
വർഷങ്ങൾക്ക് മുമ്പ് നടന്ന ഒരു കാര്യം. ബീഹാറിലെ അധികം വികസനമെത്തിയിട്ടില്ലാത്ത സമസ്തിപുരി ജില്ലയിലെ ഉൾനാടൻ ഗ്രാമമായ താജ്പുരിലെ സഞ്ജീവ് സൂര്യവംശി എന്ന കർഷകൻ. കൃഷിയായിരുന്നു അയാളുടെയും കുടുംബത്തിന്‍റെയും ജീവിതമാർഗം. പകലന്തിയോളം കൃഷിയിടങ്ങളിൽ വിയർപ്പൊഴുക്കിയ സഞ്ജീവിന് നല്ല വരുമാനവും കൃഷിയിൽനിന്ന് ലഭിച്ചിരുന്നു. എന്നാൽ ഒരു സുപ്രഭാതത്തിൽ, തന്‍റെ കൃഷിയിടങ്ങളിൽ നല്ലൊരു പങ്ക്, സഞ്ജീവ് സമീപ ഗ്രാമത്തിലുള്ള ഒരു കർഷകന് വിറ്റു. ഗ്രാമവാസികളും സുഹൃത്തുക്കളും ബന്ധുക്കളുമൊക്കെ, സഞ്ജീവ് കാണിച്ചത് ആനമണ്ടത്തരമെന്ന് പറഞ്ഞു. എന്നാൽ അവരോടെല്ലാം, സഞ്ജീവിന് പറയാൻ ഒരു കാരണമുണ്ടായിരുന്നു. മകൻ വൈഭവ് സൂര്യവംശിയെ ഒരു ക്രിക്കറ്റ് കളിക്കാരനാക്കണം. തനിക്ക് സാധിക്കാതെ പോയ സ്വപ്നം മകനിലൂടെ സാക്ഷാത്കരിക്കണമെന്ന ആഗ്രഹമായിരുന്നു ആ പിതാവിന്‍റേത്. അതിനുവേണ്ടിയാണ് കൃഷിയിടം വിറ്റത്. മകനെ ലോകം അറിയുന്നൊരു ക്രിക്കറ്ററാക്കാൻ നല്ല ചെലവ് വരുമെന്ന് ആ കർഷകന് അറിയാമായിരുന്നു. ശേഷം സംഭവിച്ചത് ചരിത്രം…
2025 ഏപ്രിൽ 28, ജയ്പുരിലെ മാൻസിങ് സ്റ്റേഡിയത്തിൽ രാജസ്ഥാൻ റോയൽസും ഗുജറാത്ത് ടൈറ്റൻസും തമ്മിലുള്ള ഐപിഎൽ മത്സരം. ഈ സീസണിൽ നിരാശപടർത്തുന്ന പ്രകടനങ്ങളുമായി പിന്നിലായിപ്പോയ രാജസ്ഥാന് ഇനിയുള്ള മത്സരങ്ങളെല്ലാം ജീവൻമരണ പോരാട്ടമാണ്. എന്നാൽ ആദ്യം ബാറ്റുചെയ്ത ഗുജറാത്ത് ശുഭ്മാൻ ഗില്ലിന്‍റെയും ജോസ് ബട്ട്ലറുടെയും മികവിൽ 209 റൺസ് നേടിയപ്പോൾ രാജസ്ഥാൻ ക്യാംപിൽ ആശങ്ക പടർന്നു. പക്ഷേ ലോക ക്രിക്കറ്റിനെ ത്രസിപ്പിക്കാൻപോന്ന ഒരു പതിന്നാലുകാരന്‍റെ അതുല്യ പ്രകടനം അക്ഷരാർഥത്തിൽ മത്സരഗതിയാകെ മാറ്റിമറിക്കുകയായിരുന്നു.
അതെ, നമ്മൾ ആദ്യം പറഞ്ഞ ആ കർഷകന്‍റെ മകൻ- വൈഭവ് സൂര്യവംശി, പതിനാലാമത്തെ വയസിൽ ക്രിക്കറ്റ് ലോകത്ത് അത്ഭുതം സൃഷ്ടിച്ച പ്രതിഭയായി മാറി. അന്ന് കൃഷിയിടം വിറ്റ സഞ്ജീവ് സൂര്യവംശി എന്ന കർഷകന്‍റെ മനംനിറഞ്ഞു. വെറും 38 പന്തിൽ 101 റൺസ് അടിച്ചുകൂട്ടിയ വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ട് ബാറ്റിങ് മികവിൽ രാജസ്ഥാൻ കരുത്തരായ ഗുജറാത്തിനെ അനായാസം മറികടന്നു.
Also Read- ഈ പയ്യനായി നടന്നത് വാശിയേറിയ ലേലംവിളി; ഒടുവില്‍ സഞ്ജുവിന്റെ സംഘത്തില്‍
ഐപിഎൽ തുടങ്ങുന്നതിന് മുമ്പ് സഞ്ജു സാംസൺ വൈഭവ് സൂര്യവംശിയെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്രകാരമാണ്, ‘വെറും 13 വയസ് മാത്രമുള്ള വൈഭവ് സൂര്യവംശിയുടെ തകർപ്പനടികൾ കാണാൻ തയ്യാറാകുക. പരിശീലനത്തിനിടെ അവൻ മൈതാനത്തിന് പുറത്തേക്ക് സിക്സറുകൾ പായിക്കുന്നത് കാണേണ്ട കാഴ്ചയാണ്. വലിയ ആത്മവിശ്വാസത്തിലാണ് അവൻ. ഒരു ചേട്ടനെ പോലെ അവന് എല്ലാ പിന്തുണയും നൽകും”.
ഏതായാലും സഞ്ജുവിന്‍റെ വാക്കുകൾ വെറുതെയായില്ല. ചരിത്രംകുറിച്ച ഇന്നിംഗ്സുമായി വൈഭവ് കളംനിറഞ്ഞു. ശരിക്കുപറഞ്ഞാൽ ജയ്പുരിൽ ഒരു സൂര്യൻ ഉദിച്ചുയരുകയായിരുന്നു. 11 സിക്സറുകളും 7 ഫോറും ഉൾപ്പെടുന്നതായിരുന്നു വൈഭവിന്‍റെ വെടിക്കെട്ട് ഇന്നിംഗ്സ്. അതിനൊപ്പം ഒരുപിടി റെക്കോർഡുകളും അവൻ നേടി. ഐപിഎല്ലിലെ വേഗതയേറിയ രണ്ടാമത്തെ സെഞ്ച്വറി എന്ന നേട്ടവും. ട്വന്റി ട്വന്റിയിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടവും വൈഭവ് തന്റെ പേരിൽ കുറിച്ചു. 35 പന്തിലാണ് വൈഭവ് തന്റെ സെഞ്ച്വറി നേട്ടം പൂർത്തിയാക്കിയത്. 2011 മാർച്ച് 27ന് ജനിച്ച വൈഭവ്, 2008-ല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ആരംഭിച്ചതിന് ശേഷമാണ് ജനിച്ചത്. ടൂര്‍ണമെന്റ് ആരംഭിച്ചതിന് ശേഷം ജനിച്ച് ഐപിഎല്ലില്‍ കളിക്കുന്ന ആദ്യ താരമെന്ന നേട്ടവും വൈഭവ് സ്വന്തമാക്കിയിരുന്നു.

ആറാമത്തെ വയസ്സിൽ ടെന്നീസ് ബോളിൽ കളിക്കാൻ തുടങ്ങിയ വൈഭവ് എട്ടാം വയസ്സിൽ സമസ്തിപൂരിലെ പ്രാദേശിക ക്രിക്കറ്റ് അക്കാദമിയിൽ ചേർന്നു. പത്ത് വയസ് ആയപ്പോഴേക്കും അണ്ടർ 14 ടൂർണമെന്‍റുകളിൽ തുടർച്ചയായി സെഞ്ച്വറി നേടി. വൈഭവിന്‍റെ മികച്ച ടൈമിങ്ങും, കൈയും കണ്ണുകളും തമ്മിലുള്ള ഏകോപനത്തിലെ മികവുമാണ് അന്നത്തെ പരിശീലകൻ അരുൺകുമാറിന്‍റെ ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ വൈഭവിന്‍റെ അച്ഛനെ വിളിച്ചുവരുത്തി, അത്യാധുനിക പരിശീലനം നൽകുന്നതിനുവേണ്ടി പാട്ന ക്രിക്കറ്റ് അക്കാദമിയിൽ ചേർക്കണമെന്ന് നിർദേശിച്ചു. എന്നാൽ വലിയ ചെലവേറിയ കാര്യമായിരുന്നു അത്. ഇതോടെയാണ് ജീവിതമാർഗമായിരുന്ന കൃഷിയിടം വിൽക്കാൻ സഞ്ജീവ് തയ്യാറായത്.
കൃഷിയിടം വിറ്റ കാശുമായി സഞ്ജീവ് മകനെയുകൊണ്ട് പാട്നയിലേക്ക് വണ്ടികയറി. അവിടെ പാട്ന ക്രിക്കറ്റ് അക്കാദമിയിൽ മകനെ ചേർത്തു. മനീഷ് ഓജ എന്ന പരിശീലകന് കീഴിലാണ് മകനെ ചേർത്തത്. ദിവസം നൂറ് ഓവറിലേറെ വൈഭവ് ബാറ്റുചെയ്തിരുന്നു. കഠിനമായ പരിശീലനം. തുടക്കത്തിലെ അക്കാദമിയിലെ ബോളർമാർരെയാണ് വൈഭവ് നേരിട്ടിരുന്നതെങ്കിൽ, പിന്നീട് ബോളിങ് മെഷീൻ ഉപയോഗിച്ചായി പരിശീലനം. വ്യത്യസ്ത വേഗതയിലും സ്വിങിലും, ടേണിലും വരുന്ന പന്തുകളെ തുടർച്ചയായി നേരിട്ടു. 150 കിലോമീറ്ററിലേറെ വേഗമുള്ള പന്തുകൾ അനായാസമാണ് വൈഭവ് നേരിട്ടത്. അവൻ ഒരു അന്താരാഷ്ട്ര ക്രിക്കറ്ററായി മാറുമെന്ന് അന്ന് തന്നെ, മനീഷ് ഓജ വിലയിരുത്തി.
ഒരു അന്തർ സംസ്ഥാന അണ്ടർ 19 ടൂർണമെന്‍റിൽ ട്രിപ്പിൾ സെഞ്ച്വറി നേടിയ വൈഭവ് സൂര്യവംശി എന്ന 14കാരൻ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചു. പിന്നാലെ ഏഷ്യാകപ്പ് അണ്ടർ 19 ഇന്ത്യയുടെ ഓപ്പണറായി റൺസുകൾ വാരിക്കൂട്ടി. ഇതോടെയാണ് ഐപിഎൽ താരലേലത്തിൽ, രജിസ്റ്റർ ചെയ്യാൻ വൈഭവിന് സാധിച്ചത്. 1.1 കോടി രൂപയ്ക്ക് വൈഭവിനെ രാജസ്ഥാൻ സ്വന്തമാക്കുകയും ചെയ്തു. ആദ്യ മത്സരങ്ങളിൽ അവസരം ലഭിച്ചില്ലെങ്കിലും, കിട്ടിയ അവസരങ്ങൾ നന്നായി പ്രയോജപ്പെടുത്താൻ വൈഭവിന് കഴിഞ്ഞു. ഇന്ത്യൻ ക്രിക്കറ്റ് ആരാധകരുടെ കണ്ണുകൾ ഇനിയുള്ള നാളുകളിൽ വിരാട് കോഹ്ലിയെയും സഞ്ജു സാംസണെയും റോൾ മോഡലായി കാണുന്ന ഈ പതിനാലുകാരനിലായിരിക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു. കാത്തിരിക്കാം, കൂടുതൽ മാസ്മരികമായ ഇന്നിംഗ്സുകൾക്കായി.
News Summary- who is Vaibhav Suryavanshi? Know the life story of Indian Premier League cricket Rajasthan royals 14 years old player

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

