
വയനാട് ജില്ലയിൽ ഷിഗെല്ല രോഗബാധയുമായി ചികിത്സ തേടുന്നവരുടെ എണ്ണം വർധിക്കുന്നത് ആശങ്കയുണ്ടാക്കുന്നു. ഇതുവരെ ജില്ലയിൽ 514 പേരാണ് രോഗലക്ഷണങ്ങളുമായി ചികിത്സ തേടിയത്. ഇന്ന് ഏഴ് പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചതോടെ ജില്ലയിൽ ആകെ ഷിഗെല്ല രോഗബാധിതരുടെ എണ്ണം 16 ആയി ഉയർന്നു.
രോഗം സ്ഥിരീകരിച്ച 16 കുട്ടികളുടെയും ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ഡി.എം.ഒ) കെ.ടി. രേഖ അറിയിച്ചു. ജില്ലയിൽ പകർച്ചവ്യാധി നിരീക്ഷണവും നിയന്ത്രണവും പ്രതിരോധ ബോധവൽക്കരണ പ്രവർത്തനങ്ങളും ശക്തമാക്കിയതായും ഡി.എം.ഒ പറഞ്ഞു.
അതേസമയം ആരോഗ്യ വകുപ്പിനും മന്ത്രിക്കുമെതിരെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. ആരോഗ്യ വകുപ്പിന്റെ പ്രതിരോധ പ്രവർത്തനങ്ങൾ തുടക്കത്തിൽ തന്നെ പാളിപ്പോയതാണ് രോഗം പടരാൻ കാരണമായതെന്ന് രോഗം ബാധിച്ച കുട്ടികളുടെ രക്ഷിതാക്കളും നാട്ടുകാരും ആരോപിച്ചു.
രോഗവ്യാപനം തടയുന്നതിനായി ഡി.എം.ഒ കർശന നിർദേശങ്ങൾ നൽകിയിട്ടുണ്ട്. രോഗലക്ഷണങ്ങളുള്ള കുട്ടികൾ മറ്റുള്ളവരുമായി സമ്പർക്കം പരമാവധി കുറയ്ക്കണമെന്നും കുട്ടികളിൽ നിന്ന് മുതിർന്നവരിലേക്കും മറ്റുള്ളവരിലേക്കും രോഗം പകരുന്നത് തടയാൻ ആവശ്യമായ മുൻകരുതലുകളും പ്രതിരോധ മാർഗ്ഗങ്ങളും സ്വീകരിക്കേണ്ടതാണെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

