
ഡോ ജോൺ ബ്രിട്ടാസ് എംപി
രണ്ടു ശതാബ്ദങ്ങൾക്കു ശേഷം ഉത്തമരായ രണ്ടു ശിഷ്യന്മാരെ വിദൂരദേശമായ ഇന്ത്യയിൽ ലഭിച്ചതിൽ എൽബ്രിഡ്ജ് ജെറി സെമിത്തേരിയിൽക്കിടന്ന് സന്തോഷിക്കുന്നുണ്ടാകും. വനിതാ സംവരണത്തിന്റെയും അതു മുൻനിർത്തിയുള്ള മണ്ഡലപുനർനിർണയത്തിന്റെയും വിവാദങ്ങളിൽ സജീവമായി പരാമർശിക്കപ്പെടുന്ന വ്യക്തിത്വമാണ് കാലയവനികയ്ക്കു പിന്നിലേയ്ക്ക് എത്രയോ കാലംമുൻപു മറഞ്ഞുപോയ അമേരിക്കയിലെ മസാച്ചുസെറ്റ്സ് ഗവർണറായിരുന്ന എൽബ്രിഡ്ജ് ജെറി. തന്റെ പാർട്ടിക്ക് ആധിപത്യം ലഭിക്കാൻ മസാച്ചുസെറ്റ്സിലെ മണ്ഡലങ്ങൾ ഒരു സാലമാണ്ടറിന്റെ (നീർപ്പല്ലി) രൂപത്തിൽ മാറ്റി വരച്ച ജെറിയുടെ പ്രവൃത്തിയിൽനിന്നാണ് ജെറിമാൻഡറിംഗ് എന്ന വാക്ക് ഉത്ഭവിച്ചത്. ജെറി മൺമറഞ്ഞെങ്കിലും മോദി-ഷാ കൂട്ടുകെട്ട് ആ പ്രവൃത്തിയെ സ്ഫുടം ചെയ്തെടുത്ത് തങ്ങളുടെ ആധിപത്യം നിലനിർത്താൻ ഉപയോഗിക്കുന്ന കാഴ്ചയ്ക്കാണ് രാജ്യം ഇന്നു വേദിയാകുന്നത്.
ജമ്മു-കശ്മീരിലും അസമിലും ഇവർ ഇത് ഫലവത്തായി ഉപയോഗപ്പെടുത്തി. തങ്ങൾക്കു ഗുണകരമല്ലാത്ത കശ്മീർ താഴ്വരയുടെ പ്രാധാന്യം കുറയ്ക്കാൻ ജമ്മുവിൽ പുതുതായി ആറു മണ്ഡലങ്ങൾ സൃഷ്ടിച്ചു. അസമിലും ഇതു തന്നെ പയറ്റി. തങ്ങളോട് അനുഭാവമില്ലാത്ത സ്ഥലങ്ങളിലെ മണ്ഡലങ്ങളെ നീർപ്പല്ലിയുടെ രൂപത്തിലല്ല, അതിലുപരിയായി പരസ്പരം ബന്ധമില്ലാത്ത തുരുത്തുകളായി മാറ്റി. ഇവിടെയാണ്, മോദി-ഷാ ദ്വയത്തിന്റെ ദീർഘകാല സഹപ്രവർത്തകനായിരുന്ന സുബ്രഹ്മണ്യൻ സ്വാമിയുടെ വാക്കുകൾ പ്രസക്തമാകുന്നത്: “അവരെക്കുറിച്ച് എന്തും നിങ്ങൾ ധരിച്ചുകൊള്ളുക. പക്ഷേ, കുടിച്ച വെള്ളത്തിൽ വിശ്വസിക്കരുത്.”
ലോക് സഭയിലും നിയമസഭകളിലും വനിതാ സംവരണമെന്ന ആശയത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. സിപിഐ (എം) നേതാവ് ബൃന്ദാ കാരാട്ട് ഉൾപ്പെടെയുള്ളവരുടെ ധീരോദാത്തമായ പോരാട്ടത്തിൽ 2010-ൽ വനിതാ സംവരണം രാജ്യസഭയുടെ കടമ്പ കടന്നിരുന്നു. എന്നാൽ, പിന്നീട് അതു നിയമമാകാതെ ഇടറിനിന്നു. 2024-ലെ ലോക് സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി, 2023-ൽ മോദി വനിതാ സംവരണ ബിൽ പാർലമെന്റിൽ വീണ്ടും അവതരിപ്പിച്ചു. പ്രതിപക്ഷത്തിന്റെ നിർലോഭമായ പിൻതുണയോടെ ഈ ബിൽ പാസാവുകയും ചെയ്തു. എന്നാൽ, മോദി തന്നെ വനിതാ സംവരണത്തിന് ബ്രേക്കിടാൻ ചില നിബന്ധനകൾ ഉൾപ്പെടുത്തിയിരുന്നു – അടുത്ത ജനസംഖ്യാ കണക്കെടുപ്പിനു ശേഷം രൂപീകരിക്കുന്ന മണ്ഡല പുനർ നിർണയ കമ്മീഷന്റെ തീരുമാനത്തിനു ശേഷം മാത്രമേ ഇതു പ്രാബല്യത്തിൽ വരൂ എന്നതായിരുന്നു നിബന്ധന. സ്ത്രീ സമൂഹത്തോടുള്ള അനീതിയാണ് ഇതെന്ന് പ്രതിപക്ഷം ചൂണ്ടിക്കാണിച്ചിട്ടും നിബന്ധനകളിൽ മോദി ഉറച്ചുനിന്നു. ഇപ്പോൾ, പൊടുന്നനേ വെളിപാടുണ്ടായതു പോലെ ഈ നിബന്ധനകൾ നീക്കി. 2029-ലെ ലോക് സഭാ തെരഞ്ഞെടുപ്പിലും തുടർന്നുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിലും സംവരണം പ്രാബല്യത്തിൽ കൊണ്ടുവരാൻ എന്ന വ്യാജേനയാണ് ബില്ലുകളുമായി മോദി പാർലമെന്റിലെത്തിയത്. ഇതിൽ പതിയിരിക്കുന്ന അപകടം ദൂരവ്യാപകമായ ഭവിഷ്യത്തുകൾ ജനാധിപത്യത്തിനും ഫെഡറലിസത്തിനും വരുത്തിവയ്ക്കും എന്നുള്ളതാണ്.
Also read: നോയിഡയിലെ തൊഴിലാളി സമരം; സമാജ് വാദി പാർട്ടി പ്രതിനിധി സംഘത്തെയും തടഞ്ഞ് യുപി പൊലീസ്
ലോക് സഭയിലെ അംഗസംഖ്യ പരമാവധി 850 ആക്കുകയാണ് ലക്ഷ്യം. ഇത് എങ്ങനെ വേണമെന്ന് തീരുമാനിക്കുന്നത് 2011-ലെ ജനസംഖ്യാ കണക്കനുസരിച്ച് നിർദിഷ്ട ഡീ ലിമിറ്റേഷൻ കമ്മീഷന്റെ അധികാരമായിരിക്കുമെന്നും ബില്ലിൽ അനുശാസിക്കുന്നു. വിവാദം കത്തിജ്വലിച്ചപ്പോൾ സർക്കാർ വിശദീകരിച്ച ഒരു കാര്യമുണ്ട് – എല്ലാ സംസ്ഥാനങ്ങൾക്കും അവർക്കു നിലവിലുള്ള ലോക് സഭാ സീറ്റിൽ 50 ശതമാനത്തിന്റെ വർദ്ധനവു വരുത്തും. നിയമസഭകൾക്കും ഇതു ബാധകമായിരിക്കും. അതുകൊണ്ട്, ദക്ഷിണേന്ത്യയ്ക്ക് ഇപ്പോഴുള്ള അനുപാതത്തിൽ കുറവു വരില്ല. ഇതു ശരിയായി ഭവിച്ചാൽത്തന്നെയും, ഈ സീറ്റു വർദ്ധനവിലെ അപകടത്തിൽ കുറവു വരുന്നില്ല എന്ന് സൂക്ഷ്മപരിശോധനയിൽ ബോധ്യമാകും. രാഷ്ട്രീയത്തിലെ ബലാബലം നിയന്ത്രിക്കപ്പെടുന്നത് അനുപാതമോ ശതമാനമോ വച്ചല്ല. മറിച്ച്, യഥാർത്ഥ സംഖ്യയെ അടിസ്ഥാനപ്പെടുത്തിയാണ്. കേന്ദ്രത്തിന്റെ വാക്കു വിശ്വസിക്കയാണെങ്കിൽത്തന്നെയും ഉത്തരേന്ത്യയ്ക്ക് 200 സീറ്റുകൾ വർദ്ധിക്കും. ദക്ഷിണേന്ത്യയ്ക്കാകട്ടെ, കേവലം 63-ഉം. തെരഞ്ഞെടുപ്പിനു ശേഷം ആരു സർക്കാരുണ്ടാക്കും എന്ന ചോദ്യം വരുമ്പോൾ സംഖ്യയ്ക്കു മാത്രമാണ് പ്രസക്തി – ശതമാനം വെറും വ്യാമോഹം മാത്രം. ഇപ്പോൾത്തന്നെ, ഇന്ത്യൻ ഫെഡറലിസം ലോലമായ വീചികളിലൂടെയാണ് കടന്നുപോകുന്നത്. സാമ്പത്തിക കാര്യങ്ങളിൽ ഉത്തരേന്ത്യയുടെ കോളനിയായി ദക്ഷിണേന്ത്യ മാറിക്കഴിഞ്ഞു. ബിജെപി രൂപപ്പെടുത്തുന്ന പുതിയ രാഷ്ട്രീയഭൂപടത്തിൽ ദക്ഷിണേന്ത്യയ്ക്ക് ഒരു സാമന്ത പ്രദേശത്തിന്റെ പദവി മാത്രമേ ലഭിക്കൂ.
Also read: നിതിൻ്റെ മരണം: ‘ഉത്തരവാദികളായവർക്കെതിരെ കർശന നടപടിയെടുക്കണം’; എ എൻ ഷംസീർ
ഉദാഹരണമായി, എൻഡിഎയിലെ ബിജെപിയുടെ പ്രധാന സഖ്യകക്ഷിയായ തെലുങ്കുദേശം പാർട്ടി (ടിഡിപി) യെ എടുക്കുക. ആന്ധ്രാപ്രദേശിന്റെ സീറ്റുകൾ ആനുപാതികമായി വർദ്ധിക്കും. ഇത് സംസ്ഥാനത്തിനുള്ളിൽ ടിഡിപിയുടെ വിഹിതം നിലനിർത്തും. എന്നാൽ, ദേശീയ രാഷ്ട്രീയത്തിൽ ടിഡിപിയുടെ സ്വാധീനം വളരെ വലിയ തോതിൽ കുറയും. നേരേമറിച്ച്, ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള വടക്കൻ ശക്തികേന്ദ്രങ്ങളിൽ നിന്നുള്ള സീറ്റുകളിൽ കിട്ടുന്ന ഗണ്യമായ വർദ്ധനവ് ബിജെപിക്ക് വലിയ ഗുണം ചെയ്യും. ഒരു ചെറിയ സഭയിൽ, ഏതാനും ഡസൻ അംഗങ്ങളുള്ള ഒരു കൂട്ടായ്മയ്ക്ക് വലിയ ഫലമുണ്ടാക്കാൻ കഴിയും; എന്നാൽ ഒരു വലിയ സഭയിൽ, ആ സ്വാധീനം അതേ പോലെ നിലനിർത്താൻ പ്രയാസമാണ്.
സംസ്ഥാനങ്ങളിൽ ആനുപാതിക വിഹിതം നേടാനാകുമെങ്കിലും, മിക്ക പ്രാദേശിക-ചെറു പാർട്ടികൾക്കും ഈ സ്വാധീനച്ചുരുക്കം നേരിടേണ്ടി വരും. രാഷ്ട്രീയം ആത്യന്തികമായി അധികാരത്തിന്റെ ഗണിതത്തെ ആശ്രയിച്ചാണിരിക്കുന്നത്, അനുപാതത്തിലെ നീതിയെ അല്ല. ഈ നിയമത്തിലൂടെ സംഭവിക്കാൻ പോകുന്ന സഭയുടെ വികാസം ഉത്തരേന്ത്യൻ പാർട്ടികളുടെ, പ്രത്യേകിച്ച് ബിജെപിയുടെ, മേല്ക്കോയ്മ സംരക്ഷിക്കുകയും ബലപ്പെടുത്തുകയും ചെയ്യും. പ്രാദേശികശബ്ദങ്ങളുടെ യഥാർത്ഥ സ്വാധീനത്തെ ഇല്ലാതാക്കുകയും ചെയ്യും.
ഇന്ത്യൻ രാഷ്ട്രീയത്തിലെ മേധാവിത്വശൈലികളെ പലപ്പോഴും തടയുന്ന ശക്തികളായി വർത്തിച്ചിരുന്നത് ഈ ചെറു കക്ഷികളും പ്രാദേശിക കക്ഷികളുമായിരുന്നു എന്ന് നമുക്കറിയാം. ഇതോടൊപ്പമാണ്, ഈ ലേഖനത്തിന്റെ തുടക്കത്തിൽ സൂചിപ്പിച്ച മണ്ഡല പുനർനിർണയത്തിൽ മോദി-ഷാ കൂട്ടുകെട്ട് നടപ്പിലാക്കാൻ പോകുന്ന ജെറിമാൻഡറിംഗ് കൂടി അധികച്ചേരുവയായി അപായനില വർദ്ധിപ്പിക്കുന്നത്.
ഭരണഘടനയുടെ 81-ാം അനുഛേദ പ്രകാരം ലോക് സഭയുടെ പരമാവധി അംഗസംഖ്യ 550 ആണ് . ഇത്തരമൊരു പരിധിനിശ്ചയിക്കാൻ ഭരണഘടനാശില്പികളെ പ്രേരിപ്പച്ച ഒരു കാര്യമുണ്ട്. നിയമ നിർമ്മാണം, നയരൂപീകരണം, ഗവണ്മെന്റിന്റെ ഉത്തരവാദിത്വം ഉറപ്പിക്കൽ എന്നിവയാണ് ഒരു പാർലമെന്റ് അംഗത്തിന്റെ അടിസ്ഥാന ഉത്തരവാദിത്വങ്ങൾ, മറിച്ച് മണ്ഡലങ്ങളിലെ പ്രാദേശിക പ്രശ്നങ്ങൾക്ക് പരിഹാരം കാണലല്ല എന്ന് ബി ആർ അംബേദ്കർ അടിവരയിട്ടു പറഞ്ഞിട്ടുണ്ട്. അതിനുള്ള സംവിധാനങ്ങൾ ജനാധിപത്യ വികേന്ദ്രീകരണത്തിലൂടെ സൃഷ്ടിക്കപ്പെടണമെന്നും അദ്ദേഹം സമർത്ഥിച്ചു. മണ്ഡലത്തിലെ ജനസംഖ്യ വർധിച്ചല്ലോ, അതുകൊണ്ട് അംഗങ്ങൾ കൂടേണ്ടതില്ലേ എന്ന കേവല യുക്തി ആത്യന്തികമായി നയിക്കുക പ്രവർത്തന ക്ഷമമല്ലാത്ത ഘടനയുള്ള സഭകളിലേക്കായിരിക്കും. വർധിക്കുന്ന ജനസംഖ്യയ്ക്കനുസരിച്ച് പാർലമെന്റ്-നിയമസഭാ സീറ്റുകൾ വർദ്ധിപ്പിച്ചു തുടങ്ങിയാൽ സമ്മേളനങ്ങൾ ചേരാൻ ഭാവിയിൽ സ്റ്റേഡിയങ്ങൾ തന്നെ വേണ്ടി വരും.
അധികാര ബലാബലത്തിനപ്പുറം, പാർലമെന്ററി സംവാദത്തിന്റെ ഗുണനിലവാരത്തെക്കുറിച്ചും ഈ നിർദ്ദേശം ഗുരുതരമായ ആശങ്കകൾ ഉയർത്തുന്നു. ഇന്ത്യയിലെ നിയമസഭകൾ ഇതിനകം തന്നെ വൻതോതിൽ ശക്തിക്ഷയം നേരിടുകയാണ്. ലോക്സഭ 1952–1970 കാലത്ത് വർഷത്തിൽ ശരാശരി 121 ദിവസം സമ്മേളിച്ചിരുന്നു. അത് ഏകദേശം 55–68 ദിവസമായി സമീപ ദശകങ്ങളിൽ കുറഞ്ഞു. പാർലമെന്റിന്റെ സംവാദശൈലിയുടെ നട്ടെല്ലായ പാർലമെന്ററി കമ്മിറ്റി സംവിധാനം ദുർബലപ്പെട്ടു – മുൻ ലോക്സഭകളിൽ 70% ബില്ലുകൾ പാർലമെന്ററി കമ്മിറ്റികൾക്ക് വിടുമായിരുന്നു. അത് ഇപ്പോൾ ഏകദേശം 18% മാത്രമാണ്. സംസ്ഥാന നിയമസഭകളുടെ അവസ്ഥ ഇതിലും മോശമാണ്. അവയിൽ മിക്കതിലും വർഷത്തിൽ 20–28 സിറ്റിംഗ് ദിവസങ്ങൾ മാത്രമേയുള്ളൂ.
ലോക് സഭയിൽ നൂറുകണക്കിന് അംഗങ്ങളെ കൂടുതലായി ചേർക്കുന്നത് ഈ പ്രശ്നങ്ങൾ കൂടുതൽ വഷളാക്കുകയേയുള്ളൂ. അത് സഭയെ കൂടുതൽ കലുഷിതമായ വേദിയായി മാറ്റും. അർത്ഥവത്തായ പങ്കാളിത്തത്തിനും ചർച്ചയ്ക്കും പരിമിതമായ സാധ്യതമാത്രമേ പിന്നീട് ഉണ്ടാകൂ. ഭൂരിപക്ഷമുള്ള, ആധിപത്യസ്വഭാവമുള്ള, എക്സിക്യൂട്ടീവിന്റെ നിഗൂഢമായ മുൻഗണനകളുമായി സൗകര്യപ്രദമായി യോജിക്കുന്ന ഒരവസ്ഥയാണിത്.
പ്രാതിനിധ്യ സ്വഭാവമുള്ളതും എന്നാൽ പ്രായോഗികവുമായ ഒരു പാർലമെന്റിനെയാണ് ഭരണഘടനാ ശില്പികൾ വിഭാവനം ചെയ്തത്. സഭയിലെ അംഗത്വ പരിധി ആർട്ടിക്കിൾ 81-ൽ മനഃപൂർവ്വം നിശ്ചയിച്ചതായിരുന്നു. പ്രാതിനിധ്യത്തെ കാര്യക്ഷമതയുമായി അതു തുലനപ്പെടുത്തി. ലോക് സഭയിലെ അംഗങ്ങളുടെ എണ്ണം 850-ലേക്ക് ഉയർത്തുന്നത് ഫലപ്രാപ്തിയേക്കാൾ കെട്ടുകാഴ്ചയ്ക്ക് മുൻഗണന നൽകുന്നു. ആത്മാർത്ഥതയുണ്ടെങ്കിൽ, നിലവിലെ അംഗസംഖ്യയുടെ മൂന്നിലൊന്ന് വനിതകൾക്കു നീക്കിവയ്ക്കുകയാണ് വേണ്ടത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ കാര്യത്തിൽ ഈ രീതി അവലംബിച്ചപ്പോൾ ആകാശമൊന്നും ഇടിഞ്ഞുവീണില്ലെന്നത് മോദി-ഷാ കൂട്ടുകെട്ടിന് അറിയാവുന്നതാണല്ലോ.
കേന്ദ്ര ഗവൺമെന്റിന്റെ ഉദ്ദേശ്യങ്ങൾ സംശയത്തിന് അതീതമായി ഉയർന്നുനിൽക്കണമെങ്കിൽ, പാർലമെന്ററി ജനാധിപത്യത്തിന്റെ കാതലായ ലക്ഷ്യങ്ങൾ പുനഃസ്ഥാപിക്കുന്നതിനുള്ള പ്രതിബദ്ധത അത് പ്രകടിപ്പിക്കണം. പാർലമെന്റിലെയും സംസ്ഥാന അസംബ്ലികളിലെയും സിറ്റിങ്ങുകളുടെ എണ്ണം നിയമനിർമ്മാണത്തിലൂടെ സംരക്ഷിക്കണം. വാർഷിക കലണ്ടർ മുൻകൂട്ടി പ്രഖ്യാപിക്കണം. യഥാർത്ഥ ദേശീയ അടിയന്തരാവശ്യങ്ങൾക്ക് മാത്രമേ ഇതിൽ വ്യതിയാനം അനുവദിക്കാവൂ.
Also read: പോസ്റ്റല്‍ ബാലറ്റ് പ്രതിസന്ധി; തെരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി ഹൈക്കോടതി
വനിതാ സംവരണം എന്ന പുകമറ സൃഷ്ടിച്ച് സമഗ്രാധിപത്യ രാഷ്ട്രീയത്തിന്റെ രഥയോട്ടമാണ് ബിജെപി ഇപ്പോൾ നടത്തുന്നത്. ഇന്ത്യൻ ഭരണഘടനയുടെ ഒന്നാമത്തെ അനുഛേദം തന്നെ ഫെഡറലിസത്തിൽ ഊന്നി നില്ക്കുന്നതാണ്: “ഇന്ത്യ സംസ്ഥാനങ്ങളുടെ ഒരു യൂണിയനാണ്.” ഇന്ത്യയുടെ ഐക്യം നിലനിർത്തണമെങ്കിൽ, മൂന്നു ഘടകങ്ങൾ അനിവാര്യമാണ് – ജനാധിപത്യം, മതനിരപേക്ഷത, ഫെഡറലിസം. ഈ മൂന്നു മൂല്യങ്ങൾക്കും പ്രഹരമേല്പിക്കുന്ന കുടിലതന്ത്രങ്ങൾക്കാണ് രാജ്യം ഇന്നു സാക്ഷ്യം വഹിക്കുന്നത്. ലോക രാഷ്ട്രീയത്തിൽ രക്തച്ചൊരിച്ചിലുകളുടെയും രാജ്യങ്ങളുടെ വിഭജനങ്ങളുടെയും നിദാനമായി പ്രവർത്തിച്ചത് പലപ്പോഴും ഇത്തരത്തിലുള്ള ഉഴുതുമറിക്കലാണ്. നമ്മുടെ അയൽപക്കത്തേയ്ക്കു നോക്കിയാൽപ്പോവും ഇതിനുള്ള ദൃഷ്ടാന്തങ്ങൾ കണ്ടെത്താം.
(ദേശാഭിമാനിയിൽ പ്രസിദ്ധീകരിച്ച ലേഖനം)

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

