നിശ്ചയദാര്‍ഢ്യം; സിവില്‍ സര്‍വീസ് റാങ്ക് പട്ടികയില്‍ ഇടംപിടിച്ച് ഷെറിന്‍ ഷഹാന

സിവില്‍ സര്‍വീസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചപ്പോള്‍ അഭിമാനമായി ഷെറിന്‍ ഷഹാന. ടെറസില്‍ നിന്ന് വീണ് പരുക്കേറ്റതിനെ തുടര്‍ന്ന് നടക്കാന്‍ കഴിയാതായ ഈ മിടുക്കി വീല്‍ചെയറിലിരുന്നാണ് സിവില്‍ സര്‍വീസ് സ്വപ്‌നം കണ്ടത്. റാങ്ക് പട്ടികയില്‍ 913-ാമതായാണ് ഷെറിന്‍ ഷഹാന ഇടംപിടിച്ചത്.

കമ്പളക്കാട്ടെ പരേതനായ ടി.കെ ഉസ്മാന്റെ മകളാണ് ഷെറിന്‍ ഷഹാന. കമ്പളക്കാട് പ്രദേശത്ത് നിന്നുള്ള രണ്ടാമത്തെ സിവില്‍ സര്‍വീസ് ജേത്രി കൂടിയാണ് ഷെറിന്‍. ഇന്ത്യന്‍ റെയില്‍ ചീഫ് സെക്യൂരിറ്റി കണ്ടീഷണര്‍ മുഹമ്മദ് അഷറഫ് കെ.യാണ് ഷെറിന് മുമ്പ് കമ്പളക്കാട് നിന്ന് സിവില്‍ സര്‍വീസ് പരീക്ഷ പാസായത്. പെരിന്തല്‍മണ്ണ ഹൈദരലി ശിഹാബ് തങ്ങള്‍ സിവില്‍ സര്‍വീസ് അക്കാദമിയില്‍ നിന്നാണ് ഷെറിന്‍ പരിശീലനം നേടിയത്.

പഠിക്കുന്ന സമയത്തായിരുന്നു ഷെറിന്‍ ഷഹാനയ്ക്ക് അപകടം സംഭവിച്ചത്. പി.ജി പരീക്ഷ കഴിഞ്ഞ് ടെറസില്‍ വിരിച്ചിട്ട വസ്ത്രം എടുക്കാന്‍ പോയതായിരുന്നു ഷെറിന്‍. മഴ പെയ്ത് കുതിര്‍ന്നു കിടന്നതുകൊണ്ട് വസ്ത്രം വലിച്ചെടുക്കുന്നതിനിടെ വഴുക്കി മുന്നോട്ട് ആഞ്ഞു. സണ്‍ഷെയ്ഡില്‍ ചെന്നിടിച്ചാണ് താഴേക്ക് വീഴുന്നത്. അവിടെ വച്ചുതന്നെ നട്ടെല്ലിനും വാരിയെല്ലിനുമുള്ള പരുക്ക് മനസിലായിരുന്നു. ആശുപത്രിയില്‍ കൊണ്ടുപോകുന്ന വഴിയിലെല്ലാം നട്ടെല്ലിനു വേദനയുണ്ടായിരുന്നു.

സര്‍ജറി കഴിഞ്ഞ് ഒരുമാസത്തെ അബോധാവസ്ഥയ്ക്കു ശേഷമാണ് തനിക്ക് പറ്റിയ അപകടത്തെക്കുറിച്ച് ഷെറിന്‍ തിരിച്ചറിയുന്നത്. പിന്നാലെ ഓര്‍മക്കുറവും ബാധിച്ചതോടെ എല്ലാം കൈവിട്ടുപോയെന്നാണ് ഷെറിന്‍ കരുതിയത്. പി.ജി വരെ പഠിച്ച ഷെറിന്‍ ആദ്യം മുതല്‍ അക്ഷരങ്ങള്‍ പഠിച്ചു തുടങ്ങി. നെറ്റ് നേടിയെടുത്തു. ഇതിനിടെയാണ് ഐഎഎസ് സ്വപ്‌നം കണ്ടതും അതിനായി കഠിനമായി പരിശ്രമിച്ചതും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here