
ഐപിഎല്‍ ക്രിക്കറ്റില്‍ രണ്ട് മത്സരങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ റണ്‍വേട്ടക്കാരുടെ പോരാട്ടവും മുറുകുന്നു. ഓറഞ്ച് ക്യാപ് പട്ടികയില്‍ മുംബൈ ഇന്ത്യന്‍സിന്റെ സൂര്യകുമാര്‍ യാദവും റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ സൂപ്പര്‍ താരം വിരാട് കോഹ്ലിയും തമ്മിലാണ് ഇനിയുള്ള മത്സരം. റണ്‍വേട്ടയില്‍ ഏറ്റവും മുന്നില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ സായ് സുദര്‍ശനാണെങ്കിലും ടൈറ്റന്‍സ് പുറത്തായതോടെയാണ് സ്‌കൈയും കിങും തമ്മിലുള്ള പോരാട്ടം മുറുകിയത്.
മുംബൈ ഇന്ത്യന്‍സിനോട് തോറ്റു മടങ്ങിയെങ്കിലും ഓറഞ്ച് ക്യാപ് ഇപ്പോഴും ഗുജറാത്ത് ടൈറ്റന്‍സിന്റെ സായ് സുദര്‍ശന്റെ കൈവശമാണുള്ളത്. സ്ഥിരതയാര്‍ന്ന ബാറ്റിങുമായി 759 റണ്‍സാണ് സുദര്‍ശന്റെ സമ്പാദ്യം. ഒരു സെഞ്ച്വറിയും ആറ് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടെയാണിത്. ഗുജറാത്ത് പുറത്തായതോടെ സുദര്‍ശന്‍ പാതിവഴിയില്‍ വീണു കഴിഞ്ഞു.
ALSO READ: ‘വലിയ വില കൊടുക്കേണ്ടി വരും’: പുകവലിക്കും മദ്യത്തിനുമെതിരെ പരസ്യ ചിത്രവുമായി അട്ടപ്പാടിയിലെ കാരറ ഗവ. യു പി സ്കൂൾ
673 റണ്‍സുമായി രണ്ടാം സ്ഥാനത്തുള്ളത് സൂര്യകുമാര്‍ യാദവാണ്. സുദര്‍ശനേക്കാള്‍ 87 റണ്‍സ് പിന്നില്‍. ഇന്ന് മുംബൈ ഇന്ത്യന്‍സിന്റെ മത്സരത്തില്‍ സൂര്യ മാജിക് പിറന്നാല്‍ റണ്‍ വേട്ടയില്‍ സ്‌കൈ മുന്നിലെത്തും. മൂന്നാമനായ ശുഭ്മന്‍ ഗില്ലിന്റെ അവസരവും തീര്‍ന്നു. 650 റണ്‍സാണ് ഗില്‍ നേടിയത്.
നാലാം സ്ഥാനത്ത് ലഖ്‌നൗ സൂപ്പര്‍ ജെയിന്റ്‌സിന്റെ മിച്ചല്‍ മാര്‍ഷാണ്. ഫൈനലിലേക്ക് ചേക്കേറിയ ആര്‍സിബിയുടെ വിരാട് കോഹ്‌ലി റണ്‍വേട്ടക്കാരുടെ പട്ടികയില്‍ അഞ്ചാമതുണ്ട്. 614 റണ്‍സാണ് കോഹ്‌ലിയുടെ സമ്പാദ്യം. ഓറഞ്ച് ക്യാപ് സ്വന്തമാക്കാന്‍ കോഹ്‌ലിക്ക് 146 റണ്‍സ് കൂടി വേണം. ക്രീസിലിറങ്ങുന്നത് വിരാട് കോഹ്ലി ആയതിനാല്‍ ഒരു പക്ഷേ ഈ നേട്ടവും മറി കടക്കും. അവശേഷിക്കുന്ന മത്സരങ്ങളില്‍ സ്‌കൈയും കിങും തിളങ്ങുമോ, അതോ ഓറഞ്ച് തൊപ്പി വിടാതെസായി സുദര്‍ശന്‍ ടൂര്‍ണമെന്റിന്റെ തിളക്കമാകുമോയെന്നറിയാന്‍ രണ്ട് മത്സരം മാത്രം ബാക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

