കേരളം തിളയ്ക്കുന്നു, 40 ഡിഗ്രിയും കടന്ന് ചൂട്; വെള്ളാനിക്കരയില്‍ റെക്കോഡ് താപനില

വേനലില്‍ വെന്തുരുകുകയാണ് കേരളം. കാലാവസ്ഥ വകുപ്പ് ഉ‍‍ള്‍പ്രദേശങ്ങളില്‍ സ്ഥാപിച്ച ഓട്ടേമേറ്റഡ് നിരീക്ഷണ കേന്ദ്രങ്ങളിലുൾപ്പെടെ പത്തിടത്ത് 40 ഡിഗ്രിക്ക് മുകളിൽ ചൂട് രേഖപ്പെടുത്തി. ദേശീയ കാലാവസ്ഥാവിഭാഗം പുറത്തുവിട്ട കണക്കനുസരിച്ച് സംസ്ഥാനത്തെ ഏറ്റവും ഉയർന്ന താപലനില തൃശ്ശൂർ വെള്ളാനിക്കരയിൽ രേഖപ്പെടുത്തി (42.9 ഡിഗ്രി സെൽഷ്യസ്). മലമ്പുഴയിൽ 2016 ഏപ്രിലിൽ രേഖപ്പെടുത്തിയ 41.9 ഡിഗ്രി സെൽഷ്യസെന്ന റെക്കോഡാണ് തിരുത്തിയത്. വ്യാഴാഴ്ച പാലക്കാട്ട് 39 ഡിഗ്രിയായിരുന്നു.

വരുംദിവസങ്ങളിലും ചൂടിന് ശമനമുണ്ടാവില്ലെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത വേനൽമഴയ്ക്ക് അന്തരീക്ഷം തണുപ്പിക്കാനായിട്ടില്ല. അടുത്തദിവസങ്ങളിൽ കാര്യമായ മഴ പ്രതീക്ഷിക്കുന്നുമില്ല.

വെള്ളിയാഴ്ചയും തൃശ്ശൂരും പാലക്കാട്ടും കണ്ണൂരും ചൂട് 39 ഡിഗ്രിവരെ ഉയരാമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പുനൽകി. പതിവിലും മൂന്നുമുതൽ നാലു ഡിഗ്രിവരെ കൂടുതലാണിത്. കോട്ടയത്തും കോഴിക്കോട്ടും 2-3 ഡിഗ്രി ഉയർന്ന് 37 ഡിഗ്രിവരെ എത്തും. പുലർകാലത്തെ ചൂടും ഇപ്പോൾ കൂടുതലാണ്.

ഒരുസ്ഥലത്തെ താപനില രണ്ടുദിവസം സ്ഥിരമായി 40 ഡിഗ്രിയോ അതിന് മുകളിലോ ആണെങ്കിൽ കാലാവസ്ഥാ വകുപ്പ് ഉഷ്ണതരംഗം പ്രഖ്യാപിക്കും. 4.5 മുതൽ 6.4 ഡിഗ്രിവരെ താപനില ഉയർന്നാൽ ഉഷ്ണതരംഗവും അതിന് മുകളിലാണെങ്കിൽ തീക്ഷ്ണ താപതരംഗവും. മുമ്പ് പല വർഷങ്ങളിലും പാലക്കാട്ട് ഉഷ്ണതരംഗം പ്രഖ്യാപിച്ചിട്ടുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here