വയനാട്ടില്‍ ഉടന്‍ ഉപതെരഞ്ഞെടുപ്പ് നടക്കുമോ? ഇന്നറിയാം

രാഹുല്‍ ഗാന്ധി എംപി സ്ഥാനത്ത് നിന്നും അയോഗ്യനായതിനെ തുടര്‍ന്ന് വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുമോ എന്ന് ഇന്നറിയാം. കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് തീയതി ചൊവ്വാഴ്ച പ്രഖ്യാപിക്കുന്നതിനോടൊപ്പം വയനാടിനെ സംബന്ധിച്ച നിലപാടും തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കുമെന്നാണ് സൂചനകള്‍. രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്തു നിന്നും അയോഗ്യനാക്കിയെന്ന അറിയിപ്പ് ലോക്‌സഭ സെക്രട്ടറിയേറ്റ് ചൊവ്വാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയിരുന്നു. ഇതിനെ തുടര്‍ന്നാണ് വയനാട് ഉപതെരഞ്ഞെടുപ്പിനെ സംബന്ധിച്ച അഭ്യൂഹങ്ങള്‍ ഉയരുന്നത്. അതേ സമയം സമാന സാഹചര്യത്തില്‍ ലക്ഷദ്വീപില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ അത് പിന്‍വലിക്കേണ്ടി വന്നു. ഈ സാഹചര്യത്തില്‍ അടിയന്തര നീക്കം വേണ്ടെന്ന ചിന്തയിലാണ് കമ്മീഷന്‍ എന്നും റിപ്പോര്‍ട്ടുകളുണ്ട്.

കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പിനൊപ്പം വയനാട്ടിലെ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന കാര്യം ആലോചനയിലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. നിയവിദഗ്ധരുടെ നിലപാട് കൂടി തേടിയ ശേഷമാകും തീരുമാനമെന്നാണ് സൂചനകള്‍. വയനാട്ടില്‍ ഉടന്‍ തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യവുമായി ബിജെപി കമ്മീഷനെ സമീപിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ലക്ഷദ്വീപ് എംപി മുഹമ്മ് ഫൈസലിനെ അയോഗ്യനാക്കിയ ഉടന്‍ ത്രിപുര, മിസോറാം, നാഗാലാന്റ് എന്നീ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനൊപ്പം ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി മുഹമ്മദ് ഫൈസലിനെതിരായ കോടതി വിധി മരവിപ്പിച്ച പശ്ചാത്തലത്തില്‍ തീരുമാനത്തില്‍ നിന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പിന്‍മാറുകയായിരുന്നു. എംപിയായ മുഹമ്മദ് ഫൈസലിനെ വധശ്രമക്കേസില്‍ ശിക്ഷിച്ചതോടെയാണ് ലക്ഷദ്വീപില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. എന്നാല്‍ മേല്‍ കോടതിയില്‍ അപ്പീലടക്കം ഇരിക്കെ ധൃതിപ്പിടിച്ചാണ് കമ്മീഷന്‍ തീരുമാനമെന്നും അതുകൊണ്ട് ഉപതെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് തീരുമാനം പുനപരിശോധിക്കാന്‍ സുപ്രീംകോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കിയത്. ഹൈക്കോടതി ഫൈസലിന്റെ ശിക്ഷാവിധി മരവിപ്പിച്ച സാഹചര്യത്തില്‍ ഈക്കാര്യം കണക്കിലെടുക്കാന്‍ സുപ്രീംകോടതി കമ്മീഷന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

ഇന്നു രാവിലെ 11:30 ന് ദില്ലിയിലാണ് കര്‍ണ്ണാടക നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം. 224 അംഗ കര്‍ണാടക നിയമസഭയുടെ കാലാവധി മേയ് 24ന് അവസാനിക്കാനിരിക്കെയാണ് പ്രഖ്യാപനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News