
വിവാഹ ഘോഷയാത്രയ്ക്കിടെ ഉച്ചത്തിൽ ഡിജെ സംഗീതം വെച്ചതിനെ തുടർന്ന് 140 കോഴികൾ ചത്തതായി പരാതി. ഉത്തർപ്രദേശിലെ സുൽത്താൻപൂർ ജില്ലയിൽ ഏപ്രിൽ 25-ന് ആണ് സംഭവം. കോഴി ഫാം ഉടമയായ സാബിർ അലി നൽകിയ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ബബ്ബൻ വിശ്വകർമ്മ എന്നയാളുടെ മകളുടെ വിവാഹ ഘോഷയാത്ര കുദ്വാർ ഏരിയയിലെ രാം ഭദ്ര പൂർവയിൽ നിന്നും നീങ്ങുന്നതിനിടെയാണ് സാബിർ അലിയുടെ ഫാമിന് മുന്നിലെത്തിയത്. രാത്രി 9:30-ഓടെ ഉച്ചത്തിലുള്ള സംഗീതവുമായി ഘോഷയാത്ര എത്തിയപ്പോൾ കോഴികൾ പരിഭ്രാന്തരാവുകയും, കഠിനമായ ശബ്ദം താങ്ങാനാവാതെ 140 പക്ഷികൾ ചത്തുവീഴുകയുമായിരുന്നു എന്ന് സാബിർ അലി പറയുന്നു. ഹൈ-ഡെസിബെൽ ശബ്ദം നേരിട്ട് കോഴികളുടെ മരണത്തിന് കാരണമായെന്ന് അദ്ദേഹം പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
ALSO READ: രേഖപ്പെടുത്തിയത് ‘ഇല്ലാത്ത വകുപ്പ്’; മേഘാലയയിലെ ഹണിമൂൺ കൊലപാതകത്തിൽ ഭാര്യയ്ക്ക് ജാമ്യം
പരാതിയുടെ അടിസ്ഥാനത്തിൽ പാഴ്സിപൂർ സ്വദേശിയായ ഡിജെ ഓപ്പറേറ്റർ കവി യാദവിനെതിരെ പോലീസ് കേസെടുത്തു. അനുവദനീയമായ പരിധിയിൽ കൂടുതൽ ശബ്ദം ഉപയോഗിച്ചിട്ടുണ്ടോ എന്നും ശബ്ദനിലവാരം കോഴികളുടെ മരണത്തിലേക്ക് നയിച്ചോ എന്നും പോലീസ് പരിശോധിച്ചുവരികയാണ്. തീവ്രമായ ശബ്ദതരംഗങ്ങൾ പക്ഷികളിലും മൃഗങ്ങളിലും കടുത്ത സമ്മർദ്ദമുണ്ടാക്കുമെന്നും ഇത് ഹൃദയാഘാതത്തിന് വരെ കാരണമായേക്കാമെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു.
തനിക്കുണ്ടായ നഷ്ടത്തിന് ഉത്തരവാദി ഡിജെ പാട്ടുകളാണെന്ന് ഉടമ ആരോപിക്കുമ്പോഴും, ഡിജെ ഓപ്പറേറ്ററോ വിവാഹ വീട്ടുകാരോ ഇതുവരെ സംഭവത്തിൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

