
നിലമ്പൂർ: നിലമ്പൂരിൽ ഞാൻ തനിച്ചല്ല മത്സരിക്കുന്നതെന്ന് എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജ്. നമ്മൾ ഒരുമിച്ച് മത്സരിച്ച്, ഒരുമിച്ച് ജയിക്കും. കൊട്ടിക്കലാശത്തിന് സമാപനം കുറിച്ച് ജനങ്ങളെ അഭിവാദ്യം ചെയ്‌ത് സ്വരാജ് പറഞ്ഞു.
കഴിഞ്ഞ ഒമ്പതു വർഷം ഈ നാടിനുണ്ടായ മാറ്റം ചരിത്രത്തിൽ അടയാളപ്പെടുത്തും. കേരള ചരിത്രത്തിലെ സുവർണ കാലഘട്ടമാണിത്. പവർ കട്ടില്ലാത്ത, ക്ഷേമപെൻഷൻ മുടങ്ങാത്ത, സ്കൂൾ തുറക്കുന്നതിന് മുമ്പ് പാഠപുസ്‌തകം ലഭിക്കുന്ന, ആശുപത്രികളും പള്ളിക്കൂടങ്ങളും ലോകോത്തര നിലവാരത്തിലേക്ക് ഉയർന്ന, വീട്ടമ്മമാർക്ക് പെൻഷൻ കിട്ടാൻ പോകുന്ന നവകേരളം നിലനിൽക്കണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നു. ഇടതുപക്ഷക്കാരല്ലാത്തവർക്കും ഈ മാറ്റങ്ങളെ സ്വീകരിക്കാതിരിക്കാനാവില്ല. കോൺഗ്രസ് ഭരിച്ച കാലത്തേക്ക് തിരിച്ചു പോകണമെന്ന് ആ പാർടിയിലെ സാധാരണക്കാർ പോലും ചിന്തിക്കില്ല.
Also Read: തോല്‍വി ഭയന്ന് വ്യാജപ്രചരണങ്ങളുടെ കെട്ടഴിച്ച് യു ഡി എഫ്
തെരഞ്ഞെടുപ്പിനെ ജനാധിപത്യത്തിന്റെ സംവാദമായി മാറ്റാനാണ് ഇടതുപക്ഷം ശ്രമിച്ചത്. ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളാണ് ഉയർത്തിയത്. എന്നാൽ, വിവാദങ്ങളും വിദ്വേഷവും സ്പർധയുമുണ്ടാക്കാനാണ് യുഡിഎഫ് ശ്രമിച്ചത്. അത് നാടിനാപത്താണ്. ജനാധിപത്യ മൂല്യങ്ങളാണ് നാം ഉയർത്തിപ്പിടിക്കേണ്ടത്. സാഹോദര്യമാണ് ഈ നാട്ടിൽ പുലരേണ്ടത്. വിദ്വഷത്തിന്റെ വിത്ത് വിതയ്ക്കുന്നവരോട് ഈ നാട് ഇ കെ അയമുവെന്ന നാടകകൃത്തിലൂടെ പതിറ്റാണ്ടുകൾക്കു മുന്നേ പറഞ്ഞ ‘ജ്‌ജ് നല്ല മന്സനാകാൻ നോക്ക്’ എന്ന വാക്യമാണ് ഞങ്ങൾക്കും പറയാനുള്ളത്. ജനാധിപത്യം ഉയർത്തിപ്പിടിക്കുന്ന നല്ല മനുഷ്യരാകാൻ എല്ലാവരും ശ്രമിക്കുക.
കേരളത്തെ ലോകനിലവാരത്തിലേക്ക് ഉയർത്താൻ ലക്ഷ്യമിട്ടുള്ള കർമപദ്ധതികളാണ് സർക്കാർ നടപ്പാക്കുന്നത്. 1600 രൂപ എല്ലാ മാസവും പെൻഷൻ കിട്ടുന്ന ഏക സംസ്ഥാനമാണ് കേരളം. 60 ലക്ഷം പേർക്കാണ് അത് ലഭിക്കുന്നത്. അത് കൈക്കൂലിപ്പണമാണെന്ന് അധിക്ഷേപിച്ചവരോട് ഈ നാട് കണക്ക് ചോദിക്കും.
കൂടുതൽ ഉയർച്ചയിലേക്ക് നിലമ്പൂരിനെ നയിക്കാനുള്ള ആദ്യ ചുവടുവെപ്പായി ഈ തെരഞ്ഞെടുപ്പ് ഫലം മാറും. ഒരേ മനസോടെ ഒരുമിച്ച് നമുക്ക് ജയിക്കാം. ഇ എം എസും എകെ ജിയും ഇ കെ നായനാരും വി എസ് അച്യുതാനന്ദനും പിണറായി വിജയനും ഉയർത്തിപ്പിടിച്ച വിജയപതാക നമുക്കും ഉയർത്തിപ്പിടിക്കാം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here