
മനുഷ്യർ എല്ലാവരും വളരെ സിമ്പിൾ ആണ്. വളരെ ചെറിയ കാര്യങ്ങളിൽ നമ്മൾ സന്തോഷം കണ്ടെത്തുമ്പോൾ, അതുപോലെ ചെറിയ കാര്യങ്ങൾ നമ്മളെ അസ്വസ്ഥരാക്കാറുമുണ്ട്. പുതിയ വസ്ത്രങ്ങൾ ധരിക്കുമ്പോൾ കിട്ടുന്ന സന്തോഷം, അതൊന്ന് വേറെ തന്നെയാണ്. അന്നത്തെ ദിവസം തന്നെ നിങ്ങളെ വളരെ പോസിറ്റീവായി നിർത്താൻ ഒരു പക്ഷേ ആ വസ്ത്രങ്ങൾക്ക് സാധിച്ചേക്കാം. പുതിയ വസ്ത്രങ്ങൾ പുതുമയും മണവും നിലനിൽക്കുമ്പോൾ തന്നെ ധരിക്കാനാണ് എല്ലാവർക്കും ഇഷ്ടം. അതുകൊണ്ട് തന്നെ ധരിക്കുന്നതിന് മുൻപ് നമ്മൾ പലരും അത് കഴുകാറില്ല. എന്നാൽ അത് നല്ലതാണോ ? കഴുകുന്നത് അവയുടെ ആകർഷണീയത ഇല്ലാതാക്കുമെന്നും, ആദ്യത്തെ കഴുകലിന് ശേഷം പുതുമ മങ്ങുമെന്നുമാണ് എല്ലാവരും കരുതുന്നത്. എന്നാൽ പുതു വസ്ത്രങ്ങളുടെ വൃത്തിയെ കുറിച്ച് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ ?
വളരെ ദൂരം സഞ്ചരിച്ചാണ് ഇവ നമ്മുടെ കൈകളിൽ എത്തുന്നത്. ഫാക്ടറികളും വെയർഹൗസുകളും മുതൽ ഷിപ്പിംഗ് കണ്ടെയ്നറുകളും റീട്ടെയിൽ ഷെൽഫുകളും വരെ ഇതിൽ പെടുന്നു. ഇങ്ങനെയെത്തുന്ന വസ്ത്രം നിരവധി കൈകളിലൂടെയും കടന്നുപോകുന്നു. അവയിൽ പൊടിയും അഴുക്കും ബാക്ടീരിയകളും പറ്റിപ്പിടിക്കാൻ സാധ്യത ഏറെയാണ്. ഇനി നിങ്ങൾ ഒരു കടയിൽ നിന്നാണ് വസ്ത്രം വാങ്ങുന്നതെങ്കിൽ, അത് ആദ്യമായി ധരിക്കുന്നത് നിങ്ങളാകാൻ സാധ്യതയില്ല. പലരും ട്രയൽ നോക്കിയ വസ്ത്രങ്ങളാകാം അത്. മറ്റൊരാളുടെ ചർമ്മത്തിൽ സ്പർശിച്ച വസ്ത്രം നേരിട്ട് ധരിക്കുന്നത് അത്ര സുരക്ഷിതമല്ലെന്ന് പറയേണ്ടതില്ലല്ലോ.
ALSO READ: ഡ്രൈ ഫ്രൂട്ട്സ് ധാരാളം കഴിക്കുന്നത് അത്ര നല്ലതല്ല കേട്ടോ… പാർശ്വഫലങ്ങളുണ്ടാകാം; വിദഗ്ധർ പറയുന്നത്
വസ്ത്രങ്ങൾ നിർമ്മിക്കുമ്പോൾ അവയുടെ നിറവും മൃദുത്വവും നിലനിർത്താൻ കെമിക്കലുകൾ ഉപയോഗിക്കാറുണ്ട്. ഇവ കളയേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ ധരിക്കുന്നതിന് മുമ്പ് പുതിയ വസ്ത്രങ്ങൾ കഴുകുന്നത് നല്ലതാണ്.
വസ്ത്രം നിർമ്മിക്കുമ്പോൾ ഉപയോഗിക്കുന്ന ഇത്തരം വസ്തുക്കൾ നിങ്ങളുടെ ചർമ്മത്തിൽ അസ്വസ്ഥതകളുണ്ടാക്കാൻ കാരണമാകുമെന്ന് ഗുരുഗ്രാമിലെ മാരെൻഗോ ഏഷ്യ ഹോസ്പിറ്റൽസിലെ ഡെർമറ്റോളജി സീനിയർ കൺസൾട്ടന്റായ ഡോ. പ്രിയങ്ക ഹെംരാജനി പറയുന്നു. “വസ്ത്രങ്ങളിലെ രാസവശിഷ്ടങ്ങൾ ചർമ്മവുമായി നേരിട്ട് സമ്പർക്കത്തിൽ വരുമ്പോൾ, പ്രത്യേകിച്ച് സെൻസിറ്റീവ് ചർമ്മമുള്ളവരിൽ അലർജിയും ചൊറിച്ചിലും വരാൻ സാധ്യതയുണ്ട്.
ചർമ്മരോഗങ്ങളുള്ളവർക്ക് ഇത് കാര്യമായി ബാധിക്കും. സെൻസിറ്റീവ് ചർമ്മമുള്ളവർ, എക്സിമ അല്ലെങ്കിൽ അലർജി ഉള്ളവർ എന്നിവർ പുതിയ വസ്ത്രങ്ങൾ ധരിക്കുന്നതിന് മുമ്പ് തീർച്ചയായും കഴുകണം. ശരീരത്തോട് ഒട്ടിനിൽക്കുന്ന വസ്ത്രങ്ങൾ, അടിവസ്ത്രങ്ങൾ, വ്യായാമം ചെയ്യുമ്പോൾ ധരിക്കുന്ന വസ്ത്രങ്ങൾ എന്നിവ കഴുകി ഉപയോഗിക്കുന്നതാണ് നല്ലത്. ഇവ വിയർപ്പുമായി ചേർന്ന് ചർമ്മത്തിൽ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കാനുള്ള സാധ്യത ഉണ്ട്.
എന്നാൽ പുതിയ വസ്ത്രങ്ങൾ ധരിക്കുന്നതിന് മുമ്പ് കഴുകേണ്ടത് അത്യാവശ്യമായ ഒരു കാര്യമല്ല. പക്ഷേ ഇത് ഒരു എളുപ്പ ചർമ്മസംരക്ഷണ ശീലമായി കരുതുന്നത് നല്ലതാണ്. ചില കോട്ടുകൾ, ജാക്കറ്റുകൾ അല്ലെങ്കിൽ പ്രത്യേക ചടങ്ങുകൾക്ക് ധരിക്കുന്ന വിലകൂടിയ വസ്ത്രങ്ങൾ എന്നിവ കഴുകിയാൽ അവയുടെ ഫിനിഷ് നഷ്ടപ്പെട്ടേക്കാം. ഇത്തരം വസ്ത്രങ്ങൾ ധരിക്കുന്നതിന് മുമ്പ് കുറച്ചുനേരം വെയിലത്തോ കാറ്റത്തോ ഇട്ട് വായുസഞ്ചാരം ഉറപ്പാക്കുകയോ അല്ലെങ്കിൽ ഉള്ളിൽ മറ്റൊരു വസ്ത്രം ധരിക്കുകയോ ചെയ്യാം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

