
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മതരാഷ്ട്രവാദികളായ ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയ ഘടകമായ വെൽഫെയർ പാർട്ടിയുമായി കോൺഗ്രസ് ഉണ്ടാക്കിയ സഖ്യമാണ് ഇപ്പോൾ ചർച്ച വിഷയം. ജമാ അത്തെ ഇസ്ലാമി വർഗീയ പാർട്ടി അല്ല എന്ന നിലപാടായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശനടക്കം എടുത്തത്. ജമാഅത്തെ ഇസ്ലാമി ബന്ധം ദൃഢമാക്കാൻ വെൽഫയർ പാർട്ടിക്ക് നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകാനുമാണ് ഇപ്പോൾ കോണ്ഗ്രസും യുഡിഎഫും ശ്രമിക്കുന്നത്.
എന്നാൽ ഇതേ കോൺഗ്രസിനെ വെട്ടിലാക്കുന്നതാണ് മുൻപ് ജമാഅത്തെ ഇസ്ലാമിയോട് കോൺഗ്രസ്സ് എടുത്ത നിലപാടുകൾ. കോൺഗ്രസിന്റെ ഈ ഇരട്ടത്താപ്പിനെതിരെ തെളിവ് സഹിതം പൊളിച്ചടുക്കുകയാണ് സോഷ്യൽ മീഡിയ . ജമാഅത്തെ ഇസ്ലാമി മതരാഷ്ട്രവാദികളല്ലെങ്കിൽ പിന്നെ എന്തിനാണ് കോൺഗ്രസ് രണ്ടുവട്ടം ജമാഅത്തെ ഇസ്ലാമിയെ നിരോധിച്ചത് എന്നാണ് സോഷ്യൽ മീഡിയയിൽ ആളുകൾ ചോദിക്കുന്നത്. UDF ഭരണകാലത്ത് ജമാഅത്തെ ഇസ്ലാമിയുടെ പുസ്തകങ്ങൾ കണ്ടുകെട്ടിയതും ഇതേ കോൺഗ്രസ്സ് ആയിരുന്നു എന്നും ചരിത്രം പരിശോധിച്ചാൽ വ്യക്തമാകും.
അതോടൊപ്പം ഉമ്മൻചാണ്ടി സർക്കാരിൻ്റെ കാലത്ത് ജമാഅത്തെ ഇസ്ലാമിക്കെതിരെ സത്യവാങ്ങ്മൂലം നൽകിയതും കോൺഗ്രസ്സിന് ഇപ്പോൾ വിനയാകുകയാണ്. ജമാഅത്തെ ഇസ്ലാമിയുടെ ഭരണഘടന ഇന്ത്യൻ ഭരണഘടനയെ അവഗണിക്കുന്നുവെന്ന് പറഞ്ഞായിരുന്നു അന്ന് സത്യവാങ്ങ്മൂലം സമർപ്പിച്ചത്. ജമാഅത്തെ ഇസ്ലാമിക്കെതിരെ അന്വേഷണം വേണമെന്ന ഹർജിയിലായിരുന്നു യുഡിഎഫ് സർക്കാർ ഹൈക്കോടതിയിൽ നിലപാട് വ്യക്തമാക്കിയത്. അന്ന് ഉമ്മൻചാണ്ടി മുഖ്യമന്ത്രിയും ചെന്നിത്തല ആഭ്യന്തര മന്ത്രിയുമായിരുന്നു. വി.ഡി സതീശൻ ആണെങ്കിൽ അന്ന് ഭരണകക്ഷി എം എൽ എയും.
ALSO READ: ഇതെന്തൊരു സിന്‍ഡ്രോം; ഹലാക്കിൻ്റെ അവിലുംകഞ്ഞിയാകുന്ന ജമാഅത്ത്- ആര്യാടന്‍ ബന്ധം
നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായ ആര്യാടന്‍ ഷൗക്കത്ത് നേരത്തെ പലവട്ടം ജമാഅത്തെ ഇസ്ലാമിയെ രൂക്ഷമായി വിമര്‍ശിച്ച നേതാവായിരുന്നു. ഇസ്ലാമിക് സ്റ്റേറ്റ് അടക്കമുള്ള തീവ്രവാദ സംഘടനകള്‍ ജമാഅത്തെ ഇസ്ലാമിയുടെ ആശയങ്ങളാണ് പിന്തുടരുന്നതെന്ന് ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞിരുന്നു.
കേവലം തെരഞ്ഞെടുപ്പ് നേട്ടത്തിന് വേണ്ടി വർഗീയവാദികളെ വെള്ളപൂശുന്ന യുഡിഎഫിനെ തങ്ങളുടെ നിലപാടുകൾ തന്നെ തിരിഞ്ഞുകൊത്തുകയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here