
ഇന്ത്യയ്ക്ക് അഭിമാനമായി മാറിയ നമ്മുടെ ടീം ട്വന്റി20 ലോകകപ്പിൽ കപ്പടിച്ചതിന്റെ ആവേശം ഇപ്പോഴും ആരിൽ നിന്നും വിട്ടുപോയിട്ടില്ല. തുടർച്ചയായ രണ്ടാം തവണയാണ് നമ്മുടെ പയ്യന്മാർ ആ കപ്പ് ഈ മണ്ണിലേക്ക് കൊണ്ടുവരുന്നത്. മലയാളികൾക്ക് ഇരട്ടി സന്തോഷമെന്നോണം മലയാളി താരം സഞ്ജു സാംസണാണ് പ്ലെയർ ഓഫ് ദ ടൂർണമെന്റായത്. മാത്രമല്ല ന്യൂസീലൻഡിനെ എറിഞ്ഞിട്ട ജസ്പ്രീത് ബുമ്ര പ്ലെയർ ഓഫ് ദ് മാച്ചുമായി മാറിയിരുന്നു. സീസണിലെ തുടർച്ചയായി മൂന്ന് അമത്സരങ്ങളിൽ ഗംഭീര പെർഫോമൻസ് നടത്തിയതോടെ ആണ് സഞ്ജു പ്ലെയർ ഓഫ് ദ ടൂർണമെന്റായി മാറിയത്. ഫൈനൽ മത്സരത്തിൽ 15 റൺസ് മാത്രം വിട്ടുകൊടുത്ത് നാലു വിക്കറ്റെടുത്തത്തോടെ ബുമ്ര പ്ലെയർ ഓഫ് ദ മാച്ച് ആയും മാറി. പക്ഷെ രണ്ടു പേർക്കും പുരസ്‌കാരങ്ങൾ സമ്മാനിച്ച വേളയിൽ പതിവായി കൈമാറാറുള്ള ആ വലിയ ചെക്ക് ഇത്തവണ നൽകിയില്ല. അതിനു കാരണമുണ്ട്.
ഐപിഎൽ പോലെ വ്യക്തിഗത പുരസ്കാരങ്ങൾക്ക് പണം സമ്മാനമായി നൽകുന്ന ഫ്രാഞ്ചൈസി മോഡൽ ഐസിസി പിന്തുടരുന്നില്ല. പകരം ടോട്ടൽ പ്രൈസ് പൂൾ എന്ന സംവിധാനമാണ് ഇവിടെ പിന്തുടരുന്നത്. ടൂർണമെന്റുകളിലോ മത്സരങ്ങളിലോ വിജയികൾക്കായി നീക്കിവെച്ചിരിക്കുന്ന ആകെ സമ്മാനത്തുകയെന്നാണ് “ടോട്ടൽ പ്രൈസ് പൂൾ” എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ടൂർണമെന്റിൽ പങ്കെടുത്ത രാജ്യങ്ങളുടെ റാങ്കിങ് അനുസരിച്ച് ആയിരിക്കും ഐസിസി വലിയൊരു തുക സമ്മാനമായി നൽകുക. ക്രിക്കറ്റ് ഒരു ടീം ഗെയിം ആണല്ലോ. അതുകൊണ്ടു തന്നെ വ്യക്തിഗതമായി പണം നൽകുന്നത് ഒഴിവാക്കുന്നതിലൂടെ, ദശലക്ഷക്കണക്കിന് ഡോളർ വരുന്ന സാമ്പത്തിക പ്രതിഫലം അതത് രാജ്യങ്ങളിലെ ബോർഡുകൾക്ക് (ഉദാഹരണത്തിന് ബിസിസിഐ) നേരിട്ട് ലഭിക്കുന്നെന്ന് ഐസിസി ഉറപ്പാക്കുന്നു. ഇങ്ങനെ നൽകുന്ന പണം ടീമിലുള്ള എല്ലാ കളിക്കാർക്കും കോച്ചിങ് സ്റ്റാഫിനും മറ്റു സപ്പോർട്ട് സ്റ്റാഫുകൾക്കും വിഭജിച്ചു നൽകേണ്ട ഉത്തരവാദിത്തം ആ ബോർഡിനാണ്.
ഐപിഎൽ പോലുള്ള ഫ്രാഞ്ചൈസി ലീഗുകളിലോ ദ്വിരാഷ്ട്ര പരമ്പരകളിലോ വ്യക്തിപരമായി നൽകുന്ന തുക പലതും ബ്രാൻഡുകൾ സ്പോൺസർ ചെയ്യുന്നവയാണ്. പരസ്യം നൽകുന്നവരാണ് ട്രോഫിയും സ്പോൺസർ ചെയ്യന്നത് എങ്കിലും ലോക ചാംപ്യൻഷിപ്പിന്റെ അന്തസ്സ് കാത്തുസൂക്ഷിക്കുന്നതിനാണ് വ്യക്തിഗത പ്രകടനങ്ങൾക്ക് ണം നൽകുന്നത് ഐസിസി ഒഴിവാക്കുന്നത്. ട്വന്റി20 ലോകകപ്പ് സ്വന്തമാക്കുന്ന ടീമിന് സമ്മാനത്തുകയായി 3 മില്യൻ ഡോളർ (ഏകദേശം 27.48 കോടി രൂപ) ആയിരിക്കും ലഭിക്കുക. രണ്ടാം സ്ഥാനത്ത് എത്തിയ ന്യൂസീലൻഡിന് 1.6 മില്യൻ ഡോളർ (14.65 കോടി രൂപ) ലഭിക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

