
മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്‍റെ ഭാഗമായുള്ള വൃത്തി 2025 ദേശീയ കോണ്‍ക്ലേവിന് ഇന്ന് തുടക്കമാകും. വൈകിട്ട് അഞ്ചു മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യും. അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന കോണ്‍ക്ലേവ് ഏപ്രിൽ 13 ന് സമാപിക്കും. മാലിന്യസംസ്‌കരണ രംഗവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളെപ്പറ്റിയുമുള്ള വിശദമായ ചർച്ചകൾക്കും പരിഹാര അന്വേഷണങ്ങൾക്കുമാണ് തദ്ദേശ സ്വയംഭരണ വകുപ്പ് വൃത്തി 2025 ദേശീയ കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്.
കേരളത്തെ പൂര്‍ണമായും മാലിന്യമുക്തമാക്കുകയെന്ന ലക്ഷ്യത്തോടെ 2023 മാർച്ചില്‍ തുടങ്ങിയ ‘മാലിന്യമുക്തം നവകേരളം’ ക്യാമ്പയിൻ വഴി കേരളം കൈവരിച്ച മികച്ച നേട്ടങ്ങളും, വികസിപ്പിച്ച മാതൃകകളും, പരീക്ഷിച്ച് വിജയം കണ്ട സാങ്കേതിക വിദ്യകളും, നാടിന്റെ വൃത്തിക്കായി പണിയെടുത്ത വ്യക്തികളും, സംഘടനകളും തുടങ്ങി എതിർപ്പ് പ്രകടിപ്പിക്കുന്നവരുടെ ആശങ്കകളും ആശയങ്ങളും വരെ ഒരൊറ്റ കുടക്കീഴിൽ കൊണ്ടു വരികയാണ് കോൺക്ലേവിലൂടെ ലക്ഷ്യമിടുന്നത്. ഏഴു മേഖലകളിലായി അറുപത് സെഷനുകളിൽ ഇരുനൂറോളം വിദഗ്ദ്ധരാണ് അഞ്ചുദിവസത്തെ പരിപാടിയിൽ ആശയങ്ങൾ പങ്കുവയ്ക്കുക.
150ൽ അധികം സ്റ്റാളുകളില്‍ തദ്ദേശസ്ഥാപനങ്ങളുടേയും മാലിന്യനിര്‍മാര്‍ജ്ജന രംഗത്തെ സ്ഥാപനങ്ങളുടേയും പ്രദര്‍ശനങ്ങള്‍ ഉണ്ടാകും. നൂതന ആശയ അവതരണം, ചെറുപ്പക്കാരേയും സംരംഭകരേയും നിക്ഷേപകരേയും ഈ മേഖലയിലേക്ക് ആകർഷിക്കുന്ന വിവിധ പരിപാടികൾ, വേസ്റ്റു ടു ആർട്ട് ഇൻസ്റ്റലേഷനുകൾ തുടങ്ങിയവയിലൂടെ മാലിന്യസംസ്കരണസംബന്ധിയായി രാജ്യത്തിന് അകത്തും പുറത്തുമുള്ള എല്ലാത്തരം മാറ്റങ്ങളെയും ചുവടുവെയ്പ്പുകളെയും ജനങ്ങൾക്ക് അടുത്തറിയാനാകും വിധമാണ് കോൺക്ലേവ് ഒരുക്കിയിരിക്കുന്നത്. 12ന് വൈകിട്ട് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഉദ്ഘാടനം ചെയ്യും. ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, സ്പീക്കര്‍ എ.എന്‍. ഷംസീര്‍, വിവിധ വകുപ്പ് മന്ത്രിമാർ തുടങ്ങിയവരും കോൺക്ലേവിൽ പങ്കെടുക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here