ബിജെപിക്ക് ഗുണം ചെയ്ത ഇലക്ടറൽ ബോണ്ടുകൾ; സുപ്രീംകോടതിയുടെ നിർണായക നീക്കം; എന്താണ് ഇലക്ടറൽ ബോണ്ടുകൾ?

ഇലക്ടറൽ ബോണ്ടുകൾ തടഞ്ഞുകൊണ്ടുള്ള സുപ്രധാനമായ ഒരു വിധിന്യായമാണ് സുപ്രീംകോടതി ഇന്ന് പുറപ്പെടുവിച്ചിരിക്കുന്നത്. ഇലക്ടറൽ ബോണ്ടുകളിലെ സുതാര്യതയില്ലായ്മയെ ചോദ്യം ചെയ്ത കോടതി മാർച്ച് 13നകം ബോണ്ടുകളെ സംബന്ധിച്ചുള്ള എല്ലാ വിവരങ്ങളും SBI പരസ്യപ്പെടുത്തണമെന്ന കർശന നിലപാടെടുത്തു. ബിജെപി സർക്കാർ അവരുടെ ആവശ്യത്തിനായി വളരെ പ്രതീക്ഷയോടെ കൊണ്ടുവന്ന ഒരു സംവിധാനത്തെ അടിമുടി വിമർശിച്ചുകൊണ്ടാണ് സുപ്രീംകോടതി എടുത്തുകളഞ്ഞിരിക്കുന്നത്. എന്താണ് ഇലക്ടറൽ ബോണ്ടുകൾ? എന്താണ് സുപ്രീംകോടതി പറഞ്ഞ പ്രധാനപ്പെട്ട വാദങ്ങൾ?

സുതാര്യതയില്ലാത്ത ഇലക്ടറൽ ബോണ്ടുകൾ

2018ലാണ് കേന്ദ്രസർക്കാർ ഇലക്ടറൽ ബോണ്ടുകൾ പുറത്തിറക്കിയത്. രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകാനാണ് ഇത്തരം ഒരു രീതി കൊണ്ടുവന്നത്. എന്നാൽ സാധാരണപോലെയല്ല ഈ ബോണ്ടുകൾ. ആരാണ് സംഭാവന നൽകിയതെന്നോ, ഏത് രാഷ്ട്രീയപാർട്ടിക്ക് സംഭാവന നൽകിയതെന്നോ, ഒരു വ്യക്തി എത്ര രൂപ നൽകിയെന്നോ ഇലക്ടറൽ ബോണ്ടുകളിലൂടെ അറിയാൻ സാധിക്കില്ല. SBI ശാഖകളിൽ ലഭിക്കുന്ന ഈ ബോണ്ടുകൾ ആയിരം, പതിനായിരം തുടങ്ങി മുകളിലോട്ടുള്ള മൂല്യങ്ങളിലാണ് ലഭിക്കുക. ഏത് രാഷ്ട്രീയപാർട്ടിക്കാണോ സംഭാവന ലഭിച്ചത്, അവർ 15 ദിവസത്തിനുള്ളിൽ അവയെ പണമാക്കി മാറ്റണമെന്നും നിർദ്ദേശമുണ്ട്.

Also read : ഇലക്ടറൽ ബോണ്ട് വഴി 90 ശതമാനം പണവും പോയത് ബിജെപിയിലേക്ക്: ബിനോയ് വിശ്വം എംപി

മേൽപ്പറഞ്ഞ നിബന്ധനകളിലാണ് സുപ്രീംകോടതി സുതാര്യതയുടെ ചോദ്യം ഉന്നയിച്ചിരിക്കുന്നത്. പാർട്ടികൾക്ക് ലഭിക്കുന്ന സംഭാവന എത്രയെന്നറിയാൻ വോട്ടർമാർക്ക് അവകാശമുണ്ടെന്ന് പറഞ്ഞ സുപ്രീംകോടതി, വിവരം അറിയാനുള്ള പൗരന്റെ ഭരണഘടനാ അവകാശത്തെ ഉയർത്തിപ്പിടിച്ചു. കള്ളപ്പണം തടയാമെന്നായിരുന്നു ഇലക്ടറൽ ബോണ്ടുകൾ പുറത്തിറക്കുമ്പോൾ കേന്ദ്രസർക്കാരിന്റെ വാദം. എന്നാൽ കള്ളപ്പണം തടയാനുള്ള ഏക മാർഗം ഇലക്ടറൽ ബോണ്ടല്ലെന്നും മറ്റു മാർഗങ്ങളുണ്ടെന്നും പറഞ്ഞ്, കോടതി കേന്ദ്രസർക്കാർ വാദത്തിന്റെ മുനയൊടിച്ചു.

ഗുണം മൊത്തം ബിജെപിക്ക്

2018ലാണ് കേന്ദ്രസർക്കാർ ഇലക്ടറൽ ബോണ്ടുകൾ കൊണ്ടുവന്നത്. അന്നുമുതൽ ഇന്നുവരെ ബിജെപിക്കാണ് ഇവയെക്കൊണ്ട് ഏറ്റവും കൂടുതൽ ഗുണമുണ്ടായതെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ പ്രകാരം 2018 മുതൽ 2022 വരെയുള്ള കാലയളവിൽ ഈ ബോണ്ടുകൾ വഴി ഏറ്റവും കൂടുതൽ സംഭാവന ലഭിച്ചത് ബിജെപിക്കാണെന്ന് കണക്കുകളുണ്ട്. ഇലക്ടറൽ ബോണ്ടുകൾ വഴി മൊത്തം സംഭാവന നൽകപ്പെട്ട തുക 9,208 കോടി രൂപയാണ്. ഇതിൽ പകുതിയിലേറെയും, അതായത് 5,270 കോടി രൂപ ലഭിച്ചത് ബിജെപിക്ക് മാത്രമായാണ്. കോൺഗ്രസിന് ലഭിച്ചതാകട്ടെ, 964 കോടി രൂപയും. ശതമാനക്കണക്ക് നോക്കുകയാണെങ്കിൽ ബിജെപിയുടെ പങ്ക് 57 ശതമാനത്തിനടുത്തും, കോൺഗ്രസിന്റേതാകാട്ടെ വെറും 10 ശതമാനത്തിനടുത്തും. അതായത് ഈ പദ്ധതികൊണ്ട് ആർക്കാണ് ഗുണമുണ്ടായതെന്ന് ഈ കണക്കുകളിലൂടെ വ്യക്തം.

അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക്ക് റീഫോംസിനൊപ്പം സിപിഐഎമ്മും ഡോ ജയാ താക്കൂറും നൽകിയ ഹർജിയിലാണ് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് സുപ്രധാനമായ ഈ വിധി പറഞ്ഞിരിക്കുന്നത്. മാർച്ച് 13നകം പാർട്ടികൾക്ക് നൽകിയ ബോണ്ട്‌ വിവരങ്ങൾ SBI തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറണമെന്നും സുപ്രീംകോടതി നിർദ്ദേശമുണ്ട്. മാർച്ച് 31ന് മുൻപായി തെരഞ്ഞെടുപ്പ് കമ്മീഷൻ ഈ വിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്നും കോടതി പറഞ്ഞു. ഭരണഘടനാ വിരുദ്ധവും ജനങ്ങളുടെ അറിയാനുള്ള അവകാശങ്ങളെയും റദ്ദ് ചെയ്യുന്ന ഈ ഇലക്ടറൽ ബോണ്ട് വിധിയിലൂടെ തെരഞ്ഞെടുപ്പ് പ്രതലങ്ങളിൽ കുറച്ചെങ്കിലും സുതാര്യത ഉറപ്പുവരുത്തുകയാണ് സുപ്രീംകോടതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News