
പശ്ചിമേഷ്യൻ സംഘർഷം കടുക്കുന്നതോടെ ഇന്ത്യയിൽ പാചകവാതകത്തിന് പിന്നാലെ കുപ്പിവെള്ള വിപണിയും വൻ പ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന് സൂചന. രാജ്യത്ത് ശുദ്ധജലത്തിന് ക്ഷാമമില്ലെങ്കിലും, വെള്ളം നിറയ്ക്കാനുള്ള കുപ്പികളുടെ നിർമ്മാണച്ചെലവ് കുതിച്ചുയരുന്നതാണ് ഏകദേശം 46,150 കോടി രൂപയുടെ ഈ വൻകിട വ്യവസായത്തിന് തിരിച്ചടിയാകുന്നത്.
ഹോർമൂസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം ദുഷ്‌കരമായതോടെ പ്ലാസ്റ്റിക് നിർമ്മാണത്തിന് ആവശ്യമായ അസംസ്‌കൃത വസ്തുവായ പോളിമറിന്റെ വിലയിൽ 12 ശതമാനത്തോളം വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സിന്തറ്റിക് പോളിമറായ പോളിത്തീൻ ഉപയോഗിച്ചാണ് കുപ്പികൾ നിർമ്മിക്കുന്നത് എന്നതിനാൽ, നേരത്തെ കിലോഗ്രാമിന് 18 രൂപയായിരുന്ന പോളിമർ വില ഇപ്പോൾ 32 രൂപയായാണ് ഉയർന്നത്. ഇതോടെ ഒരു ചെറിയ കുപ്പി നിർമ്മിക്കാനുള്ള ശരാശരി ചെലവ് മാത്രം 1.45 രൂപയായി വർദ്ധിച്ചു.
കുപ്പികൾക്ക് പുറമെ അടപ്പുകൾ, ലേബലുകൾ, പാക്കിങ് വസ്തുക്കൾ എന്നിവയുടെ നിർമ്മാണത്തിനും വിലക്കയറ്റം വലിയ തോതിൽ ബാധിച്ചിട്ടുണ്ട്. വേനൽക്കാലം ആരംഭിക്കുന്നതോടെ ഇന്ത്യയിൽ കുപ്പിവെള്ളത്തിന് വൻതോതിൽ ഡിമാൻഡ് വർദ്ധിക്കാനിരിക്കെ, നിർമ്മാണച്ചെലവിലെ ഈ മാറ്റം വരും ദിവസങ്ങളിൽ കുപ്പിവെള്ളത്തിന്റെ ചില്ലറ വിൽപന വിലയെയും ബാധിച്ചേക്കാം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

