
സാധാരണയായി ഉച്ചയോടെ അനുഭവപ്പെടുന്ന അതിശക്തമായ ചൂടുമായി ബന്ധപ്പെട്ട ഒരു ആരോഗ്യപ്രശ്നമായാണ് ഹീറ്റ് സ്ട്രോക്ക് എന്ന അവസ്ഥയെ കരുതപ്പെട്ടിരുന്നത്. എന്നാൽ ഇന്നത്തെ സാഹചര്യത്തിൽ ചൂട്ദീർഘകാലം തുടർച്ചയായി തുടരുമ്പോൾ ഹീറ്റ് സ്ട്രോക്ക് ഒരു അപകടാവസ്ഥയായി മാറിയിരിക്കുകയാണ്. 24 മണിക്കൂറും ശരീരത്തെ ബാധിക്കുന്ന ചൂട് ഇപ്പോൾ കടുത്ത ആശങ്കയായി മാറിയിരിക്കുകയാണ്.
ബംഗളൂരുവിലെ അപ്പോളോ സ്പെക്ട്രാ ആശുപത്രിയിലെ ഡോ. കവി കേസരി ഹീറ്റ് സ്ട്രോക്കുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആരോഗ്യലോകവുമായി പങ്കുവച്ചിരിക്കുകയാണ്. ശരീരം സാധാരണയായി വിയർക്കലിലൂടെ ചൂട് പുറത്താക്കിയാണ് താപസമതുലിതാവസ്ഥ നിലനിർത്തുന്നത്. എന്നാൽ നീണ്ടുനിൽക്കുന്ന ചൂട് എക്സ്പോഷറിൽ ഈ സംവിധാനം ദുർബലമാകുകയാണ്.
also read: വെരിക്കോസ് വെയിൻ നിസാരമല്ല; എന്തുകൊണ്ട് ഇത് വരുന്നു ?
ഇതോടെ ചൂട് ശരീരത്തിൽ ക്രമേണ അടിഞ്ഞുകൂടുകയും ഇതിന്റെ ഫലമായി ഉണ്ടാകുന്ന ലക്ഷണങ്ങൾ വൈകുന്നേരത്തിലോ രാത്രിയിലോ പ്രകടമാകുകയും ചെയ്യും. രാത്രിപോലും ശരീരം തണുക്കാത്ത അവസ്ഥയിലേക്ക് ഇത് എത്തിക്കും.ഇതോടെ ശരീരത്തിന്റെ കോർ ടെമ്പറേച്ചർ ഉയർന്ന നിലയിൽ തുടരുകയും ഹൃദയമിടിപ്പിന്റെ നിരക്ക് കൂടുകയും ചെയ്യുമെന്നാണ് ഡോക്ടർ പറയുന്നത്. ഇതിന്റെ ഫലമായി അടുത്ത ദിവസം കടുത്ത ക്ഷീണം അനുഭവപ്പെടുകയും ചെയ്യും. കെട്ടിടങ്ങൾ, റോഡുകൾ, കുറഞ്ഞ പച്ചപ്പ്—ഇവയൊക്കെയാണ് നഗരങ്ങളിൽ ചൂട് അടിഞ്ഞുകൂടാൻ കാരണമാകുന്നത്. സൂര്യപ്രകാശം ഇല്ലാത്ത സമയത്തും ചൂട് നിലനിൽക്കാൻ ഇത് കാരണമാകുകയാണ്.
ജീവനുവരെ ഭീഷണിയാകും
അപ്പോളോ ആശുപത്രിയിലെ ഡോ. പ്രതീപ് എം വി പറയുന്നതിനനുസരിച്ച് ഹീറ്റ് സ്ട്രോക്ക് ജീവനുവരെ ഭീഷണിയാകുമെന്നാണ്.40 ഡിഗ്രി സെൽഷ്യസിനു മുകളിലുള്ള ശരീര താപനില തുടർന്നാൽ ഭ്രമം (delirium), കോമ തുടങ്ങിയ അവസ്ഥ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.ഇത് ശരീരത്തിലെ പല അവയവങ്ങളെയും ബാധിക്കുന്ന ഗുരുതരമായ ഇൻഫ്ലമേറ്ററി പ്രതികരണമായി മാറിയേക്കാമെന്നും അദ്ദേഹം പറയുന്നു.
ചികിത്സ വൈകിയാൽ ജീവനുവരെ ഭീഷണി ഉണ്ടായേക്കാം.
ഹീറ്റ് സ്ട്രോക്കിൽ നിന്ന് രക്ഷനേടാനുള്ള എളുപ്പമാർഗമെന്നത് ശരീര് എപ്പോഴും തണുപ്പിക്കുകയെന്നതാണ്.10 മിനിറ്റിൽ 1°C വീതം ശരീര താപനില കുറയ്ക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കുക. ഇത് വൈകിയാൽ ദീർഘകാല ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാം.മതിയായ വെള്ളം കുടിക്കുക, ഇലക്ട്രോലൈറ്റ് ബാലൻസ് നിലനിർത്തുക, തണുപ്പുള്ള ഇടങ്ങളിൽ വിശ്രമിക്കുക, നല്ല വായുസഞ്ചാരം ഉറപ്പാക്കുക, ഇടയ്ക്കിടെ വിശ്രമം എടുക്കുക തുടങ്ങിയ കാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക. തലവേദന, ക്ഷീണം, അമിത വിയർപ്പ്, തലചുറ്റൽ—ഇവയെല്ലാം ഹീറ്റ് സ്‌ട്രോക്കിന്റെ തുടക്ക സൂചനകളാകാമെന്നും വിദഗ്ദർ പറയുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

