
വയനാട് പഞ്ചാരക്കൊല്ലിയില്‍ നടന്ന കടുവാ ആക്രമണത്തിൽ നിന്നും ആര്‍ആര്‍ടി ഉദ്യോഗസ്ഥൻ രക്ഷപ്പെട്ടത് ഷീൽഡിന്റെ ബലത്തിൽ. ഉള്‍വനത്തില്‍ കടുവയെ തിരയവെ പിന്നിൽ നിന്നും കടുവ ദേഹത്തേക്ക് ചാടിവീഴുകയായിരുന്നു. ഉടൻ തന്നെ ജയസൂര്യ ഷീൽഡ് കൊണ്ട് തടയുകയായിരുന്നു. നിലവിൽ ഇദ്ദേഹം മാനന്തവാടി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
ആര്‍ആര്‍ടി സംഘം കടുവയെ വെടിവച്ചെങ്കിലും കൊണ്ടില്ല. സംഘത്തെ ആക്രമിച്ച സ്ഥലത്തുനിന്നും കടുവ രക്ഷപ്പെട്ടിട്ടുണ്ട്. അടുത്ത ആക്ഷന്‍ പ്ലാനുമായി സംഘം വീണ്ടും ഉള്‍ക്കാട്ടിലേക്ക് പോകും.
lso read; പഞ്ചാരക്കൊല്ലിയിൽ തെരച്ചിൽ ദൗത്യത്തിനിടെ കടുവയുടെ ആക്രമണം; ആർആർടി ഉദ്യോഗസ്ഥന് പരുക്ക്
അതേ സമയം, ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ വയനാടിന് വേണ്ടി ആക്ഷൻ പ്ലാൻ തയാറാക്കുമെന്നും അതിനായി പിസിസിഎഫിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി എകെ ശശീന്ദ്രൻ. വയനാട്ടിൽ സ്ഥിരം 100 ക്യാമറകൾ സ്ഥാപിക്കും. ഏറ്റവും അത്യാവശ്യമായ ഏത് നടപടിയും സ്വീകരിക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകിയതായും മന്ത്രി പറഞ്ഞു. പെരുന്തട്ടയിലെ കടുവയുടെ കാര്യത്തിലും തീരുമാനമെടുത്തിട്ടുണ്ട്. രാധയെ കൊന്ന കടുവ തന്നെയാണ് ആർആർടി ഉദ്യോഗസ്ഥനായ ജയസൂര്യയെ ആക്രമിച്ചതെന്നും മന്ത്രി സ്ഥിരീകരിച്ചു.
പഞ്ചാരക്കൊല്ലിയിൽ തെരച്ചിൽ ദൗത്യത്തിനിടെ ഇന്ന് രാവിലെയാണ് കടുവയുടെ ആക്രമണത്തിൽ ആർആർടി ഉദ്യോഗസ്ഥന് പരുക്കേറ്റത്. വലതു കൈക്കാണ് മുറിവേറ്റിരിക്കുന്നത്. പരുക്ക് ഗുരുതരമല്ല. 80 അംഗ ആർആർടി സംഘം പ്രദേശത്ത് എട്ട് ഗ്രൂപ്പുകളായി തിരിഞ്ഞ് കടുവയ്ക്കായി തിരച്ചിൽ നടത്തുകയായിരുന്നു. രണ്ട് കൂടുകളും 38 ക്യാമറകളും പഞ്ചാരക്കൊല്ലിയിൽ വിവിധ മേഖലകളിലായി സ്ഥാപിച്ചിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

