
പ്രതിപക്ഷത്തിന്റെയും മതേതര പാർട്ടികളുടെയും കൂട്ടായ്മകളുടെയും ശക്തമായ എതിർപ്പ് വകവെക്കാതെ, നിലവിലെ വഖഫ് നിയമങ്ങളിൽ അടിമുടി മാറ്റം വരുത്തി കേന്ദ്ര സർക്കാർ ഭരണഘടനാ വിരുദ്ധമായ നിയമം അടിച്ചേൽപിച്ചതിൽ ഐ.എൻ.എൽ സംസ്ഥാന കമ്മിറ്റി ഏപ്രിൽ 15ന് കോഴിക്കോട് പ്രതിഷേധ പരിപാടി സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി 15ന് ചൊവ്വാഴ്ച വൈകുന്നേരം 4ന് കോഴിക്കോട് ബീച്ചിൽ പ്രതിഷേധ പ്രകടനമായി ചെന്ന് വിവാദ നിയമത്തിന്റെ കോപ്പികൾ കടലിൽ വലിച്ചെറിയും. പാർട്ടി സംസ്ഥാന, ജില്ല, മണ്ഡലം ഭാരവാഹികളും പോഷക ഘടങ്ങളുടെ സാരഥികളും പാർട്ടി പ്രതിനിധികളും പരിപാടിയിൽ പങ്കെടുക്കും. രാഷ്ട്രീയ, സാംസ്കാരിക മേഖകളിലെ പ്രമുഖരെ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
ഭരണഘടന വിഭാവന ചെയ്യുന്ന മൗലികാവകാശങ്ങൾ പച്ചയായി ഹനിക്കുന്നതാണ് ഇതിനകം പ്രാബല്യത്തിൽ വന്ന 2025ലെ വഖഫ് ആക്ട് എന്ന് ഐ.എൻ.എൽ വിലയിരുത്തുന്നു. ലോക്സഭയിൽ ഭൂരിപക്ഷം ഇല്ലാത്ത എൻ.ഡി.എ മുന്നണി അധികാര ദുർവിനിയോഗത്തിലൂടെതാണ് പാർലമെന്റിൽ മേധാവിത്തം സ്ഥാപിച്ചതും ആർ.എസ്.എസിന്റെ ചിരകാല അജണ്ട നടപ്പിൽ വരുത്തിയതും. വിശ്വാസ, മത, സാംസ്കാരിക സ്വാതന്ത്ര്യം പൂർണമായി ഹനിക്കുന്ന, ന്യൂനപക്ഷ വിരുദ്ധമായ പുതിയ നിയമം വഖഫ് എന്ന 1500 വർഷമായി നിലനിൽക്കുന്ന ഒരു ജീവാകാരുണ്യ; ധർമ പരിപാലന സംവിധാനത്തെ തകർത്ത് , ലക്ഷക്കണക്കിന് വഖഫ് സ്വത്ത് വകകളിൽ കൈകടത്താനും പിടിച്ചെടുക്കാനും ഭരണകൂടത്തിന് അവസരം നൽകിയിരിക്കുന്നു. ഭ
രണ ഘടനയുടെ 14, 15, 25, 26, 30 അനുച്ഛേദങ്ങൾ പ്രദാനം ചെയ്യുന്ന മത സ്വാതന്ത്ര്യത്തെയും സാംസ്കാരിക അവകാശങ്ങളെയുമാണ് ഹിന്ദുത്വ സർക്കാർ പിച്ചിച്ചിന്തിയിരിക്കുന്നത്.അതുകൊണ്ട് തന്നെ രാജ്യം മുഴുക്കെ വിവാദ നിയമത്തിനെതിരെ പ്രതിഷേധ ശബ്ദം ഉയരുന്നുണ്ട്. നഗരങ്ങളിലും ഗ്രാമങ്ങളിലുമെല്ലാം സർക്കാറിന്റെ അനീതിക്കും ന്യൂനപക്ഷങ്ങളോടുള്ള ക്രൂരതകൾക്കുമെതിരെ ജനരോഷം അലയടിക്കുകയാണ്.
ഒട്ടനവധി പാർട്ടികളും കൂട്ടായ്മകളും വഖഫ് നിയമത്തിന്റെ സാധുത ചോദ്യം ചെയ്തു പരമോന്നത നീതി പീഠത്തെ സമീപിച്ചിട്ടുണ്ട്. മാറിയ അന്തരീക്ഷത്തിൽ ‘ജൂഡീഷ്യൽ റിവ്യൂവി’ലൂടെ അനുകൂല തീർപ്പുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അല്ലെങ്കിൽ വിവാദ നിയമം പിൻവലിക്കുന്നത് വരെ ജനാധിപത്യ പോരാട്ടം തുടരാനാണ് പ്രതിപക്ഷത്തിന്റെയും മതേതതര കൂട്ടായ്മകളുടെയും തീരുമാനം.
മുനമ്പം വഖഫ് പ്രശ്നം പുതിയ നിയമം പ്രാബല്യത്തിൽ വന്നതോടെ ഉടൻ പരിഹരിക്കപ്പെടും എന്ന് ബന്ധപ്പെട്ടവരെ തെറ്റരിദ്ധരിപ്പിക്കാൻ പ്രധാനമന്ത്രി മോദി മുതൽ ബി.ജെ.പിയുടെ കീഴ്ത്തട്ടിലുള്ള നേതാക്കൾ വരെ പ്രചണ്ഡമായ കുപ്രചാരണങ്ങൾ നടത്തുന്നത് ജനത്തെ കബളിപ്പിക്കാനുള്ള സംഘ്പരിവാറിന്റെ സ്ഥിരം തന്ത്രത്തിന്റെ ഭാഗമാണ്. വഖഫ് നിയമ ഭേദഗതിയിലുടെ കേരളത്തിൽ ബി.ജെ.പിക്ക് അനുകൂലമായ കാലാവസ്ഥ സൃഷ്ടിക്കാമെന്നും തെരഞ്ഞെടുപ്പിൽ വിജയിച്ചുകയറാൻ മാത്രം അടിത്തറ വികസിപ്പിക്കാമെന്നും കണക്കുകൂട്ടുന്നത് രാഷ്ട്രീയമോ നിയമമോ അറിയാത്തവരുടെ ജൽപനങ്ങൾ മാത്രമാണ്.
ഇത്തരമൊരു ഗൂഢക്ഷ്യവുമായി വിവിധ മത വിഭാഗങ്ങൾക്കിടയിൽ, പ്രത്യേകിച്ചും മുസ്‍ലിംകൾക്കും ക്രിസ്ത്യാനികൾക്കുമിടയിൽ അകൽച്ച സൃഷ്ടിക്കാനും പരസ്പരം തല്ലിക്കാനും സംഘ്പരിവാർ തുടങ്ങിവെച്ച ആസൂത്രിത നീക്കം ഇതിനകം തിരിച്ചറിയപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ നമ്മുടെ സംസ്ഥാനത്തിന്റെ മതനിരപേക്ഷ പൈതൃകവും ജനാധിപത്യ-മതസൗഹാർദ പാരമ്പര്യവും കളഞ്ഞുകുളിച്ച് ഒരു ‘വർഗീയവിപ്ലവം’ സൃഷ്ടിച്ചുകളയാം എന്ന വ്യാമോഹവുമായി സാമൂഹിക, രാഷ്ട്രീയാന്തരീക്ഷം കലുഷിതമാക്കാൻ ഇറങ്ങിത്തിരിച്ചവർക്കെതിരെ കേരളീയർ ഒറ്റക്കെട്ടായി ചെറുത്തുനിൽക്കേണ്ട ചരിത്ര സന്ധിയാണിതെന്ന് ഐ.എൻ.എൽ ഓർമപ്പെടുത്തുന്നു.
വാർത്താ സമ്മേളനത്തിൽ ഐ.എൻ.എൽ സംസ്ഥാന പ്രസിഡന്റ് അഹമ്മദ് ദേവർകോവിൽ എം.എൽ.എ, ജന.സെക്രട്ടറി കാസിം ഇരിക്കൂർ, പാർട്ടി കോഴിക്കോട് ജില്ല പ്രസിഡന്റ് ശോഭ അബൂബക്കർ ഹാജി, ജന.സെക്രട്ടറി ഒ.പി അബ്ദുറഹ്മാൻ എന്നിവർ പങ്കെടുത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

