
മമത സര്‍ക്കാരിന്റെ അഴിമതിക്കെതിരെ ജോലി നഷ്ടപെട്ട അധ്യാപകരുടെ പ്രതിഷേധം ബംഗാളിൽ ശക്തമാകുന്നു. നിയമനങ്ങൾ അഴിമതി മുക്തമാക്കണമെന്നും യോഗ്യമായ എല്ലാവർക്കും തിരികെ ജോലി നൽകണമെന്നും ആവശ്യമുന്നയിച്ചാണ് സമരം.
സ്കൂൾ സർവീസ് ലിസ്റ്റിൽ തിരിമറി നടത്തി വൻതോതിൽ കോഴപ്പണം വാങ്ങി അനധികൃതമായി നടത്തിയ നിയമനം റദ്ദാക്കിയതോടെ ആയിരകണക്കിന് യോഗ്യരായവരുടെ ജോലി നഷ്‌ടപ്പെട്ടിരുന്നു. തുടർന്നാണ് ബംഗാളിൽ പ്രതിഷേധം ശക്തമാകുന്നത്. സുപ്രീംകോടതി നിർദേശ പ്രകാരം യോഗ്യ – അയോഗ്യ ലിസ്റ്റ് വേർതിരിച്ച് ഔദ്യോഗികമായി പ്രസിദ്ധീകരിക്കുന്നതുവരെ സമരവും പ്രതിഷേധവും തുടരുമെന്ന് അധ്യാപകർ പ്രതിജ്ഞയെടുത്തു.
Also Read: ചോദ്യം ചെയ്യലിനോട് പ്രതികരിക്കാതെ മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂര്‍ റാണ
എസ്എഫ്ഐ, ഡിവൈഎഫ്ഐ സംഘടനകളും പൊതുജനങ്ങളും അധ്യാപകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സമരത്തിന്റെ ഭാഗമായി. യോഗ്യരായ എല്ലാവർക്കും തിരികെ ജോലി നൽകണമെന്നും ആവശ്യമുന്നയിച്ചാണ് സമരം മുന്നേറുന്നത്. വെള്ളിയാഴ്ച പശ്ചിമ ബംഗാൾ സ്കൂൾ സർവീസ് കമീഷൻ ഭവന് മുന്നിൽ അധ്യാപകരുടെ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു.
സമര പ്രതിനിധികളുമായി വിദ്യാഭ്യാസ മന്ത്രി ചർച്ച നടത്തിയെങ്കിലും ആവശ്യങ്ങൾ അംഗീകരിച്ചില്ല. സമരം പിൻവലിച്ച് എല്ലാവരും സൗജന്യ സേവനം നടത്തണമെന്നും പിന്നീട് പ്രശ്നം പരിഹരിക്കാമെന്നുമായിരുന്നു മന്ത്രിയുടെ നിർദേശം. പണം കൈപ്പറ്റി നടത്തിയ അനധികൃത നിയമനം റദ്ദാക്കാൻ സുപ്രീംകോടതി ഉത്തരവിട്ടതിനെ തുടർന്നാണ് 25000 അധ്യാപക, അനധ്യാപക നിയമനം റദ്ദാക്കിയത് എന്നാൽ റദ്ദാക്കിയതിൽ ആയിരകണക്കിന് യോഗ്യരായവരുടെ ജോലിയും നഷ്ടപ്പെട്ടിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


