
റിയാലിറ്റി ഷോയിലൂടെ സിനിമയിലേക്ക് കടന്നുവന്ന നടികളിൽ ഒരാളാണ് അഖില ശശിധരന്‍. കാര്യസ്ഥൻ എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ അഖിലയ്ക്ക് ഇടം നേടാൻ സാധിച്ചു. പിന്നീട് പൃഥ്വിരാജിനൊപ്പം നായികയായി തേജഭായ് ആൻഡ് ഫാമിലി എന്ന ചിത്രത്തിൽ അഭിനയിച്ചു. എന്നാൽ പിന്നീട് അഖിലയ്ക്ക് എന്ത് സംഭവിച്ചു എന്ന് ആർക്കും അറിയില്ലായിരുന്നു.
അടുത്തിടെ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ നടി അതിനുള്ള ഉത്തരം നൽകിയിരിക്കുകയാണ്. സിനിമ ചെയ്തതിന് ശേഷം താൻ മുംബൈയിൽ ആയിരുന്നു. മറ്റ് കലാപരമായ കാര്യങ്ങളില്‍ സജീവമായിരുന്നതിനാലാണ് സിനിമയില്‍ നിന്നും വിട്ടു നിന്നത് എന്ന് നടി പറയുന്നു. കല്യാണം കഴിക്കാതിരുന്നതിനെ കുറിച്ചതും നടി മനസ് തുറക്കുന്നുണ്ട്.
Also read: ‘എനിക്ക് ഏറ്റവും ഇഷ്ടമുള്ള നടി ആ മലയാളി താരം’; മനസ് തുറന്ന് ശോഭന
അഖില ശശിധരന്റെ വാക്കുകൾ:
‘എവിടെയായിരുന്നു എന്ന് ചോദിച്ചാല്‍, ഇവിടെയൊക്കെ തന്നെയുണ്ടായിരുന്നു. കലാപരമായ കാര്യങ്ങളുമായി മുന്നോട്ടുപോവുകയായിരുന്നു. സോഷ്യല്‍മീഡിയയില്‍ വന്നതോടൂകൂടി, എന്തൊക്കെയാണ് ചെയ്യുന്നതെന്ന് ഇപ്പോള്‍ ആളുകള്‍ക്ക് അറിയാമെന്ന് തോന്നുന്നു. സാമൂഹികമാധ്യമങ്ങളില്‍ ഉണ്ടെങ്കിലേ ജീവിച്ചിരിപ്പുള്ളൂ എന്ന് പറയുന്ന കാലഘട്ടത്തില്‍ ജീവിക്കുന്നത് കാരണമായിരിക്കാം, അവയില്‍ സജീവമായില്ലെങ്കില്‍ എവിടെപ്പോയി എന്ന് അന്വേഷിക്കുന്നത്.
സിനിമകള്‍ എന്തുകൊണ്ട് ചെയ്തില്ല എന്നതിന് പല കാര്യങ്ങളുമുണ്ട്. ഒരുപാട് കാര്യങ്ങള്‍ ഒത്തുവന്നാല്‍ സംഭവിക്കുന്നതാണ് സിനിമ. സിനിമ കഴിഞ്ഞിട്ടും ഞാന്‍ സജീവമായിരുന്നു. ഒരുപാട് ഷോകളിലെല്ലാം പങ്കെടുത്തിരുന്നു. ‘കാര്യസ്ഥ’നും ‘തേജാഭായ് ആന്‍ഡ് ഫാമിലി’യും കഴിഞ്ഞിട്ട് ഈ കുട്ടിയെ കണ്ടിട്ടേ ഇല്ല എന്ന ചിത്രം വന്നു എന്ന് തോന്നുന്നു. അതാണ് അങ്ങനെ പറയാനുള്ള കാരണം. പക്ഷേ, അത് കഴിഞ്ഞിട്ടും ഒരുപാട് അഭിമുഖങ്ങളും ഷോകളും വന്നിരുന്നു.
അതു കഴിഞ്ഞ് അഞ്ചരവര്‍ഷത്തോളം മുംബൈയിലായിരുന്നു. കലാപരമായി എന്റെ ജീവിതം തുടര്‍ന്നുകൊണ്ടേയിരുന്നിട്ടുണ്ട്. അടിസ്ഥാനപരമായി ഭരതനാട്യം നര്‍ത്തകി ആയിരുന്നിട്ടുകൂടി, കഥക് അഭ്യസിച്ചു. അത് പെര്‍ഫോംചെയ്യാന്‍ തുടങ്ങി. ഒരുപാട് പെര്‍ഫോം ചെയ്തു.
എന്തുകൊണ്ട് വിവാഹിതയായില്ല എന്ന ചോദ്യത്തിനും അവര്‍ മറുപടി നല്‍കി. ‘ഒത്തുവന്നില്ല, അതുകൊണ്ടായിരിക്കുമല്ലോ കല്യാണം കഴിക്കാതിരിക്കുന്നത്. അക്കാര്യത്തില്‍ നിര്‍ബന്ധമുണ്ടോ എന്ന് ചോദിച്ചാല്‍, അതുമില്ല. എന്തെങ്കിലുമൊരു ശൂന്യത നികത്താനാണോ വിവാഹം എന്ന് ചോദിച്ചാല്‍, അങ്ങനെയൊരു തോന്നല്‍ ഇല്ല. ജീവിത്തില്‍ എന്തെങ്കിലും കൂടുതലായി ചേര്‍ക്കുകയോ അര്‍ഥം കൊണ്ടുവരുകയോ ആണെങ്കില്‍ അത് പരിഗണിക്കും’, അഖില പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here