
കോൺഗ്രസ് വയനാടിനായി പിരിച്ച പണത്തിന്റെ കണക്കാണ് ഇന്ന് കേരളത്തിലെ ഒരു ചർച്ചാ വിഷയം. ചർച്ച ചെയ്യാൻ പോലും ഒരു കണക്ക് അവർ പുറത്തുവിട്ടിട്ടില്ല. പിരിച്ച പണത്തിന്റെ കണക്ക് ‘ആപ്പ്’ നോക്കിയാൽ അറിയാമെന്ന് പറഞ്ഞത് കേട്ട് ആപ്പ് തപ്പി പോയാലോ അതിന്റെ പൊടിപോലുമില്ല. വയനാട്ടിലെ ജനങ്ങൾക്കെന്ന പേരിൽ പിരിച്ച പണമെടുത്ത് തെരഞ്ഞെടുപ്പിന് ധൂർത്തടിക്കലാണ് കോൺഗ്രസുകാർ. അതുകൊണ്ടു തന്നെ അവരുടെ സ്ഥാനാർത്ഥികളുടെ ഓരോ ചിരിക്കുന്ന പോസ്റ്ററിന് പിന്നിലും വയനാടുകാരുടെ കണ്ണീരുണ്ട്. ഇങ്ങനെ തന്നെ ആയിരുന്നു ദുരന്തബാധിതർക്ക് കോൺഗ്രസ് പണിതു നൽകുന്ന വീടുകളിലേക്ക് പൊതുജനങ്ങളിൽ നിന്നും സംഭാവനയായി സ്വീകരിച്ച പത്തു ലക്ഷം രൂപയുടെ ഗൃഹോപകരണങ്ങൾ ഒരു ‘യാത്ര’ പോയത്. 2024 സെപ്റ്റംബർ 24-നാണ് കോതമംഗലത്ത് നിന്ന് ഈ സാധനങ്ങളുമായി വാഹനം പുറപ്പെട്ടത്. എന്നാൽ പോയത് അല്ലാതെ അത് എത്തിയില്ല എവിടെയും.
ദുരന്തബാധിതരുടെ പേരിൽ പിരിച്ചെടുത്ത പണം മാത്രമല്ല, അവർക്കായി നൽകിയ ഫർണിച്ചറുകളും മറ്റ് സാമഗ്രികളും നേതാക്കൾ സ്വന്തം വീടുകളിലേക്ക് മാറ്റിയെന്നാണ് ഉയരുന്ന പ്രധാന ആക്ഷേപം. ഈ സാധനങ്ങൾ ഇപ്പോൾ ഏതൊക്കെ നേതാക്കളുടെ വീട്ടിലാണെന്ന് അന്വേഷിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
ദുരന്തബാധിതരുടെ കണ്ണീരൊപ്പാനെന്ന വ്യാജേന നടത്തുന്ന ഇത്തരം പകൽക്കൊള്ളകളെ മുൻനിർത്തി എം. സ്വരാജ് കഴിഞ്ഞ ദിവസം നടത്തിയ ‘ശവം തൂക്കികൾ’ എന്ന പ്രയോഗം ഇവർക്ക് അച്ചട്ടാണ്. കോൺഗ്രസുകാർ വിക്ടർ ഹ്യൂഗോയുടെ ‘പാവങ്ങളിലെ’ ശവംതൂക്കൂകാരാണെന്ന് ആണ് സ്വരാജ് വാർത്താസമ്മേളനത്തിൽ പറഞ്ഞത്. വയനാട് ദുരന്തബാധിതരുടെ പേരിൽ കോൺഗ്രസ് പിരിച്ച പണം പ്രചാരണത്തിന് വേണ്ടി ഉപയോഗിക്കുകയാണ്. മോഷ്ടാകൾക്കിടയിൽ പോലും ചില ധാർമ്മികതയുണ്ട്. എന്നാൽ മോഷ്ടാക്കളുടെ ധാർമ്മികത പോലുമില്ലാത്ത കൂട്ടരായി കോൺഗ്രസ് മാറിയെന്നും അദ്ദേഹം പറഞ്ഞു. എത്ര തുക പിരിച്ചു എന്ന് പോലും ഇത് വരെ കോൺഗ്രസ് പറയുന്നില്ല. ജനങ്ങളെ കബളിപ്പിച്ച് ദുരന്തബാധിതരുടെ അവകാശങ്ങൾ കവർന്നെടുക്കുന്ന ഇത്തരം നിലപാടുകൾക്കെതിരെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്.
.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

