
സിബിന സണ്ണി
രാജ്യവ്യാപകമായി 24 മണിക്കൂർ നീളുന്ന പണിമുടക്ക് നടത്തിവരികയാണ് തൊഴിലാളികൾ. കടുത്ത തൊഴിലാളി വിരുദ്ധ നയങ്ങളുമായി കേന്ദ്രസർക്കാർ മുന്നോട്ടുപോകുന്നതോടെയാണ് തൊഴിലാളികൾ പണിമുടക്കുമായി രംഗത്തിറങ്ങിയത്. എന്തിനാണ് ഇന്നത്തെ പണിമുടക്ക് എന്ന് ചോദിക്കുന്നവരുണ്ട്. പണിമുടക്ക് ദിവസം ജോലി ചെയ്യാൻ താത്പര്യം കൂടുന്നവരുണ്ട്. ഫാക്ടറി ആക്ട്, ലേബർ കോഡ് എന്നിങ്ങനെ തൊഴിലാളി വിരുദ്ധ നയങ്ങളുമായി മുന്നോട്ടുപോകുകയാണ് കേന്ദ്രസർക്കാർ. പണിമുടക്കിനോട് മുഖം ചുളിക്കുന്നവർ അറിയാൻവേണ്ടി, ഇന്നത്തെ പണിമുടക്ക് എന്തിനാണെന്ന് പറയാം.
ഫാക്ടറി ആക്ടിലെ മാറ്റം
1946ലെ ഫാക്‌ടറീസ് ആക്‌ട് അനുസരിച്ച് വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിക്കുന്ന, 10 തൊഴിലാളികൾ ജോലി ചെയ്യുന്ന ഒരു സ്ഥാപനത്തെ ഫാക്ടറി എന്ന് നിർവചിക്കുന്നുണ്ട്. വൈദ്യുതി ഇല്ലാത്ത സ്ഥാപനമാണെങ്കിൽ അത് തൊഴിലാളികളുടെ എണ്ണം 20 വരെ. പുതിയ നിയമം അനുസരിച്ച് അത് യഥാക്രമം 20, 40 ആയി ഉയർത്തിയിരിക്കുന്നു. ഇതിനർഥം 20, 40 തൊഴിലാളികൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങൾ ഫാക്‌ടറി ആക്‌ടിൽ പെടില്ല എന്നതാണ്.
ലേബർ കോഡും അടച്ചുപൂട്ടൽ ഭീഷണിയും
പുതിയ ലേബർ കോഡ് അനുസരിച്ച് 300ൽ താഴെ തൊഴിലാളികളുള്ള ഒരു സ്ഥാപനം അടച്ചുപൂട്ടുന്നതിന് സർക്കാർ അനുമതി തേടേണ്ട ആവശ്യമില്ല. നേരത്തേ, നൂറിലധികം ജീവനക്കാരുള്ള കമ്പനികൾ അടച്ചുപൂട്ടാൻ സർക്കാർ അനുമതി ആവശ്യമായിരുന്നു (Chapter IX&x). 60 ദിവസങ്ങൾക്കകം സർക്കാർ അനുമതി നൽകുന്നത് സംബന്ധിച്ച കാര്യങ്ങളിൽ പ്രതികരിച്ചില്ലെങ്കിൽ അനുമതി നൽകപ്പെട്ടതായി കരുതാൻ നിയമം വിശദീകരിച്ചിരുന്നു (Chapter IX, Clause 78).
തൊഴിൽ തർക്കങ്ങൾ അപരിഹാര്യമാകുന്നു
തൊഴിൽ തർക്കങ്ങൾ പരിഹരിക്കുന്നതിൽ മുമ്പ് വിവിധ ഫോറങ്ങളെ ആശ്രയിക്കാമെന്ന അവകാശം എടുത്തുകളയുകയും conciliation officer, tribunal എന്നീ രണ്ട് ഫോറങ്ങൾ മാത്രമാക്കി ചുരുക്കുകയും ചെയ്‌തു (Chapter VII).
സ്റ്റാൻഡിങ് ഓർഡറുകൾ
300 തൊഴിലാളികൾ വരെ ജോലി ചെയ്യുന്ന കമ്പനികൾക്ക് അതിന്റെ തൊഴിലാളികൾക്ക് സ്റ്റാൻഡിംഗ് ഓർഡറുകൾ ആവശ്യമില്ല. (വ്യാവസായിക സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ പെരുമാറ്റച്ചട്ടങ്ങളാണ് സ്റ്റാൻഡിംഗ് ഓർഡറുകൾ.) (Clause 28)
തുല്യ ജോലിക്ക് തുല്യ വേതനം എന്ന അവകാശത്തെ അട്ടിമറിക്കുന്നു
തൊഴിലുടമകൾക്ക് അവരുടെ ആവശ്യത്തിനനുസരിച്ച് തൊഴിലാളികളെ ഹയർ ആന്റ് ഫയർ ചെയ്യാനുള്ള അവകാശം പുതിയ നിയമം ഉറപ്പാക്കുന്നു.
ട്രേഡ് യൂണിയൻ പ്രവർത്തനങ്ങൾക്ക് തടയിടാൻ സ്ഥാപനത്തിലെ 51% ശതമാനം തൊഴിലാളികളുടെ പിന്തുണ ഉറപ്പുവരുത്തുന്ന തൊഴിലാളി സംഘടനകൾക്ക് മാത്രമേ അവരുടെ ഏജൻസി ഏറ്റെടുക്കാനുള്ള അധികാരം ഉണ്ടായിരിക്കുകയുള്ളൂ എന്ന് നിയമം അനുശാസിക്കുന്നു (Chapter III, Section 14).
തൊഴിൽ സമരത്തെ ഇല്ലാതാക്കുന്നതിന് കൂട്ട കാഷ്വൽ അവധി എടുക്കുന്നതിൽ നിന്നും തൊഴിലാളികളെ വിലക്കുന്നു.
തൊഴിൽ സമരം ആരംഭിക്കുന്നതിന് 14 ദിവസത്തിന് മുമ്പ് ഉടമയ്ക്ക് നോട്ടീസ് നൽകണമെന്ന് എല്ലാ സ്ഥാപനങ്ങളിലും നിർബന്ധമാക്കി. നേരത്തേ റെയിൽവെ, പോസ്റ്റൽ, ഗതാഗതം, ടെലികമ്യൂണിക്കേഷൻ നോട്ടിഫൈ ചെയ്‌ത മേഖലകൾ എന്നിവിടങ്ങളിൽ മാത്രമേ മുൻകൂർ നോട്ടീസിന്റെ ആവശ്യം ഉണ്ടായിരുന്നുള്ളൂ (Sections 62&63).
തൊഴിലിടങ്ങളിൽ സംഭവിക്കുന്ന അപകടങ്ങൾക്ക് മേൽ തൊഴിലാളികൾക്ക് നഷ്ടപരിഹാരം നൽകുന്നതിൽ നിന്നും തൊഴിലുടമകളെ രക്ഷിക്കുന്നു.
തൊഴിൽ സമയം 12 മണിക്കൂർ വരെയാക്കി ഉയർത്തി.
തൊഴിലുടമകളുടെ ആവശ്യത്തിനനുസരിച്ച് കരാർ തൊഴിലാളികളെ നിയമിക്കുവാനുള്ള അവകാശം.
പഴയ കാല ലേബർ ഇൻസ്പെക്ടർമാരുടെ തസ്തിക ‘ഇൻസ്പെക്‌ടർ കം ഫെസിലിറ്റേറ്റർ’ എന്നാക്കി മാറ്റി (Chapter VII).
1961ലെ അപ്രൻ്റീസ് ആക്‌ട് പ്രകാരം അപ്രന്റീസ് കാലാവധി ഒരു വർഷമായി നിശ്ചയിച്ചിരുന്നത് തിരുത്തി. ഇനിമുതൽ തൊഴിലുടമയ്ക്ക് എത്രകാലം വേണമെങ്കിലും ഒരു വ്യക്തിയെ അപ്രന്റീസായി തൊഴിലെടുപ്പിക്കാം (Chapter VII).
പുതിയ നിയമത്തിൽ പുതുതായ ചില തൊഴിലാളി വിഭാഗങ്ങളെക്കൂടി ഉൾപ്പെടുത്തിയിരിക്കുന്നുണ്ട്. ‘ഗിഗ് വർക്കേഴ്സ്’, (Section 2(35) 2(60) ‘അൺഓർഗനൈസ്‌ഡ് വർക്കേഴ്സ്’ (Section 2(86)) എന്നിവരാണിവർ. തൊഴിലാളി ക്ഷേമപദ്ധതികളിൽ ഇവരെക്കൂടി ഉൾപ്പെടുത്തിയിരിക്കുന്നു എന്നത് പ്രത്യക്ഷത്തിൽ ഗുണകരമായി തോന്നാമെങ്കിലും മേൽപ്പറഞ്ഞ തൊഴിൽ വിഭാഗങ്ങളുടെ എണ്ണം കൂടുമെന്നതിന്റെ സൂചനയാണത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


