
ഇന്‍റർപോൾ തിരയുന്ന അന്താരാഷ്ട്ര കുറ്റവാളിയും ക്രിപ്റ്റോ കിങ്പിനുമായ ലിത്വാനിയൻ സ്വദേശി വർക്കല പോലീസ് പിടിയിലായി. അമേരിക്കയിലെ കള്ളപ്പണ കേസിൽ പ്രതിയായ ലിത്വാനിയ സ്വദേശി ബെഷ്യോകോവ് അലക്സെസ് (46) ആണ് ഇക്കഴിഞ്ഞ ദിവസം പിടിയിലായത്. കുരയ്ക്കണ്ണിയിലെ ഒരു ഹോംസ്റ്റേയിൽ ഭാര്യയും മക്കൾക്കും ഒപ്പം ആയിരുന്നു താമസം. ഭാര്യയും മക്കളെയും വിദേശത്തേക്ക് കടത്തിയതിനു ശേഷം പതിനൊന്നാം തീയതി വൈകുന്നേരം പ്രതി റഷ്യയിലേക്ക് മടങ്ങാനൊരുങ്ങുന്നതിന് പിന്നാലെയാണ് വർക്കല പോലീസിന്റെ പിടിയിലാവുന്നത്.
ലിത്വാനിയൻ പൗരനായ ഇയാളുടെ ഓപ്പറേഷൻ കേന്ദ്രം റഷ്യയിലായിരുന്നു. 2022-ൽ യുഎസ് സർക്കാറിന്‍റെ അനുമതിയോടെ ആരംഭിച്ച ക്രിപ്‌റ്റോകറൻസി എക്‌സ്‌ചേഞ്ചായ ഗാരന്‍റക്‌സിന്‍റെ സഹസ്ഥാപകനുമാണ്. രാജ്യാന്തര ക്രിമിനൽ, സൈബർ ക്രിമിനൽ സംഘടനകൾക്ക് കോടിക്കണക്കിന് ഡോളർ കള്ളപ്പണം വെളുപ്പിക്കുന്നതിന് ബെസിയോക്കോവ് സൗകര്യമൊരുക്കിയതിനെ തുടർന്ന് മാർച്ച് 7 ന് യുഎസ് നീതിന്യായ വകുപ്പ് ഇയാൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. ബെസിയോക്കോവ് നിലവിൽ യുഎസ് സീക്രട്ട് സർവീസിന്റെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലും ഉൾപ്പെട്ടിട്ടുണ്ട്.
റാൻസംവെയർ, കമ്പ്യൂട്ടർ ഹാക്കിംഗ്, മയക്കുമരുന്ന് ഇടപാടുകൾ എന്നിവയിൽ നിന്നുള്ള ക്രിമിനൽ സംഘടനകളുടെ വരുമാനം വെളുപ്പിക്കുന്നതിലൂടെ ബെസിയോക്കോവ് കോടികൾ നേടിയതായി സിബിഐ പ്രസ്താവനയിൽ പറയുന്നു. 2021 നും 2024 നും ഇടയിൽ, ബ്ലാക്ക് ബാസ്റ്റ, പ്ലേ, കോണ്ടി റാൻസംവെയർ ഗ്രൂപ്പുകളിൽ നിന്നുള്ള വരുമാനം ഉൾപ്പെടെ ദശലക്ഷക്കണക്കിന് യുഎസ് ഡോളർ റാൻസംവെയർ വരുമാനത്തിൽ ഗാരന്റക്സ് വെളുപ്പിച്ചിട്ടുണ്ട്. 2019 ഏപ്രിൽ മുതൽ ഈ എക്സ്ചേഞ്ച് കുറഞ്ഞത് 96 ബില്യൺ (83 ലക്ഷം കോടി) ഡോളറിന്റെ ക്രിപ്‌റ്റോകറൻസി ഇടപാടുകൾ നടത്തിയിട്ടുണ്ടെന്ന് യുഎസ് നീതിന്യായ വകുപ്പ് കഴിഞ്ഞ ആഴ്ച റിപ്പോർട്ട് പുറത്തു വിട്ടിരുന്നു.
കഴിഞ്ഞയാഴ്ച, യുഎസ്, ജർമ്മനി, ഫിൻലാൻഡ് സുരക്ഷാ ഏജൻസികളുടെ സംയുക്ത ഓപ്പറേഷനിൽ ഗാരന്റക്സിന്റെ ഡൊമെയ്‌നുകളും സെർവറുകളും പിടിച്ചെടുക്കുകയും എക്‌സ്‌ചേഞ്ചുമായി ബന്ധിപ്പിച്ചിരിക്കുന്ന ഏകദേശം 28 മില്യൺ ഡോളറിന്റെ ക്രിപ്‌റ്റോകറൻസി മരവിപ്പിക്കുകയും ചെയ്തിരുന്നു. ഉത്തരകൊറിയയുടെ ഹാക്കിംഗ് സ്ക്വാഡായ ലാസർ ഗ്രൂപ്പ് ഉൾപ്പെടെയുള്ള കുറ്റവാളികൾക്ക് വേണ്ടി ഗാരന്റക്സ് പണം വെളുപ്പിച്ചതായി റിപ്പോർട്ടുണ്ട്.
ഇയാൾക്കെതിരെ ഡൽഹി പാട്യാല കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. പ്രതിയെ ആറ്റിങ്ങൽ സബ്ജിയിലേക്ക് മാറ്റിയിട്ടുണ്ട്. ശേഷം ഡൽഹിയിലെ പാട്യാല കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശാനുസരണം വർക്കല ഡിവൈഎസ്പി ഗോപകുമാറിന്‍റെ നേതൃത്വത്തിൽ വർക്കല എസ്എച്ചഒ ധിപിനും ബീച്ച് പോലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here