വിജയരാഘവനിലൂടെ മുഴങ്ങിയത് ദരിദ്രരുടെ ശബ്ദം

കെ രാജേന്ദ്രന്‍

എ ബി വാജ്‌പേയ് പ്രധാനമന്ത്രി; ഹിമാചലല്‍ പ്രദേശില്‍ നിന്നുളള ശാന്തകുമാര്‍ ഭക്ഷ്യമന്ത്രി. രാജ്യത്ത് പട്ടിണി മരണങ്ങള്‍ പടരുന്ന കാലം. രാജ്യസഭ പ്രക്ഷുബ്ധമായി. എന്തുകൊണ്ട് രാജ്യത്ത് പട്ടിണിമരണങ്ങള്‍ പടരന്നു എന്നതായിരുന്നു ചോദ്യം. വാജ്‌പേയ് സര്‍ക്കാരിന്റെ ‘വേലയ്ക്ക് കൂലി ഭക്ഷണം’ എന്ന പരിപാടിയെക്കുറിച്ചായിരുന്നു ശാന്തകുമാരിന്റെ വിശദീകരണം. തൊഴില്‍ ചെയ്യുന്നവര്‍ക്ക് കൂലിയായി പണത്തിന് പകരം ഭക്ഷ്യധാന്യം നല്‍കുന്നതായിരുന്നു പദ്ധതി. കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ പദ്ധതി വന്‍ പരാജയമായിരുന്നു. പക്ഷെ പരാജയം മറച്ചുവെയ്ക്കാന്‍ തയ്യാറാവാതെ ശാന്തകുമാര്‍ ഒഴിഞ്ഞുമാറാന്‍ തുടങ്ങിയപ്പോള്‍ ഇടതുപക്ഷ എം പിമാരുടെ ഭഗത്തുനിന്ന് ഉച്ചത്തില്‍ ഒരു ചോദ്യം – ‘സാര്‍, രാജ്യത്തെ എഫ് സി ഐ ധാന്യപ്പുരകളില്‍ വിതരണം എത്ര ടണ്‍ ഭക്ഷ്യ ധാന്യങ്ങള്‍ കെട്ടികിടക്കുന്നുണ്ട്?’

എ വിജയരാഘവന്റേതായിരുന്നു ആ ചോദ്യം. ഭക്ഷ്യമന്ത്രി ശാന്തകുമാറിന് ഉത്തരംമുട്ടി. അദ്ദേഹത്തിന്റെ പക്കല്‍ മറുപടി ഇല്ലായിരുന്നു. സഹായത്തിനായി മന്ത്രി ഉദ്യാഗസ്ഥരെ നോക്കി. അവരുടെ പക്കലും മറുപടി ഇല്ലായിരുന്നു തപ്പിതടയുന്ന മന്ത്രിക്കു നേരെ അതാ വിജയരാഘവന്റെ അടുത്ത ചോദ്യം. ‘എഫ് സി െഎ ധാന്യപ്പുരകളില്‍ ഭക്ഷ്യ ധാന്യങ്ങള്‍ കെട്ടികിടക്കുമ്പോള്‍ രാജ്യത്ത് എന്തുകൊണ്ടാണ് ദരിദ്രര്‍ പട്ടിണികിടന്ന് മരിക്കുന്നത്?’. വിജയരാഘവന് പിന്തുണയുമായി രാജ്യസഭയിലെ മറ്റ് ഇടതുപക്ഷ എം പിമാരും എഴുന്നേറ്റതോടെ സഭ പ്രക്ഷുബ്ധമായി. അതോടെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയ് എഴുന്നേറ്റു.

‘സര്‍ക്കാര്‍ ദാരിദ്ര്യം മാറ്റാനായി ഒരുപാട് കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. പാളിച്ചകള്‍ പറ്റിയിട്ടുണ്ടോ എന്ന് പരിശോധിക്കും. പൊതുവിതരണ സമ്പ്രദായം കൂടുതല്‍ കാര്യക്ഷമമാക്കേണ്ടതുണ്ട്. ഇതിനെക്കുറിച്ച് ആലോചിക്കാന്‍ സര്‍ക്കാര്‍ സര്‍വ്വകക്ഷിയോഗം വിളിച്ചുചേര്‍ക്കാന്‍ തയ്യാറാണ്.’ അടുത്ത ദിവസം ദില്ലിയില്‍ ഇറങ്ങിയ എല്ലാ ഇംഗ്‌ളീഷ് ദിനപത്രങ്ങളുടേയും മുഖ്യവാര്‍ത്ത അതായിരുന്നു.

Also Read: ശൈലജ ടീച്ചർക്കെതിരായ സൈബർ ആക്രമണം; യുഡിഎഫ് നേതാക്കളുടെ അറിവോടെയല്ലാതെ നടക്കില്ല, കേരളം ടീച്ചർക്കൊപ്പം അണിനിരക്കും: എംവി ഗോവിന്ദൻ മാസ്റ്റർ

എ വിജയരാഘവന്റെ അവസരോചിതമായ ആ ഇടപെടലിന് തുടര്‍ച്ചയുണ്ടായി. വാജ്‌പേയ് സര്‍ക്കാരിന്റെ ഭക്ഷ്യനയത്തിന്റെ പൊളളത്തരങ്ങള്‍ തുറന്നുകാട്ടപ്പെട്ടു. യു പി എ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോഴും ആ വിഷയത്തില്‍ വിജയരാഘവന്‍ നിരന്തരം ഇടപെട്ടു. ഇടതുപകക്ഷത്തിന്റെ പിന്തുണയോടെ മന്‍മോഹന്‍സിംഗ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ഒരു പൊതുമിനിമം പരിപാടി തയ്യാറാക്കി. ആ പരിപാടിയില്‍ ‘ഭക്ഷ്യ സുരക്ഷ’ ഒരു വിഷയമായി ഉള്‍പ്പെടുത്തിയത് ഇടതുപക്ഷത്തിന്റെ നിര്‍ബന്ധം കൊണ്ട് മാത്രമാണ്. അടിസ്ഥാന നയത്തില്‍വെളളം ചേര്‍ത്താണെങ്കിലും ഭക്ഷ്യ സുരക്ഷാ നിയമം കൊണ്ടുവരാന്‍ മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ നിര്‍ബന്ധിതരായി. രാജ്യത്തെ കോടിക്കണക്കിന് ദരിദ്രര്‍ക്ക് ഭക്ഷ്യ സുരക്ഷാ നിയമത്തിലൂടെ വിശപ്പ് മാറ്റാന്‍ അരിയും ഗോതമ്പും ലഭിച്ചു. ഇതിനെല്ലാം തുടക്കമിട്ടത് വിജയരാഘവന്റെ നിര്‍ണ്ണായക ഇടപെടലായിരുന്നു.

മോദി ഭരണത്തിന് കീഴില്‍ ഭക്ഷ്യ സുരക്ഷ അപകടത്തിലായ കാലത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. ആഗോള വിശപ്പ് സൂചികയില്‍ ഇന്ത്യുടെ സ്ഥാനം111. ഭക്ഷ്യ സബ്‌സിഡി ഓരോവര്‍ഷവും വെട്ടികുറച്ചുകൊണ്ടിരിക്കുന്നു. രാജ്യത്ത്് പലയിടങ്ങളിലും റേഷന്‍കടകള്‍ നിശ്ചലമാണ്.
ഇത്തരം വിഷയങ്ങളില്‍ സസൂക്ഷ്മ പഠനം നടത്തി പാര്‍ലമെന്റില്‍ കാര്യക്ഷമമായി ഇടപെടാനും പാര്‍ലമെന്റിന് പുറത്ത് ജനകീയ സമരങ്ങള്‍ സംഘടിപ്പിക്കാനും ശേഷിയുളളവരാണ് ലോക്‌സഭയില്‍ എത്തേണ്ടത്. അവരില്‍ ആദ്യ പേരുകാരനാണ് എ വിജയരാഘവന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News