
കേരളത്തിൽ പാമ്പ് കടിയേറ്റ് നാല് ജീവനുകളാണ് പൊലിഞ്ഞിരിക്കുന്നത്. ചൂട് കൂടിയ സാഹചര്യത്തിൽ പാമ്പുകൾ പുറത്തിറങ്ങുന്നതും മറ്റുമാണ് പാമ്പുകടി കൂടാനുള്ള കാരണമായിരിക്കുന്നത്. കൃത്യമായ ജാഗ്രത ഈ സാഹചര്യങ്ങളിൽ പുലർത്തേണ്ടതുണ്ട്. പാമ്പ് കടിയേറ്റാൽ കൃത്യമായ പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും തേടണം. ഇതിന് പുറമെ പാമ്പ് കടിയേൽക്കാതിരിക്കാനുള്ള മുൻകരുതലുകളും സ്വീകരിക്കേണ്ടുന്നതുണ്ട്. എന്തൊക്കെ ശ്രദ്ധിക്കണമെന്ന് നോക്കാം.
പാമ്പ് കടിയേറ്റാൽ യാതൊരു കാരണവശാലും പേടിക്കരുത്. പേടിക്കുന്നത് ഹൃദയമിടിപ്പ് വർധിക്കാനും അത് ബ്ലഡ് സർക്കുലേഷൻ വേഗത്തിലാകുന്നതിനും ഇടയാക്കും. ഇത് പാമ്പിന്റെ വിഷം കൂടുതൽ വേഗത്തിൽ ശരീരത്തിൽ വ്യാപിക്കുകയും റിസ്ക് കൂട്ടുകയും ചെയ്യും. അനാവശ്യ ചലനം ഒഴിവാക്കുകയും കടിയേറ്റ ഭാഗം അനക്കാതിരിക്കുകയും വേണം. പ്രത്യേകിച്ചും കടിയേറ്റ വ്യക്തിയെ ഓടാനോ നടക്കാനോ അനുവദിക്കാതെ എടുത്തോ, സ്ട്രച്ചറിൽ കിടത്തിയോ ആശുപത്രിയിൽ എത്തിക്കുക, മുറിവ് ഒരിക്കലും അമിതമായി മുറുക്കിക്കെട്ടരുത്. മറ്റൊരു കാര്യം ആശുപത്രിയിലേക്ക് വ്യക്തിയെ കൊണ്ട് പോകുമ്പോൾ കടിച്ച പാമ്പിനെ പിടിച്ചോ, കൊന്നോ കൊണ്ടുപോകേണ്ട ആവശ്യമില്ല. അതിന് നേരം പാഴാക്കരുത്.
Also read: സംസ്ഥാനത്ത് പാമ്പുകടിയേറ്റ് ഒരു മരണം കൂടി; മരിച്ചത് കായംകുളം സ്വദേശി
പാമ്പ് കടിയേൽക്കാതിരിക്കാൻ എന്തൊക്കെ ശ്രദ്ധിക്കണം
- വീടിനുള്ളിൽ പാമ്പ് കയറാനുള്ള സാധ്യത കുറയ്ക്കാൻ വാതിലുകളും ജനലുകളും അടച്ചിടുക; വിടവുകൾ അടയ്ക്കുക.
- വീടിന് പുറത്ത് കിടന്ന് ഉറങ്ങാതിരിക്കുക
- നിലത്ത് കിടന്ന് ഉറങ്ങുന്നത് ഒഴിവാക്കി കിടക്കകൾ ഉപയോഗിക്കുക.
- കൊതുക് വല ഉപയോഗിക്കുന്നത് അധിക സംരക്ഷണം നൽകും
- വീടിനും പരിസരത്തിനും ചുറ്റുമുള്ള മാലിന്യങ്ങൾ നീക്കം ചെയ്യുക
- വീടിനോട് ചേർന്ന് വിറക്, തൊണ്ട്, ചിരട്ട, തുണികൾ തുടങ്ങിയവയൊന്നും കൂട്ടി വയ്ക്കരുത്
- പുല്ലും കുറ്റിച്ചെടികളും വെട്ടി വൃത്തിയായി സൂക്ഷിക്കുക
- വീടിനോട് സമീപത്തുള്ള മാളങ്ങളെല്ലാം അടയ്ക്കുക
- രാത്രിയിൽ വീടിനുള്ളിലും പുറത്തും മതിയായ വെളിച്ചം ഉറപ്പാക്കുക
- സന്ധ്യ സമയത്തും രാത്രി സമയങ്ങളിലും പുറത്തേക്ക് പോകുമ്പോൾ ടോർച്ച് ഉപയോഗിക്കുക
- കരിയിലകളിലൂടെയും കുറ്റിച്ചെടികളിലൂടെയും നടക്കാൻ ശ്രമിക്കരുത്
- കാൽപാദം സംരക്ഷിക്കുന്ന ചെരുപ്പുകൾ ധരിക്കുക
- ഉറങ്ങുന്നതിന് മുമ്പ് കിടക്കയും പുതപ്പും സുരക്ഷിതമാണെന്ന് ഉറപ്പാക്കുക
- കിടക്കുന്ന സ്ഥലം ശുചിയായി, സുരക്ഷിതമായി സൂക്ഷിക്കുക
- ചെരുപ്പ്, വസ്ത്രങ്ങൾ, ബാഗ്, ഹെൽമറ്റ്, വാഹനങ്ങൾ എന്നിവ ഉപയോഗിക്കുന്നതിന് മുമ്പ് പരിശോധിക്കുക
- പാമ്പിനെ കണ്ടാൽ അതിനെ പിടിക്കാൻ ശ്രമിക്കാതെ ബന്ധപ്പെട്ട അധികാരികളെ അറിയിക്കുക. ഏറ്റവും അടുത്തുള്ള സ്‌നേക്ക് റെസ്‌ക്യുവേഴ്‌സിനെ ലഭിക്കാൻ വനം വകുപ്പിന്റെ സർപ്പ ആപ്പ് സഹായിക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

