
ഹേമചന്ദ്രൻ കൊലക്കേസിൽ മുഖ്യപ്രതി നൗഷാദിന്റെ വാദങ്ങൾ മുഖവിലക്ക് എടുക്കാതെ അന്വേഷണ സംഘം. ഹേമചന്ദ്രനെ കൊലപ്പെടുത്തിയത് നൗഷാദിന്റെ നേതൃത്വത്തിൽ തന്നെയെന്ന് പൊലീസ് പറയുന്നു. തെറ്റു പറ്റിപ്പോയെന്ന് നൗഷാദ് അന്വേഷണ സംഘത്തിന് വാട്സ്ആപ്പ് സന്ദേശം അയച്ചിരുന്നു. നൗഷാദ് വൈകാതെ പിടിയിലാകുമെന്നും പൊലീസ് പറയുന്നു. നൗഷാദിന്റെ വിസിറ്റിംഗ് വിസയുടെ കാലാവധി ഈ മാസം എട്ടിനു അവസാനിക്കും. കേസിൽ രണ്ടു സ്ത്രീകളെ കൂടി പ്രതി ചേർക്കാനും പോലീസ് നീക്കം.
കൊല്ലപ്പെട്ട ഹേമചന്ദ്രൻ ജ്യോതിഷ്, നൗഷാദ് എന്നിവരുടെ കൂടെയാണ് വയനാട്ടിലേക്ക് പോയതെന്ന് സ്ഥിരീകരിച്ച് പൊലീസ്. നൗഷാദ് ഹേമചന്ദ്രനെ ട്രാപ്പ് ചെയ്താണ് വയനാട്ടിലേക്ക് കൊണ്ടു പോയതെന്നും നൗഷാദിന് ഒരുപാട് പണം ഹേമചന്ദ്രൻ നൽകാനുണ്ടായിരുന്നെന്നും ഡിസിപി അരുൺ കെ പവിത്രൻ മാധ്യമങ്ങളോട് വ്യക്തമാക്കി. ഹേമചന്ദ്രൻ വലിയ സാമ്പത്തിക ഇടപാട് നടത്തിയിരുന്നെന്നും മുമ്പും ഇദ്ദേഹം നാട്ടിൽ നിന്ന് വിട്ട് നിന്നിരുന്നെന്നും പൊലീസ് കണ്ടെത്തിയിരുന്നു.
ALSO READ: വിസ്മയ കേസ്; പ്രതി കിരൺകുമാറിന് ജാമ്യം, ശിക്ഷാവിധി മരവിപ്പിച്ച് സുപ്രീംകോടതി
കണ്ണൂർ സ്വദേശിനിയുടെ ഫോൺകോളിലൂടെയാണ് ഹേമചന്ദ്രനെ വീട്ടിൽ നിന്ന് ഇറക്കിയത്. വയനാട് വച്ചാണ് കൊലപാതകം നടന്നത്. ഹേമചന്ദ്രൻ മൈസൂർ, ഗുഡൽപ്പെട്ട് എന്നിവടങ്ങളിൽ പോയെന്ന് പ്രതികൾ സിഡിആറിലൂടെ വരുത്തി തീർത്തു. മൈസൂരിൽ പോവുകയാണ് എന്ന ഹേമചന്ദ്രന്‍റെ വ്യാജ ശബ്ദത്തിൽ പ്രതികൾ മകളെ വിളിച്ചു പറഞ്ഞിരുന്നു. ഇതിൽ മകൾക്ക് സംശയം തോന്നിയിരുന്നു. ഹേമചന്ദ്രന്‍റെ ഫോണിൽ മകൾക്ക് വന്ന കോൾ അച്ഛന്‍റേതല്ല എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
തുടക്കത്തിൽ പ്രതികൾ നല്ല രീതിയിൽ സംശയം തോന്നാത്ത വിധമാണ് പൊലീസിനോട് പെരുമാറിയത്. 400 വ്യക്തികളുടെ സിഡിആർ പരിശോധിക്കുകയും വളരെ ശാസ്ത്രീയമായി അന്വേഷിക്കുകയും ചെയ്തു. വയനാട്, തമിഴ്നാട് കേന്ദ്രീകരിച്ചും അന്വേഷിച്ചു. നിലവിൽ ശാരീരിക പ്രത്യേകതകൾ പ്രകാരം ഹേമചന്ദ്രന്‍റെ മൃതദേഹം തന്നെയാണ് കിട്ടിയിരിക്കുന്നതെന്നും, ഉറപ്പാക്കാൻ ഡിഎൻഎ പരിശോധന നടത്തുമെന്നും ഡിസിപി അറിയിച്ചു. നിലവിൽ, പ്രതിയായ നൗഷാദ് സൗദിയിലാണ്. നാട്ടിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നുണ്ടെന്നും നൗഷാദിനായി ലുക്ക് ഓട്ട് നോട്ടീസ് ഇറക്കിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിനിടെയാണ് ഹേമചന്ദ്രന്റേത് കൊലപാതകമല്ല, ആത്മഹത്യയാണെന്നാണ് പ്രതി നൗഷാദ് പുറത്തുവിട്ട വീഡിയോയിലൂടെ പറഞ്ഞിരിക്കുന്നത്. ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയപ്പോൾ മറവ് ചെയ്യുകയല്ലാതെ മറ്റ് വഴികൾ ഇല്ലായിരുന്നുവെന്നും അങ്ങനെയാണ് മൂന്നുപേരും ചേർന്ന് മൃതദേഹം കുഴിച്ചിട്ടതെന്നുമാണ് വീഡിയോയിലൂടെ നൗഷാദ് പറയുന്നത്. താന്‍ എങ്ങോട്ടും ഒളിച്ചോടിയിട്ടില്ല. രണ്ട് മാസത്തെ വിസിറ്റിങ് വിസയില്‍ സൗദിയില്‍ എത്തിയതാണെന്നും തിരിച്ചുവന്നാൽ ഉടൻ പൊലീസിനു മുന്നിൽ ഹാജരാകുമെന്നും വീഡിയോയില്‍ പറയുന്നു. ഹേമ ചന്ദ്രൻറെ മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടം ചെയ്യണമെന്നും നൗഷാദ് ആവശ്യപ്പെട്ടു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here