തെക്കാൾ വലിപ്പമുള്ള ഈ ചരക്കുകപ്പൽ ദക്ഷിണേഷ്യയിൽ തന്നെ ആദ്യമായി നങ്കൂരമിടുന്നത് വിഴിഞ്ഞത്താണെന്നത് മലയാളിയെ സംബന്ധിച്ച് അഭിമാനകരമായ കാര്യമാണ്. 399.9 മീറ്റർ നീളവും 61.3 മീറ്റർ വീതിയുമുള്ള ഐറിനക്ക് 24,346 ടിഇയു കണ്ടെയ്‌നറുകൾ വഹിക്കാനുള്ള ശേഷിയുണ്ട്. ലോകത്തെ ഏറ്റവും വലിയ ചരക്കുകപ്പൽ തീരത്തടുത്തതോടെ പുതിയ ചരിത്രമുഹൂർത്തത്തിനാണ് വിഴിഞ്ഞം തുറമുഖം സാക്ഷ്യം വഹിക്കുന്നത്. വിഴിഞ്ഞം ചുരുങ്ങിയ മാസങ്ങൾ കൊണ്ട് കൈവരിച്ച ഈ അഭിമാന നേട്ടങ്ങൾ കേരളത്തിന്റെയും രാജ്യത്തിന്റെയും വികസനക്കുതിപ്പിന് പുതിയ ദിശാബോധം പകരും

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here