
ഫാസ്റ്റ് ഫുഡ് പ്രിയരായ ഇന്ത്യക്കാരെ ലക്ഷ്യം വച്ച് മറ്റൊരു അമേരിക്കൻ ബിസിനസ് ഭീമൻ കൂടി രാജ്യത്ത് കാലുകുത്തുന്നു. യുഎസ് ബില്യണയർ നിക്ഷേപകനും ബെർക്ക് ഷെയർ ഹാത് വേ സ്ഥാപകനുമായ വാറൻ ബഫറ്റാണ്, തന്‍റെ നിയന്ത്രണത്തിലുള്ള ഡയറി ക്വ്യൂന്‍ എന്ന ഐസ്‌ക്രീം ബ്രാൻഡുമായി ഇന്ത്യയിലേക്ക് വരുന്നത്. പിസ ഹട്ടും കെഎഫ്‌സിയും പോലുള്ള പാശ്ചാത്യ രുചികളെ ഇന്ത്യയിലെത്തിച്ച ദേവയാനി ഇന്റർനാഷണൽ ആവും ഡി ക്യൂ എന്നറിയപ്പെടുന്ന ഡയറി ക്വ്യൂനിന്‍റെയും എൻട്രിക്ക് പിന്നിലെന്നാണ് റിപ്പോർട്ടുകൾ.
1997 ലാണ് 585 മില്യൺ ഡോളറിന്‍റെ ക്യാഷ് ആൻഡ് സ്റ്റോക്ക് ഇടപാടിലൂടെ ബെർക്ക് ഷെയർ ഹാത്വേ ഡയറി ക്വീൻ ഏറ്റെടുക്കുന്നത്. നിലവിൽ 20 രാജ്യങ്ങളിലായി 7,700ഓളം സ്‌റ്റോറുകൾ ഈ ഐസ്ക്രീം ബ്രാൻഡിനുണ്ട്. വാറൻ ബഫറ്റ് തന്നെ ഡി ക്യു ഐസ്ക്രീമുകളുടെ വലിയൊരു ഫാനാണ് എന്നതുതന്നെ ഈ ബ്രാൻഡിന്‍റെ പ്രത്യേകതയാണ്. ഡിക്യുവിന്റെ വാനില സോഫ്റ്റ് സെർവും ബനാന സ്പ്ലിറ്റും ബഫറ്റിന്‍റെ ഫേവറിറ്റുകളായാണ് അറിയപ്പെടുന്നത്.
ALSO READ; മിൽമയുടെ പേരും ഡിസൈനും അനുകരിച്ചു; ‘മിൽന’ ഡെയറിക്ക് ഒരു കോടി രൂപ പിഴയിട്ട് കോടതി
കസ്റ്റമസൈഡ് ഐസ്ക്രീമുകളാണ് ഡി ക്യുവിനെ മറ്റു ബ്രാൻഡുകളിൽ നിന്നും വ്യത്യസ്‍തമാക്കുന്നത്. എല്ലാ പ്രായത്തിലുള്ളവരുടെയും രുചികൾ തൃപ്തിപ്പെടുത്തുന്ന മെനുവാണ് ആളുകൾക്കിടയിൽ ഡി ക്യുവിനെ പ്രിയങ്കരമാക്കുന്ന മറ്റൊരു കാരണം. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 6.4 ബില്യന്‍ ഡോളറിന്റെ വിറ്റുവരവാണ് ആഗോളതലത്തില്‍ കമ്പനി നേടിയത്. 2030 ആവുമ്പോഴേക്കും പത്ത് ബില്യന്‍ വിറ്റുവരവ് ലക്ഷ്യത്തെ വക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യൻ വിപണിയിലേക്കുള്ള വരവ്.
ഇന്ത്യന്‍ ഐസ്‌ക്രീം മാനുഫാക്ചറിംഗ് അസോസിയേഷന്‍റെ വാക്കുകൾ ശെരിയെങ്കിൽ അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 45,000 കോടിയുടെ മൂല്യത്തിലേക്ക് ഇന്ത്യയിലെ ഐസ്‌ക്രീം വിപണി എത്തും. ഈ സാഹചര്യം ഉപയോഗപ്പെടുത്താൻ കൂടിയാണ് ഡീക്യു എത്തുന്നത്. നഗരവത്കരണം, ഫാസ്റ്റ് ഫുഡുകളോടുള്ള ഇന്ത്യക്കാരുടെ പ്രേമം, എവിടെയും എത്തുന്ന ഡെലിവറി സൗകര്യം ഇങ്ങനെയുള്ള ഘടകങ്ങളാണ്, കുറഞ്ഞ കാലം കൊണ്ട് ഇന്ത്യയിലെ ഫാസ്റ്റ് ഫുഡ് മേഖലയെ ലക്ഷം കോടികളുടെ വിപണിയായി വളർത്തിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here