വഖഫിന്റെ എ ബി സി ഡി പോലും ബി ജെ പിക്ക് അറിയില്ലെന്നും രാജ്യത്തിന് എന്ത് സന്ദേശമാണ് ഈ ബില്‍ നല്‍കുന്നതെന്നും ഡോ. ജോണ്‍ ബ്രിട്ടാസ് എം പി. വിദ്വേഷവും വര്‍ഗീയതയും പരത്താന്‍ ശ്രമിക്കുകയാണ് ഈ ബില്ലിലൂടെ. എമ്പുരാരാനിലെ മുന്ന എന്ന കഥാപാത്രത്തെ പാര്‍ലമെന്റില്‍ കാണാം. മുന്നമാരെ കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിയുമെന്നും അദ്ദേഹം രാജ്യസഭയിൽ പറഞ്ഞു.
വഖഫ് ബോര്‍ഡ് ഒരു സ്റ്റാറ്റിറ്റ്യൂട്ടറി ബോഡിയാണ്. സുപ്രീംകോടതി പോലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. വഖഫ് ബോര്‍ഡിന്റെ അധികാരം മുസ്ലിം വിഭാഗത്തിന് മാത്രമാണ്. യു പിയില്‍ ഹോളിദിവനത്തില്‍ മുസ്ലീം പള്ളികള്‍ ടാര്‍പായ ഉപയോഗിച്ച് മറയ്ക്കുന്നു. പള്ളികള്‍ കെട്ടി മറയ്‌ക്കേണ്ട സാഹചര്യം കേരളത്തില്‍ ഇല്ല. നിങ്ങള്‍ കേരളത്തിലേക്ക് വരൂ, ആറ്റുകാല്‍ പൊങ്കാല ആഘോഷം കഴിഞ്ഞ ദിവസം കേരളത്തിൽ നടന്നു. എല്ലാ മതവിഭാഗവും ഒരുമിച്ചാണ് ആഘോഷിച്ചത്. ഇതാണ് കേരളത്തിന്റെ സംസ്‌കാരം.
Read Also: ‘നടക്കുന്നത് മോദി സർക്കാരിന്‍റെ ബുൾഡോസിംഗ്’; വഖഫ് ഭേദഗതി ബില്ലിനെതിരെ ആഞ്ഞടിച്ച് ബൃന്ദ കാരാട്ട്
ക്രിസ്ത്യാനികളുടെ പേരില്‍ ഇവിടെ മുതലക്കണ്ണീര്‍ ഒഴുക്കുകയാണ്. ജബൽപൂരിൽ ഇന്നും വൈദികർക്ക് നേരെ ആക്രമണം നടന്നു. മണിപ്പൂരിൽ 200ലധികം ക്രൈസ്തവ ആരാധനാലയങ്ങള്‍ ആക്രമിക്കപ്പെട്ടു. സ്റ്റാന്‍സ്വാമിയെ മറക്കാന്‍ പറ്റുമോ? ആ മനുഷ്യനെ ജയിലിലിട്ട് കൊന്നില്ലേ? ഗ്രഹാംസ്റ്റെയിന്‍സിനെ മറക്കാന്‍ പറ്റുമോ? ചുട്ടുകൊന്നില്ലേ? മുനമ്പത്തെ ആര്‍ക്കും വീട് നഷ്ടമാകില്ല. 5 ലക്ഷം ഭവനരഹിതര്‍ക്ക് വീട് നല്‍കാമെങ്കില്‍ മുനമ്പത്ത് ജനങ്ങളെ സംരക്ഷിക്കാന്‍ ഇടതുപക്ഷത്തിന് അറിയാം. നിങ്ങളുടെ മുതലക്കണ്ണീര്‍ തിരിച്ചറിയാന്‍ കേരളത്തിലെ ജനങ്ങള്‍ക്കറിയാം.
30 വെള്ളിക്കാശിന് യേശുക്രിസ്തുവിനെ ഒറ്റുകൊടുത്ത ഒരു കഥാപാത്രമുണ്ട്. അങ്ങനെയുള്ള ചിലര്‍ ഇവിടെയിരിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം കുരിശിന്റെ പേരില്‍ ക്രിസ്ത്യാനി എന്ന് പറഞ്ഞവരുണ്ട്. അവര്‍ യഥാര്‍ഥത്തില്‍ യേശുവിനെ ഒറ്റുകൊടുത്ത
യൂദാസിൻ്റെ ആളുകളാണെന്നും ഡോ. ജോൺ ബ്രിട്ടാസ് എം പി പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

