
വിജയ കുതിപ്പ് തുടർന്നുകൊണ്ടിരിക്കുകയാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. ചരക്ക് നീക്കത്തിൽ ദക്ഷിണേന്ത്യയില്‍ തന്നെ ഒന്നാം സ്ഥാനത്ത് ആണ് വിഴിഞ്ഞം തുറമുഖം. ചരക്കു നീക്കം ആരംഭിച്ചത് മുതൽ 300 ൽ അധികം ചരക്കു കപ്പലുകളാണ് വിഴിഞ്ഞത്ത് ഇതുവരെയായി നങ്കൂരമിട്ടത്. നിരവധിയാളുകൾക്ക് തൊഴിൽ സമ്മാനിച്ച തുറമുഖത്ത് വലിയ ഒരു ശതമാനവും സ്ത്രീകളാണ് ജോലി ചെയ്യുന്നത്. സ്ത്രീകൾക്ക് കടന്നുചെല്ലാൻ കഴിയില്ലെന്ന് കരുതിയ പല മേഖലകളും സ്ത്രീകൾ മുറുക്കെ പിടിക്കുന്നതിനുള്ള ഒരു ഉദാഹരണം കൂടിയായി ഇത് മാറിയിരിക്കുകയാണ്. ഇപ്പോഴിതാ വിഴിഞ്ഞത്തിന്റെ സൗന്ദര്യവും അവിടെയുളള സ്ത്രീ ശാക്തീകരണത്തെ കുറിച്ചുമുള്ള പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് നടി മഞ്ജു വാര്യർ.
പുതിയ വാനങ്ങളിലേക്ക് ഉയർന്ന് തൊഴിലിടത്തെ ചരിത്രം തിരുത്തിക്കുറിച്ചവരുടെ മുന്നിലാണ് താൻ എത്തിയിരിക്കുന്നത് എന്നാണ് വിഡിയോയിൽ താരം പറയുന്നത്. കൂടാതെ വിഴിഞ്ഞത്തിന്റെ പ്രത്യേകതകളും അവിടെ ജോലി ചെയ്യുന്നവരെ കുറിച്ചും വിഡിയോയിൽ പറയുന്നുണ്ട്. കേരളത്തിന്റെ അഭിമാനം, ഇന്ത്യയുടെ കവാടം, കേരള സർക്കാർ, അദാനി ഗ്രൂപ്പ്, കേന്ദ്ര സർക്കാർ എന്നിവയുടെ സമഗ്ര രാഷ്ട്രനിർമ്മാണത്തിന്റെ പ്രതീകം എന്നൊക്കെയാണ് വിഴിഞ്ഞത്തെ താരം അടയാളപ്പെടുത്തുന്നത്.
കമ്മീഷന്‍ ചെയ്ത് വെറും ഒരു മാസം മാത്രമാകുന്നതിനിടെയാണ്, അര കിലോമീറ്ററോളം നീളമുള്ള ഐറിന തുറമുഖത്തെത്തിയത്. സിങ്കപ്പുര്‍ തുറമുഖത്തുനിന്നാണ് ഐറിന വിഴിഞ്ഞത്തേക്കെത്തിയത്. എംഎസ്സിയുടെ ജെയ്ഡ് സര്‍വീസില്‍ ഉള്‍പ്പെടുന്ന ഐറിനക്ക് 400 മീറ്റര്‍ നീളവും 62 മീറ്റര്‍ വീതിയുമുണ്ട്. 24,346 ടിഇയു കണ്ടെയ്‌നര്‍ ശേഷിയുള്ള കപ്പല്‍, 16.2 മീറ്റര്‍ ഡ്രാഫ്റ്റിലാണ് വിഴിഞ്ഞം ബെര്‍ത്തിലേക്ക് പ്രവേശിക്കുക.
ലൈബീരിയന്‍ ഫ്‌ലാഗുള്ള ഐറിന 2023 ല്‍ നിര്‍മിച്ച് നീറ്റിലിറക്കിയതാണ്. 22 നില കെട്ടിടത്തിന്റെ ഉയരമുള്ള നിര്‍മിതിയാണ്. 19,462 ടിഇയു ശേഷിയുള്ള എംഎസ്സി ക്ലൗഡ് ജിറാഡറ്റാണ് വിഴിഞ്ഞത്ത് ഇതുവരെ വന്നതില്‍ ഏറ്റവും ശേഷിയുള്ള കപ്പല്‍.
എംഎസ്സിയുടെ തന്നെ തുര്‍ക്കിയ, മിഷേല്‍ കപ്പെല്ലിനി എന്നിവയും വിഴിഞ്ഞത്ത് എത്തിയിരുന്നു. ദുബായ് കൊളമ്പോ തുറമുഖങ്ങളിലൊന്നും ഇതുവരെ അടുക്കാത്ത ഐറിന, ഇന്ത്യയിലെ ഒരു തുറമുഖത്ത് ആദ്യമായാണ് എത്തുന്നത്. ഇത്രയും നേട്ടങ്ങള്‍ തന്നെയാണ് വിഴിഞ്ഞത്തെ മറ്റു തുറമുഖങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്..

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here