
കേരളത്തിലെ ആരോഗ്യമേഖലയിൽ ഏറ്റവും വിശ്വസ്തവും മികച്ചതുമായ സേവനം നൽകുന്ന മുൻനിര സ്ഥാപനങ്ങളിലൊന്നായ കോട്ടയം ഗവ. മെഡിക്കൽ കോളേജ്, അത്യാധുനിക സജീകരണങ്ങളോടുകൂടിയ മൾട്ടി മോഡൽ റെറ്റിനൽ ഇമേജിങ് സിസ്റ്റം സ്ഥാപിച്ചതിലൂടെ ആരോഗ്യപരിപാലന രംഗത്ത് പുത്തൻ ചുവട് വയ്പ് നടത്തിയിരിക്കുകയാണെന്ന് വി എൻ വാസവൻ. കൂടുതൽ കൃത്യതയോടെ റെറ്റിനയെ ബാധിക്കുന്ന രോഗങ്ങളുടെയും ഗ്ലോക്കോമയുടെയും രോഗനിർണയത്തിനും ചികിത്സാ പുരോഗതിക്കും ഈ മെഷീൻ ഏറെ സഹായകരമാണെന്ന് അദ്ദേഹം പ്രസ്താവനയിലൂടെ അറിയിച്ചു.
മധ്യ കേരളത്തിലെ സാധാരണക്കാരുടെ വിശ്വാസവും പ്രതീക്ഷയുമായ, ആയിരക്കണക്കിന് രോഗികൾ ആശ്രയിക്കുന്ന മെഡിക്കൽ കോളേജിന്റെ നേത്രപരിചരണ വിഭാഗത്തിന് ഇത്തരത്തിലെ സംവിധാനങ്ങൾ അത്യന്താപേക്ഷിതമാണെന്നു മനസ്സിലാക്കിയാണ് എം.എൽ.എ. ആയിരുന്നപ്പോൾ ഈ മെഷീൻ വാങ്ങുന്നതിനെ സംബന്ധിച്ച് പ്രിയ സുഹൃത്തും എംപിയുമായ ശ്രീ.ജോൺ ബ്രിട്ടാസിനോട് സംസാരിക്കാൻ ഇടയായതെന്നും ആതുര സേവന രംഗത്തെ ഇടപെടലുകൾ ഏറ്റവും പ്രാധാന്യത്തോടുകൂടി കാണുന്ന അദ്ദേഹം ഒരു കോടി രൂപ ആണ് ഈ പദ്ധതിക്കായി അനുവദിച്ചു തന്നതെന്നും അദ്ദേഹം പറഞ്ഞു. മെഡിക്കൽ കോളജ് മുൻ സൂപ്രണ്ട് ഡോ. ടി. കെ. ജയകുമാർ, ഒഫ്താൽമോളജി ഹെഡ് ഡോ. വിജയമ്മ എൻ., ഒഫ്താൽമോളജി വിഭാഗം ഡോ. മഞ്ജിത്ത് തുടങ്ങിയവരുടെ വിദഗ്ധാഭിപ്രായങ്ങളും നിർദ്ദേശങ്ങളും ത്വരിതഗതിയിലുള്ള ഇടപെടലിന് സഹായിച്ചിട്ടുണ്ട്.
Also read: ഇടതുപക്ഷത്തിന് ആരുടെയും ആലിംഗനം വേണ്ട, ഞങ്ങൾക്ക് കൃത്യമായ രാഷ്ട്രീയമുണ്ട്; ബൃന്ദ കാരാട്ട്
1.2 കോടി രൂപ വിലമതിക്കുന്ന ഈ ഉപകരണം വാങ്ങുന്നതിനായി ബാക്കി 20 ലക്ഷം രൂപ ഹോസ്പിറ്റൽ ഡെവലപ്മെന്റ് സൊസൈറ്റിയുടെ ഫണ്ടിൽ നിന്നാണ് കണ്ടെത്തിയിരിക്കുന്നതെന്നും മെഷീന്റെ ഡെമോയ്ക്ക് ശേഷം ഉടൻ പ്രവർത്തനമാരംഭിക്കുമെന്ന് മെഡിക്കൽ കോളേജിൽ നിന്ന് അധികൃതർ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്തെയും സമീപ ജില്ലകളിലെയും രോഗികൾക്ക് ഏറെ പ്രയോജനകരമാകുന്ന ഈ സംവിധാനം വന്നതിൽ ഏറെ അഭിമാനമുണ്ട്. ഈ ഇടപെടലിന് വഴിയൊരുക്കിയ പ്രിയങ്കരനായ ജോൺ ബ്രിട്ടാസിന് പ്രത്യേകമായ നന്ദിയും സ്നേഹവും രേഖപ്പെടുത്തുന്നതായും സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വി എൻ വാസവൻ അറിയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

