
വഖഫ് ഭേദഗതി ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ച സമയത്ത് പ്രിയങ്കാ ഗാന്ധി ഹാജരാകാതിരുന്നതും വോട്ടെടുപ്പില്‍ പങ്കെടുക്കാതിരുന്നതും ഗുരുതര വീഴ്ചയാണെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എം പി. പഴയതു പോലെയല്ല, പാര്‍ലിമെന്റിലെ എം പിമാരുടെ ഇടപെടല്‍ ജനം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ആര്, എന്ത്, എങ്ങനെ, എപ്പോള്‍ പറയുന്നു, അവരുടെ മുഖഭാവങ്ങള്‍, പറയുന്നതിലെ ആത്മാര്‍ഥത, പ്രതിബദ്ധത എന്നിവയെല്ലാം ജനം നോക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സമകാലിക മലയാളം വാരികയിലെ മാധ്യമപ്രവര്‍ത്തകനായ പി എസ് റംഷാദിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബില്‍ അവതരണ വേളയില്‍ രാഹുല്‍ മിണ്ടാതിരുന്നത് നൽകിയ സന്ദേശം ഗുരുതരമായിരുന്നു. ഞങ്ങളൊക്കെ അവിടെ നെഞ്ചടിച്ച് പോരാടിക്കൊണ്ടിരിക്കുകയായിരുന്നു. മൂന്ന് വര്‍ഷം കൂടുമ്പോഴുള്ള പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്ന വേളയിലാണ് നിയമനിര്‍മാണ ചര്‍ച്ചയില്‍ പങ്കെടുക്കാനായി പാര്‍ലമെന്റില്‍ എത്തിയത്. കാരണം അതിന് വലിയ പ്രാധാന്യമുണ്ട്. എന്നാല്‍ യാതൊരു ഉത്തരവാദിത്വവും ഇല്ലാത്ത ഇവര്‍ സഭയില്‍ വരുന്നില്ലെന്ന് മാത്രമല്ല, മിണ്ടുന്നുമില്ല. അവര്‍ വഖഫ് ബില്ലിനോട് സീരിയസല്ല എന്നാണ് ഇതെല്ലാം വ്യക്തമാക്കുന്നത്.
യഥാര്‍ഥത്തില്‍ വഖഫ് ഭേദഗതി നിയമം കേവലം മുസ്ലിം വിഷയം അല്ല. ഭരണഘടനയുടെ അന്തഃസത്തയായ തുല്യതയും അവകാശങ്ങളും മതനിരപേക്ഷതയുമെല്ലാം ഇതിന്റെ ഭാഗമാണെന്നും ഡോ. ജോണ്‍ ബ്രിട്ടാസ് എം പി ചൂണ്ടിക്കാട്ടി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

