
വഖഫ് ഭേദഗതി ബില്ലിനെ നിയമപരമായി നേരിടാന്‍ എ പി, ഇ കെ സമസ്തകള്‍. രാജ്യത്തിന്റെ, മതേതരത്വ മൂല്യങ്ങളും ന്യൂനപക്ഷ അവകാശങ്ങളും കവര്‍ന്നെടുക്കുന്ന ഭരണഘടനാ വിരുദ്ധമായ വഖഫ് ഭേദഗതി ബില്ലിനെതിരെ കോടതിയെ സമീപിക്കാന്‍ പ്രസിഡണ്ട് ഇ സുലൈമാന്‍ മുസ്ലിയാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന എ പി വിഭാഗം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുശാവറ തീരുമാനിച്ചു. ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു.
ഇന്ന് കോഴിക്കോട് അടിയന്തരമായി ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനം കൈകൊണ്ടത്. എല്ലാ മതവിഭാഗങ്ങളെയും തുല്യമായി കാണുന്നതിന് പകരം അവര്‍ക്കിടയില്‍ വിഭാഗീയതയാണ് ഈ ബില്‍ സൃഷ്ടിക്കുക. ഇന്ത്യന്‍ ഭരണഘടന രാജ്യത്തെ പൗരന്‍മാര്‍ക്ക് നല്‍കുന്ന മൗലികാവകാശങ്ങള്‍ ഹനിക്കുന്നതാണ് ബില്‍. വഖഫ് സ്വത്തുക്കളെ ഇല്ലായ്മ ചെയ്യാനുമുള്ള നീക്കമാണ് ബില്ലിന് പിന്നില്‍. പാര്‍ലമെന്റില്‍ മതേതര രാഷ്ട്രീയ പാര്‍ട്ടികള്‍ ഉന്നയിച്ച പല ചോദ്യങ്ങള്‍ക്കും സര്‍ക്കാരിന് കൃത്യമായ ഉത്തരം നല്‍കാന്‍ കഴിഞ്ഞിട്ടില്ല. ഈ പ്രതിസന്ധി ഘട്ടത്തില്‍ നീതിപീഠത്തെ സമീപിക്കുകയെ വഴിയുള്ളൂവെന്ന് സമസ്ത മുശാവറ അഭിപ്രായപ്പെട്ടു.
സയ്യിദ് അലി ബാഫഖി, സയ്യിദ് ഇബ്റാഹീം ഖലീല്‍ അല്‍ ബുഖാരി, പേരോട് അബ്ദുള്‍ റഹ്‌മാന്‍ സഖാഫി, കെ പി മുഹമ്മദ് മുസ്ലിയാര്‍ കൊമ്പം, സി മുഹമ്മദ് ഫൈസി പന്നൂര്, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, അബ്ദുള്‍ ജലീല്‍ സഖാഫി ചെറുശ്ശോല തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
വഖഫ് ഭേദഗതി ബില്‍: നിയമപരമായി നേരിടും- സമസ്ത
ജനാധിപത്യ മതേതര കക്ഷികളുടെ ശക്തമായ എതിര്‍പ്പുകള്‍ മറികടന്നും ഭരണഘടനാ മൂല്യങ്ങള്‍ അട്ടിമറിച്ചും പാര്‍ലമെന്റില്‍ പാസ്സാക്കിയ വഖഫ് ഭേദഗതി ബില്‍ നിയമമാക്കപ്പെടുന്ന പക്ഷം നിയമപരമായി നേരിടുമെന്ന് ഇ കെ വിഭാഗം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാരും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.
കേന്ദ്ര വഖഫ് കൗണ്‍സിലിന്റെയും സംസ്ഥാന വഖഫ് ബോര്‍ഡുകളുടെയും വഖഫ് ട്രൈബ്യൂണലുകളുടെയും അധികാരങ്ങള്‍ കവര്‍ന്നെടുത്ത് വഖഫ് ഭൂമികള്‍ പിടിച്ചെടുക്കാനുള്ള തന്ത്രപരമായ നീക്കങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്. വഖഫ് ഭൂമികള്‍ സംരക്ഷിക്കുക എന്നത് ഭരണകൂടത്തിന്റെ കൂടി ബാധ്യതയാണ്. സമൂഹത്തില്‍ ഭിന്നത സൃഷ്ടിക്കാനും മുസ്ലിം സമുദായത്തിന്റെ അവകാശങ്ങള്‍ കവരാനുമാണ് കേന്ദ്ര ഭരണകൂടം ശ്രമിക്കുന്നത്. ഇത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. ഇന്ത്യയിലെ ജനാധിപത്യ, മതേതര ശക്തികള്‍ ഒറ്റകെട്ടായി തുടര്‍ന്നും ഇതിനെതിരേ പോരാടണമെന്നും അവര്‍ അഭ്യര്‍ഥിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here